ന്യൂഡല്‍ഹി: അപകടനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ മിഗ് 21 സൂപര്‍ സോനിക് യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി വ്യോമസേന. ഇന്‍ഡ്യന്‍ വ്യോമസേനയുടെ പക്കല്‍ അവശേഷിക്കുന്ന സിംഗിള്‍ എന്‍ജിന്റെ നാല് സ്‌ക്വാര്‍ഡനും പിന്‍വലിക്കാനാണ് വ്യോമസേനയുടെ തീരുമാനം.
ഈ സെപ്റ്റംബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കും. ബാക്കി മൂന്നെണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. 2025ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും.
കഴിഞ്ഞ ദിവസം രാജസ്താനിലെ ബാര്‍മറില്‍ മിഗ്-21 വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടം. അപകടത്തിന്റെ കാരണം വ്യോമസേന അന്വേഷിച്ചുവരികയാണ്. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലല്ല അവശേഷിക്കുന്ന മിഗ് വിമാനങ്ങള്‍ ഉപേക്ഷിക്കുന്നതെന്നും മിഗ്-21 വിമാനങ്ങള്‍ക്ക് പകരം പുതിയ യുദ്ധവിമാനങ്ങള്‍ സ്ഥാപിക്കാനുള്ള നേരത്തെയുള്ള വ്യോമസേനാ പദ്ധതിയുടെ ഭാഗമാണിതെന്നും അധികൃതര്‍ പറയുന്നു.
1969 ലാണ് മിഗ് 21 സൂപര്‍ സോനിക് വിമാനങ്ങള്‍ ഇന്‍ഡ്യന്‍ വ്യോമസേനയുടെ ഭാഗമായത്. 1960കള്‍ മുതല്‍ 872 മിഗ് 21 വിമാനങ്ങളില്‍ 400ലധികം എണ്ണം അപകടങ്ങളില്‍പ്പെട്ട് നശിച്ചു. മിഗ് 21 വിമാനങ്ങളുടെ അപകടങ്ങളില്‍ 200ലധികം പൈലറ്റുമാരും 50 ഓളം യാത്രക്കാരുമാണ് ഇതുവരെ മരിച്ചത്.