ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിസിനെത്തിയ ഒന്‍പത് ശ്രീലങ്കന്‍ താരങ്ങളെയും ഒരു പരിശീലകനെയും ഗെയിംസ് വില്ലേജില്‍ നിന്ന് കാണാതായി.
ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധി കാരണം രാജ്യത്തേക്ക് തിരിച്ച് മടങ്ങിപോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ഗെയിംസ് വിലേജില്‍ നിന്നും ഒളിച്ചുകടന്നതെന്നാണ് സംശയിക്കുന്നത്.
ജൂഡോ താരം ചമില ദിലാനി, മാനേജര്‍ അസേല ഡിസില്‍വ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെയാണ് ആദ്യം കാണാതാകുന്നത്, ഇതിനുപിന്നാലെയാണ് മറ്റ് ഏഴു ശ്രീലങ്കന്‍ താരങ്ങളെകൂടി കാണാതാകുന്നത്. ഒരു തൊഴില്‍ കണ്ടെത്തി യു കെയില്‍ തന്നെ തുടരാനാണ് ഇവരുടെ ശ്രമമെന്ന് ഒരു ശ്രീലങ്കന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
കാണാതായവരില്‍ ചമില ദിലാനി, അസേല ഡിസില്‍വ, ഷാനിത് ചതുരംഗ എന്നിവരെ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരുടെ പേരില്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് യു കെ പൊലീസ് വ്യക്തമാക്കി. ആറു മാസത്തെ വിസാ കാലാവധിയിലാണ് ഇവര്‍ ഗെയിംസിന് എത്തിയത്. അതിനാല്‍ തന്നെ ഇവര്‍ നിയമലംഘനം നിലവില്‍ നടത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് ശ്രീലങ്കയിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി കായികതാരങ്ങളുടെയെല്ലാം പാസ്പോര്‍ട്ട് ശ്രീലങ്കന്‍ അധികൃതര്‍ നേരത്തെ തന്നെ വാങ്ങിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഇവര്‍ ഗെയിംസ് വിലേജില്‍ നിന്ന് പുറത്തുചാടിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നോര്‍വെയിലെ ഓസ്ലോയിലേക്ക് ഗുസ്തി ചാംപ്യന്‍ഷിപ്പിനായി പോയ ലങ്കന്‍ പരിശീലകനെ കാണാതായിരുന്നു. 2014ലെ ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനെത്തിയ രണ്ട് ശ്രീലങ്കന്‍ അത്ലറ്റുകളെയും കാണാതായിരുന്നു. 2004ല്‍ ജര്‍മനിയില്‍ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിനെത്തിയ 23 അംഗ ശ്രീലങ്കന്‍ ടീമും തിരിച്ചുപോയിരുന്നില്ല.