അനില്‍ ആറന്മുള
ഷുഗര്‍ലാന്‍ഡ്: ടെക്‌സാസിലെ ഏറ്റവും വലിയ കൗണ്ടികളില്‍ ഒന്നായ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി മൂന്നാം നമ്പര്‍ കോര്‍ട്ട് ജഡ്ജി ബഹു. ജൂലി മാത്യു രണ്ടാം ഊഴത്തിനായി കച്ചമുറുക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ ഏറെയുള്ള ഫോട്‌ബെന്‍ഡ് കൗണ്ടിയില്‍ ഇത്തവണ അനായാസം കടന്നു കയറാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ 30 ന് റിച്ച്മന്‍ഡിലെ സഫാരി റാഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കിക്കോഫ് ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും ഗംഭീര വിജയമായി. ഒരു പക്ഷെ ജൂലി പോലും പ്രതീക്ഷിക്കാത്ത ഒരു ജനകൂട്ടം ആണ് കാണാനായത്.
പാസ്റ്റര്‍ റവ. ഡേവിഡ് സിന്‍സിയരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ബഹു. ജഡ്ജ് ക്രിസ്ത്യന്‍ ബസെറ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. 2022 ല്‍ നടക്കാന്‍ പോകുന്ന ഇലക്ഷനെ കുറിച്ചും അതില്‍ ജഡ്ജ് ജൂലി മാത്യു തിരഞ്ഞെടുക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബഹു. ജഡ്ജി ടോണി വാലസ് വിശദമായി സംസാരിച്ചു. സ്‌റ്റേറ്റ് റെപ്രെസെന്ററ്റീവ് ബഹു. ജീന്‍ വു ജഡ്ജ് ജൂലിയെ പരിചയപ്പെടുത്തി. തുടര്‍ന്ന് സംസാരിച്ച ബഹു.
ജഡ്ജ് ജൂലി തന്റെ അനുഭവങ്ങള്‍ നിറഞ്ഞ കോടതി ജീവിതം സദസ്സിനുമുന്നില്‍ വരച്ചുകാട്ടി. ഒരിക്കലും വിമര്‍ശനത്തെ ഭയക്കാതെ സധൈര്യം മുന്നോട്ടുപോകുമെന്നും എന്നാല്‍ വിമര്‍ശനത്തില്‍ കഴമ്പുണ്ടെകില്‍ ഒരു മടിയും കൂടാതെ തിരുത്തുമെന്നും നിറഞ്ഞ കരഘോഷത്തിനിടെ ജൂലി പറഞ്ഞു.
ഒരു ഏഷ്യന്‍ വംശജ ആയതുകൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളും കയ്‌പ്പേറിയ അനുഭവങ്ങളും ജൂലി മാത്യു ഓര്‍ത്തെടുത്തു. ഏതു രാജ്യത്തായാലും സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനയെ കുറിച്ച് പരാതി പറഞ്ഞിരിക്കാതെ അതവസാനിപ്പിക്കാന്‍ സ്ത്രീകള്‍ സധൈര്യം മുന്നോട്ടു വരണമെന്ന് അവര്‍ പറഞ്ഞു.
എല്ലാ തിരക്കിനിടയിലും ഒരു സാധുവിന്റെ കണ്ണീരൊപ്പാന്‍ ജീവിത പ്രശ്‌നങ്ങളില്‍ നീറുന്ന ഒരാത്മാവിനു സാന്ത്വനമേകാന്‍ ജൂലി ശ്രമിക്കുന്നു എന്നത് ഇവരെ ഹ്യൂസ്റ്റനിലെ മുഴുവന്‍ ജനങ്ങളുടെയും പ്രിയങ്കരിയാക്കുന്നു. തികഞ്ഞ ഡെമോക്രാറ്റ് ആയ ജൂലി എല്ലാ രാഷ്ട്രീയത്തിലും പെട്ട ഇന്ത്യക്കാര്‍ക്ക് കുടുംബാംഗമാണ്.
ഹോളിക്ക് ഇന്ത്യന്‍ യുവതയോടൊപ്പം നിറങ്ങളില്‍ ആറാടാനും ദീപാവലിക്ക് ക്ഷേത്രാങ്കണത്തില്‍ വിലക്ക് തെളിയിക്കുവാനും ഈദിനു മസ്ജിദിലെത്തി നോമ്പ് മുറിക്കാനും ജൂലിയുണ്ട് എന്നത് തന്റെ ഇന്ത്യന്‍ പാരമ്പര്യം എത്രത്തോളം ജൂലി ആസ്വദിക്കുന്നു എന്നതിന്റെ പച്ചയായ ദൃഷ്ടാന്തമാണ്.
പത്തുവയസ്സുള്ളപ്പോള്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ എത്തിയ ജൂലി സ്വപ്രയത്‌നം കൊണ്ട് വെട്ടിപ്പിടിച്ച ഉയരങ്ങളിലാണ് എത്തിനില്‍ക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശി തോമസ് ഡാനിയേലിന്റെയും സൂസമ്മ തോമസിന്റെയും മകള്‍ക്കു ചെറുപ്പത്തില്‍ പിതാവിന്റെ അമ്മച്ചിയുടെ കൈക്കുപിടിച് മാരാമണ്‍ കണ്‍വെന്‍ഷനുപോയ ഓര്‍മകളും സജീവമാണ്.
തിരക്കിട്ട ജീവിതത്തില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും കുടുംബത്തെ ജൂലി ചേര്‍ത്തുപിടിക്കുന്നു എന്നത് അവരുടെ മാത്രം പ്രത്യേകതയാണ്. ബിസിനസ് കാരനായ ഭര്‍ത്താവ് ജിമ്മിയും മൂന്നു മക്കളും മറ്റു കുടുംബാംഗങ്ങളും നിറഞ്ഞ പിന്തുണയോടെ ജൂലിയുടെ കിക്കോഫ് മീറ്റിങ്ങില്‍ സജീവമായിരുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പിച്ചവെക്കുന്ന ഇന്ത്യക്കാര്‍ക്ക് ജൂലിയുടെ വിജയം അനിവാര്യമാണ്. അതിനു രാഷ്ട്രീയത്തിന്റെ വകഭേദങ്ങളില്ലാതെ മലയാളികള്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു
നമ്മുടെ വളരുന്ന തലമുറയുടെ ഉന്നതിക്കായി.