Wednesday, January 15, 2025

HomeAmericaപരിശുദ്ധ കാതോലിക്കാ ബാവാ സമൂഹത്തിന്റെ വെളിച്ചം: ഫിലിപ്പോസ് ഫിലിപ്പ്

പരിശുദ്ധ കാതോലിക്കാ ബാവാ സമൂഹത്തിന്റെ വെളിച്ചം: ഫിലിപ്പോസ് ഫിലിപ്പ്

spot_img
spot_img

ന്യൂയോർക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ വേദനയുടെ നിമിഷങ്ങളില്‍ക്കൂടി കടന്നു പോകുന്ന ഈ അവസരത്തില്‍ വിശ്വാസികളായ ലക്ഷക്കണക്കിന് മലങ്കര മക്കളുടെ കണ്ണീരിനൊപ്പം തന്റെയും അശ്രുകണങ്ങള്‍ പരിശുദ്ധ പിതാവിന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുൻ മാനേജിങ്ങ് കമ്മിറ്റി അംഗവും ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഫിലിപ്പോസ് ഫിലിപ്പ്.

മലങ്കര സഭയ്ക്ക് പുത്തന്‍ ഉണര്‍വ്വും ആവേശവും പകര്‍ന്ന് പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വീതീയന്‍ ബാവായുടെ ഈ ലോകത്തില്‍ നിന്നുള്ള വേര്‍പാട് സഭയിലും സമൂഹത്തിലും സൃഷ്ടിച്ചിരിക്കുന്ന ശൂന്യത നികത്താനാവുന്നതല്ലെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി പരിശുദ്ധ പിതാവുമായി അടുത്തിടപഴകുന്നതിനും സംവദിക്കുന്നതിനും ലഭിച്ച അവസരങ്ങള്‍ അമൂല്യ നിമിഷങ്ങളായി താൻ കാണുന്നതായും ഫിലിപ്പോസ് ഫിലിപ്പ് തന്റെ അനുസ്മരണ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

2002ല്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായി മലങ്കര അസോസിയേഷന്‍ യോഗത്തില്‍ സംബന്ധിക്കുന്നതിന് പരുമലയില്‍ പോയ അവസരത്തിലാണ് പരിശുദ്ധ പിതാവുമായി കൂടുതല്‍ പരിചയപ്പെടാന്‍ സാധിച്ചത്.

അവിടെ ഒരു മരത്തിന്റെ തണലില്‍ യോഗത്തില്‍ സംബന്ധിക്കാന്‍ വരുന്ന വൈദികരേയും അത്മായരേയും ആശ്ലേഷിക്കുകയും കുശലം പറയുകയും ചെയ്യുന്ന സുസ്മേരവദനവും ചുറുചുറുക്കുമുള്ള ഒരു മെത്രാപ്പൊലീത്തയെയാണ് കാണാന്‍ സാധിച്ചത്. പിന്നീട് അദ്ദേഹം പരിശുദ്ധ സഭയുടെ നിയുക്ത കാതോലിക്കാ ബാവയായത് ഒരു ചരിത്ര നിയോഗം മാത്രം. – ഫിലിപ്പോസ് പറഞ്ഞു.

പരിശുദ്ധ മലങ്കര സഭയുടെ മാനേജിംഗ് കമ്മിറ്റിയില്‍ 2002 മുതല്‍ 2012 വരെയുള്ള കാലയളവില്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീമോസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ മൂന്നു കാതോലിക്കരുടെ കീഴില്‍ സഭയുടെ മാനേജിംഗ് കമ്മിറ്റിയില്‍ അമേരിക്കയില്‍ നിന്നുള്ള അംഗമായി സംബന്ധിക്കുവാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഇക്കാലയളവിൽ തനിക്കു സമ്മാനിച്ച ഓർമ്മകൾ പുതുക്കുമ്പോൾ ഏറ്റവും കലുഷിതമായ അന്തരീക്ഷത്തിലാണ് 2010ല്‍ പരിശുദ്ധ പൗലോസ് ദ്വീതിയന്‍ ബാവ സ്ഥാനമേല്‍ക്കുന്നത്.

കേസുകളുടെ തുടര്‍ച്ചയായി മലങ്കര മക്കളുടെ മനസ്സില്‍ കടന്നുകൂടിയ പ്രതിസന്ധികളെ ഒരു പടയാളിയെപ്പോലെ മുന്നില്‍ നിന്ന് നയിച്ച് സഭയ്ക്ക് വ്യക്തമായ ദിശാബോധവും ഉണര്‍വ്വും നല്‍കാന്‍ പരിശുദ്ധ പിതാവിന് കഴിഞ്ഞു. അദ്ദേഹത്തിന് സഭയെപ്പറ്റിയുള്ള ദീര്‍ഘവീക്ഷണവും പാവപ്പെട്ടവരോടുള്ള കരുതലും ജീവിതത്തില്‍ ഉടനീളം ദര്‍ശിക്കാന്‍ നമുക്ക് സാധിക്കും.

ഔന്നത്യത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും എളിയ ജീവിതം നയിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടു.സ്വന്തം ജീവനെക്കാളും സഭയുടെ അസ്ഥിത്വത്തിനും സ്വയം ശീര്‍കത്വത്തിനും പ്രാധാന്യം നല്‍കി സഭയ്ക്ക് വേണ്ടി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഈ സഭാ നൗകയെ തീരത്തടുപ്പിച്ച പുണ്യാത്മാവിന് ഒരിക്കല്‍ക്കൂടി എന്റെ അന്തിമോപചാരങ്ങള്‍.

നിയുക്ത കാതോലിക്കയായി ഒരു പ്രാവശ്യവും കാതോലിക്കയായി രണ്ട് പ്രാവശ്യവും അദ്ദേഹം റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചിട്ടുണ്ട്. ഇടവകയിലെ ഓരോ ആളുകളോടും കുശലം പറയുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്നത് പരിശുദ്ധ പിതാവിന്റെ പതിവായിരുന്നു.

അമേരിക്കന്‍ ഭദ്രാസനത്തിന്റെ അസൂയവാഹകമായ വളര്‍ച്ചയില്‍ പരിശുദ്ധ പിതാവ് വളരെ സന്തുഷ്ടനും പല വേദികളിലും അമേരിക്കന്‍ ഭദ്രാസനത്തിന്റെ കെട്ടുറപ്പിനേയും വളര്‍ച്ചയേയും പറ്റി പലരോടും തിരുമേനി പ്രതിപാദിക്കാറുമുണ്ടായിരുന്നു.

പരിശുദ്ധ പിതാവ് വ്യക്തിപരമായി എന്നോട് വളരെയധികം വാത്സല്യം കാണിച്ചിരുന്നു. എന്റെ പ്രീയപ്പെട്ട മാതാവിന്റെ വേര്‍പാടിന്റെ സമയത്ത് ആശ്വസിപ്പിക്കുകയും എന്റെ ഭവനത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തത് ഞാന്‍ ഏറെ കൃതജ്ഞതയോടെ സ്മരിക്കുകയാണ്. സഭ മാനേജിങ്ങ് കമ്മിറ്റി യോഗങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാന്‍ അവസരങ്ങള്‍ തരികയും അത് സശ്രദ്ധം ശ്രവിച്ച് പരിഹാരം കാണുന്നതിന് താല്‍പര്യം കാണിക്കുകയും ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മ അനശ്വരമായി നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.

കാപട്യം അല്‍പം പോലും ഏശിയിട്ടില്ലാത്ത പരിശുദ്ധ പിതാവിന്റെ നാമം സ്വര്‍ഗ്ഗത്തില്‍ വാഴ്ത്തപ്പെട്ടതായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേവകലോകത്തെ പവിത്രമായ സിംഹാസനത്തിലിരുന്നുകൊണ്ട് ബാവാ തിരുമനസ് ചൊരിഞ്ഞ വിനയാന്വതമായ സ്നേഹത്തിന്റയും കരുണയുടെയും പ്രഭാവലയം അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്നിടത്തോളം കാലം പ്രകാശിതമായിക്കൊണ്ടിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments