തമിഴകത്തെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ചിയാന്‍ വിക്രം. തമിഴ് സിനിമാ താരങ്ങള്‍ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് മലയാളത്തില്‍ നിന്ന് ലഭിക്കുന്നത്. അതില്‍ നിന്ന് ഒരുപടി മുകളിലാണ് പ്രേക്ഷക മനസ്സില്‍ വിക്രമിന്റെ സ്ഥാനം. ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങി മലയാളത്തില്‍ ഒരുപിടി നല്ല സിനിമകളും വിക്രത്തിന്റേതായി ഉണ്ട്.
തെന്നിന്ത്യയൊട്ടാകെ വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ഒക്കെ ആരാധകരുടെ വലിയ ഒരു കൂട്ടം തന്നെ കാണാം. പലപ്പോഴും ആരാധകരെ ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള ആളാണ് വിക്രം. വിക്രത്തിന്റെ അത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ, ആരാധക കൂട്ടമോ ആരാധകരുടെ അതിരുകടന്ന സ്നേഹപ്രകടനങ്ങളോ ആവേശമോ തന്നെ ഒരിക്കലും അസ്വസ്ഥ പെടുത്തിയിട്ടില്ലെന്ന് പറയുകയാണ് വിക്രം.
ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ പ്രമോഷന്റെ ഭാഗമായി ട്രിച്ചിയിലെ ഒരു കോളേജില്‍ എത്തിയതായിരുന്നു വിക്രം. താരത്തെ കാണാനായി നിരവധി പേര് കോളേജില്‍ തടിച്ചുകൂടിയിരുന്നു. അതിനിടെ, ഫോട്ടോയും ഓട്ടോഗ്രാഫും ആവശ്യപ്പെട്ട് തന്നെ അസ്വസ്ഥനാക്കുന്ന ആരാധകരെ എങ്ങനെയാണ് നേരിടുന്നത് എന്ന് ഒരു ആരാധകന് ചോദിച്ചപ്പോഴാണ് അസ്വസ്ഥനാക്കുന്ന ഒന്നും ഉണ്ടായിട്ടില്ല, അങ്ങനെ ഒരിക്കലും അസ്വസ്ഥനാകില്ല എന്ന് വിക്രം പറഞ്ഞത്.
‘ഇപ്പോള്‍ പോലും പുറത്ത് വലിയ തിരക്കായിരുന്നു, ഈ കോളേജിലെ അച്ചന് എന്നോട് ബുദ്ധിമുട്ടയോ എന്ന് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് ഒരിക്കലുമില്ല എന്ന് പറഞ്ഞു. ഇതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരാധകരുടെ ഈ സ്നേഹമെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഞാന്‍ കരുതുന്നു. ഇത് എല്ലാവര്ക്കും സംഭവിക്കുന്ന ഒന്നല്ല. ഇതിനേക്കാള്‍ വലുതായി ഒന്നുമില്ല.’
‘ഇത് ഞാനിവിടെ മാത്രം പറയുന്നതല്ല. ആരാധകര്‍ ദൈവത്തെപ്പോലെയാണ്. സത്യത്തില്‍ അവര്‍ ദൈവമാണ്. ഞങ്ങളും ആരാധകരും തമ്മില്‍ ഒരു ബന്ധവുമില്ല. അവര്‍ക്ക് ഞങ്ങളില്‍ നിന്ന് ഒന്നും ലഭിക്കാനും പോകുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍, അവരെ കാണാന്‍ പോലും പോകുന്നില്ല, എന്നിട്ടും, അവര്‍ നമ്മുടെ മുഖവും പേരും ഒക്കെ പച്ചകുത്തുന്നു, അവര്‍ നമ്മുടെ പേരില്‍ രക്തം ദാനം ചെയ്യുന്നു, നമുക്കുവേണ്ടി മറ്റു പലതും ചെയ്യുന്നു.’
‘ചിലപ്പോള്‍, ഞാന്‍ എന്റെ ആരാധകരുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. അതൊരു ചെറിയ വീടായിരിക്കും, പക്ഷേ അവിടെ നിറയെ എന്റെ ചിത്രങ്ങള്‍ ആയിരിക്കും. അവര്‍ ഞങ്ങളോട് കാണിക്കുന്ന സ്നേഹം അസാധാരണമാണ്. എനിക്ക് ഇത് ഇഷ്ടമാണ്, എനിക്ക് അതില്ലാതെ പറ്റില്ല.’ വിക്രം പറഞ്ഞു.