പനജി : ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിനെ 2 സഹപ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്നു സഹോദരന് പൊലീസില്‍ പരാതി നല്കി. തിങ്കളാഴ്ച രാത്രി ഗോവയിലെ റസ്റ്ററന്റില്‍ വച്ചു ദേഹാസ്വാസ്ഥ്യം തോന്നിയ സൊനാലി ആശുപത്രിയിലെത്തും മുന്‍പു മരിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
എന്നാല്‍, മരിക്കുന്നതിന് അല്പം മുന്‍പ് അമ്മയോടും സഹോദരിയോടും സഹോദരീ ഭര്‍ത്താവിനോടും സംസാരിച്ച സൊനാലി അസ്വസ്ഥയായിരുന്നുവെന്നും രണ്ടു പങ്കാളികളെക്കുറിച്ചു പരാതിപ്പെട്ടിരുന്നുവെന്നും സഹോദരന് റിങ്കു ധാക്ക പറഞ്ഞു. ഹരിയാനയിലെ സൊനാലിയുടെ ഫാം ഹൗസില്‍നിന്നു സിസിടിവി ക്യാമറകളും ലാപ്ടോപ്പും അടക്കമുള്ളവ മരണശേഷം കാണാതായെന്നും റിങ്കു പറഞ്ഞു. ഗോവ പൊലീസ് സൊനാലിയുടെ സഹപ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെന്നും റിങ്കു ആരോപിച്ചു. ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ഗോവ പൊലീസിന്റെ നിലപാട്. ഡിജിപിയുമായി ബന്ധപ്പെട്ടു താന്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കഴിഞ്ഞദിവസം ഏതാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സൊനാലി ഗോവയിലെത്തിയത്.