Monday, December 23, 2024

HomeAmericaഫോമായുടെ സ്ഥിരോല്‍സാഹിയായ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍

ഫോമായുടെ സ്ഥിരോല്‍സാഹിയായ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍

spot_img
spot_img

എ.എസ് ശ്രീകുമാര്‍

പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയെന്ന് പേരുകേട്ട ഫോമായുടെ ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷന് സെപ്റ്റംബര്‍ രണ്ടാം മെക്‌സിക്കോയിലെ കാന്‍കൂണിലുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ തിരി തെളിയുകയാണ്. ഫോമാ കുടുംബാംഗങ്ങള്‍ക്ക് അവിസ്മരണീയമായ ഒരവധിക്കാലം സമ്മാനിക്കുന്ന ഈ മലയാളി സംഗമത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് കമ്മിറ്റികളെല്ലാം. ഏവര്‍ക്കും ഓര്‍മ്മപുസ്തകത്തില്‍ എഴുതിവയ്ക്കാന്‍ പറ്റുന്ന കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ പശ്ചാത്തലത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ സംസാരിക്കുന്നു…


നിസ്തുലമായ സേവനം കാഴ്ചവയ്ക്കുന്ന പോള്‍ ജോണിനെക്കുറിച്ച്…

മികവുറ്റ നേതൃപാടവത്തിനുടമയാണ് പോള്‍ ജോണ്‍ എന്ന റോഷന്‍. ജനപ്രിയനായ ഈ നിസ്വര്‍ത്ഥ സംഘാടകന്‍ ഏറ്റെടുക്കുന്ന ജോലികള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ നിറവേറ്റുവാന്‍ കഠിനപ്രയത്നം ചെയ്യുന്ന നേതാവാണ്. മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ സംഘടനാപ്രവര്‍ത്തനം ഉപകരിക്കുമെന്ന് വിശ്വസിക്കുന്ന മനുഷ്യ സ്നേഹി. അധികാരക്കസേരയോട് താത്പര്യമില്ലാത്ത, മറ്റുള്ളവര്‍ക്കുവേണ്ടി മാറിനില്‍ക്കാനുള്ള മനസാന്നിധ്യം. പോള്‍ ജോണ്‍ എന്ന റോഷന്റെ വ്യക്തിത്വത്തെ ഇപ്രകാരം സംഗ്രഗിക്കാം.

പത്തനംതിട്ടയ്ക്ക് സമീപം ഓമല്ലൂരിലെ കുഴിനാഗപ്പുറത്ത് വീട്ടില്‍ കെ.കെ ജോണിന്റെയും പൊന്നമ്മ ജോണിന്റെയും മകനായ റോഷന്‍ നാട്ടിലെ വിദ്യാഭ്യാസത്തിനു 1986ല്‍ ശേഷം അമേരിക്കയിലെത്തി. കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണിന്റെ കമ്മിറ്റി മെമ്പറായി സംഘടനാ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് വൈസ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചു. 2000ല്‍ അസോസിയേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് ഫോമായിലെത്തി. വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഫോമായുള്ള ബന്ധം സുദൃഢമാക്കി. വെസ്റ്റേണ്‍ റീജിയണില്‍ നിന്നുള്ള ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍, വെസ്റ്റേണ്‍ റീജിയണ്‍ ആര്‍.വി.പി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഫോമായുടെ ലാസ് വെഗാസ് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറായുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പട്ടു. അതേ ടീമിന്റെ കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് 35 വീടുകള്‍ കേരളത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചുനല്‍കുന്നതില്‍ സജീവ പങ്കാളിയായി.

നിലവില്‍ സിയാറ്റിലിലെ എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായ പോള്‍ ജോണ്‍ ഹെല്പിംഗ് ഹാന്‍ഡിന്റെ വെസ്റ്റേണ്‍ റീജിയന്റെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. അക്കൗണ്ടിങ് രംഗത്തെ 25 വര്‍ഷത്തെ പരിചയ സമ്പത്ത് ഫോമായിലെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടായി.

സഹോദരീ ഭര്‍ത്താവും ഫോമാ മുന്‍ പ്രസിഡന്റുമായജോണ്‍ ടൈറ്റസും അദ്ദേഹത്തിന്റെ പത്നി കുസുമം ടൈറ്റസും നടത്തുന്ന ഏവിയേഷന്‍ കമ്പനിയില്‍ എച്ച്.ആര്‍ പേറോള്‍ മാനേജരായി പോള്‍ ജോണ്‍ ജോലി ചെയ്യുന്നു. പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന റോസ്ലിന്‍ ജോണ്‍ ആണ് ഭാര്യ. ഷോണ്‍ ജോണ്‍, ഷെറിന്‍ ജോണ്‍ എന്നിവര്‍ മക്കള്‍. സൈബയാണ് മരുമകള്‍. റോഷനും കുടുംബവും സിസാറ്റലില്‍ താമസിക്കുന്നു.


ഫോമായിലെ ജനപ്രിയ സാന്നിധ്യമായ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…

? കാന്‍കൂണ്‍ കണ്‍വന്‍ഷനെക്കുറിച്ച്…

  • ഫോമായുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അമേരിക്കയും കാനഡയും വിട്ട് ഒരു കണ്‍വന്‍ഷന്‍ നടത്തുന്നത്. കോവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തില്‍ കണ്‍വന്‍ഷന്‍ നടക്കുമോയെന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് കണ്‍വന്‍ഷന്‍ നടക്കത്തക്ക വിധത്തില്‍ സാഹചര്യങ്ങള്‍ മാറി.

? കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പറയുവാനുള്ളത്…

  • ഏകദേശം 200ല്‍പരം ആളുകളെ വച്ചുകൊണ്ടുള്ള ഒരു കമ്മറ്റിക്കാണ് കണ്‍വന്‍ഷന്റെ നടത്തിപ്പു ചുമതല. എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടു മാത്രമേ ഒരു കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ സാധിക്കുകയുള്ളു. വളരെ കാര്യക്ഷമമായാണ് ഞങ്ങളുടെ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. ഓണക്കാലമായതിനാല്‍ മഹാബലിയെ അണിനിരത്തിക്കൊണ്ട് ഓണത്തനിമയിലാണ് സാംസ്‌കാരിക ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ അരങ്ങേറുന്നത്. മിസ് ഫോമാ മത്സരം, ബെസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍ തുടങ്ങിയ മത്സരങ്ങള്‍ കണ്‍വന്‍ഷന്റെ ഹൈലൈറ്റാണ്. യൂത്ത് ഫെസ്റ്റിവല്‍ ഫൈനല്‍, യൂത്തിനു വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍, സാഹിത്യ സമ്മേളനം, ചിരിയരങ്ങ്, മൂന്ന് ദിവസവും വൈകുന്നേരമുള്ള വിനോദപരിപാടികള്‍ അങ്ങനെ എല്ലാം ആസ്വാദ്യകരമാണ്.

? റിസോര്‍ട്ടിന്റെ ആകര്‍ഷണങ്ങള്‍ എന്തൊക്കെയാണ്…

  • നിരവധി റെസ്റ്റോറന്റുകളും സ്വിമ്മിങ് പൂളുകളും ഒക്കെയുള്ള മനോഹരമായ റിസോര്‍ട്ടാണിത്. സാധാരണ കണ്‍വന്‍ഷനുകളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് മൂണ്‍പാലസ് റിസോര്‍ട്ട്. സുഖകരമായ കാലാവസ്ഥയാണ് കാന്‍കൂണിലേത്. ഫോമാ അംഗങ്ങള്‍ക്ക് കുടുംബസമേതം ഒരവധിക്കാലം ചെലവഴിക്കാന്‍ ഇതിനെക്കാള്‍ മികച്ചൊരു റിസോര്‍ട്ടില്ല എന്നു തന്നെ പറയാം. ബോട്ടിങ്ങിനും സൈക്ലിങ്ങിനും യോഗാപരിശീലിക്കാനുള്ള സൗകര്യങ്ങളും റിസോര്‍ട്ടില്‍ ഉണ്ട്.

? എന്തുകൊണ്ട് മെക്‌സിക്കോ തിരഞ്ഞെടുത്തു…

  • ഈ കമ്മറ്റി അധികാരത്തില്‍ വന്നതിനു ശേഷം കണ്‍വന്‍ഷനു വേണ്ടി പല സ്ഥലങ്ങളും ആലോചിച്ചു. എന്നാല്‍ കോവിഡ് സമയമായതിനാല്‍ ഒന്നും പ്ലാന്‍ ചെയ്യാന്‍ സാധിച്ചില്ല. ലോകപ്രസിദ്ധമായ ടൂറിസ്റ്റ് ക്രേന്ദമാണ് കാന്‍കൂണ്‍. പല മലയാളി കല്യാണങ്ങളും അവിടെവച്ച് നടത്തിയിട്ടുണ്ട്. അനുഭവസ്ഥര്‍ കാന്‍കൂണില്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനെപ്പറ്റിയുള്ള അഭിപ്രായം ഞങ്ങളുമായി ഷെയര്‍ ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടും മറ്റും സന്ദര്‍ശിച്ചതിനു ശേഷമാണ് അഭിപ്രായ സമന്വയത്തിലൂടെ ഫിക്‌സ് ചെയ്തത്.

? കാനഡയ്ക്കും അമേരിക്കയ്ക്കും പുറത്ത് ഫോമാ കണ്‍വന്‍ഷന്‍ നടത്തുവാനുള്ള തീരുമാനം ശരിയായെന്ന് വിചാരിക്കാമോ…

  • ആ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം ഒരു കണ്‍വന്‍ഷനെ വിജയിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ള അഭൂതപൂര്‍വമായ രജിസ്‌ട്രേഷന്‍ ആണ് ഉണ്ടായിരിക്കുന്നത്. ഒരു എന്റര്‍ടെയ്ന്‍മന്റ് പാക്കേജ് എന്ന നിലയിലാണ് ജനങ്ങള്‍ ഈ കണ്‍വന്‍ഷനെ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ഒരവധിക്കാലം ചെലവഴിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്. കോവിഡ് മൂലം പുറത്തിറങ്ങാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ ഏവരും കൊതിച്ചിരുന്ന ഒരു യാത്രയാണിത്. ഫോമായിലെ അംഗസംഘടനകളെയെല്ലാം വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഏഴാമത് കണ്‍വന്‍ഷന്‍ കാന്‍കൂണില്‍ നടത്താന്‍ തീരുമാനമെടുത്തത്.

? മെക്‌സിക്കോയില്‍ നിന്ന് ഫോമായ്ക്ക് അംഗസംഘടനകളെ പ്രതീക്ഷിക്കാമോ…

  • മെക്‌സിക്കോയില്‍ അധികം മലയാളികള്‍ ഉണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഈ കണ്‍വന്‍ഷന്റെ പശ്ചാത്തലത്തില്‍ അവിടെയുള്ള മലയാളികളുമായി ബന്ധപ്പെട്ട് ഇത്തരമൊരു സാഹചര്യത്തെപ്പറ്റി കൂടിയാലോചന നടത്തേണ്ടതുണ്ട്. സമീപഭാവിയില്‍ തന്നെ ഫോമാ മുന്‍കൈ എടുത്ത് മലയാളി സംഘടന രൂപീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.

? എന്തൊക്കെയാണ് കണ്‍വന്‍ഷന്‍ ചെയര്‍മാന്റെ ഉത്തരവാദിത്വങ്ങള്‍…

  • എക്‌സിക്യൂട്ടീവ് ടീമിനൊപ്പം ചേര്‍ന്നു നിന്നുകൊണ്ട് കണ്‍വന്‍ഷന്റെ പൂര്‍ണ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നുള്ളതാണ് എന്റെ കര്‍ത്തവ്യം. കണ്‍വന്‍ഷന്‍ ചെയര്‍മാനു പുറമേ ഒരു ജനറല്‍ കണ്‍വീനറുണ്ട്. അതിനു തൊട്ടുതാഴെ 12 റീജിയനുകളില്‍ നിന്നായി ആറ് കോ-ചെയേഴ്‌സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പിന്നെ ഓരോ റീജിയണില്‍ നിന്നും കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ഓരോ റീജിയന്‍ വൈസ് പ്രസിഡന്റുമാരും മൂന്ന് കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടുന്നു. ഫോമാ കമ്മറ്റിയംഗങ്ങളും കണ്‍വന്‍ഷന്‍ കമ്മറ്റിയംഗങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് കണ്‍വന്‍ഷന്‍ സുഗമമാക്കുക.

? രജിസ്‌ട്രേഷനെ പറ്റി…

  • കണ്‍വന്‍ഷന് ഒരു മാസം മുമ്പേ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചിരുന്നു. എല്ലാവരുടേയും ഏകമനസ്സോടെയുള്ള പ്രവര്‍ത്തനം കൊണ്ടാണ് രജിസ്‌ട്രേഷന്‍ ഇത്രവേഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

? കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്…

  • ഏറ്റവും പ്രധാനം പാസ്‌പ്പോര്‍ട്ട് പുതുക്കിയിട്ടുണ്ടോ എന്നുള്ളതാണ്. അമേരിക്കന്‍ പൗരത്വമുള്ളവര്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ പൗരത്വമുള്ളവര്‍ ഗ്രീന്‍ കാര്‍ഡും കൈയില്‍ സൂക്ഷിക്കണം. ഫ്‌ളൈറ്റില്‍ വച്ച് ഒരു ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. കര്‍ശനമായ സെക്യൂരിറ്റിയാണ് മൂണ്‍പാലസില്‍ ഉള്ളത്. ചെക്ക് ഇന്‍ ചെയ്താല്‍ ഒരു റിസ്റ്റ് ബാന്‍ഡ് ലഭിക്കും. ചെക്ക്ഔട്ട് ചെയ്യുമ്പോള്‍ ഒരു കാര്‍ഡും തരും അത് ഗെയ്റ്റില്‍ കാണിച്ചാലേ പുറത്തു പോകാന്‍ അനുവദിക്കൂ.

? ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണോ…

  • തീര്‍ച്ചയായും. എന്റെ കോണ്‍ടാക്റ്റുകള്‍ വിപുലമായി. പുതിയ സൗഹൃദങ്ങള്‍ ലഭിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അത് എന്നാലാവും വിധം പരിഹരിക്കുവാനും സാധിച്ചു. തുടര്‍ന്നും സമൂഹത്തിനു വേണ്ടി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനാണ് ആഗ്രഹം. ഏവര്‍ക്കും സമ്പല്‍സമൃദ്ധമായ പൊന്നോണം ആശംസിക്കുന്നു.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments