ന്യൂഡൽഹി: ബി.ജെ.പിയുടെ റാഞ്ചൽ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റിസോർട്ട് രാഷ്ട്രീയത്തിന് തുടക്കംകുറിച്ച് ഝാര്‍ഖണ്ഡ് ഭരണപക്ഷം. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യതാ ഭീഷണി നിൽക്കെയാണ് റായ്പുരുലെ മേയ് ഫ്ലവർ റിസോർട്ടിലേക്ക് ഭരണകക്ഷി എം.എൽ.എമാരെ മാറ്റിയത്. എം.എൽ.എമാരുമായി മുഖ്യമന്ത്രി ഹേമന്ദ് സോറൻ കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിൽ എത്തി.
ചൊവ്വാഴ്ച ഉച്ചയോട് കൂടിയാണ് എം.എൽ.എമാർ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്. വിമാനത്താവളത്തിൽ ഇവർക്കുവേണ്ടി ചാർട്ട് ചെയ്ത വിമാനം തയ്യാറായിരുന്നു. എം.എൽ.എമാർ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റായ്പുരിലുള്ള മേയ് ഫ്ലവർ റിസോർട്ടിൽ എം.എൽ.എമാർ എത്തിച്ചേർന്നതിന്റെ ദൃശ്യങ്ങൾ എ.എൻ.ഐ പുറത്തുവിട്ടു.
ശനിയാഴ്ച ഹേമന്ദ് സോറന്റെ നേതൃത്വത്തിൽ 43 എം.എൽ.എമാർ ഖുംടി ജില്ല സന്ദർശിച്ചിരുന്നു. ഇത് നിരവധി അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. ഹേമന്ദ് സോറന്റെ അയോഗ്യത ബി.ജെ.പി. മുതലെടുത്ത് നിലവിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് ഝാര്‍ഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) കരുതുന്നുണ്ടെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സോറന്‍ അയോഗ്യനാണെന്നും സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. ഇതിനിടെ നടപടി നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സോറനും സംഘവും.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കുതന്നെ അനുവദിച്ചെന്ന ആരോപണത്തിലാണ് നടപടി. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ഈ ആരോപണം ഉന്നയിച്ചത്.
81 അംഗ സഭയില്‍ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.എം.എം.(30), കോണ്‍ഗ്രസ്(18), ആര്‍.ജെ.ഡി.(1),എന്‍.സി.പി.(1) എന്നീ കക്ഷികളുള്‍പ്പെടുന്ന ഭരണപക്ഷത്ത് ഇപ്പോള്‍ 50 അംഗങ്ങളുണ്ട്. ബി.ജെ.പി.(26), എ.ജെ.എസ്.യു. പാര്‍ട്ടി(2), സ്വതന്ത്രര്‍ (2),സി.പി.ഐ.-എം.എല്‍.(1) )എന്നിങ്ങനെയാണ് മറ്റ് അംഗങ്ങള്‍.