Monday, December 23, 2024

HomeFeaturesതാരയൂഥത്തിലെ വർണ്ണരാജികൾ -1

താരയൂഥത്തിലെ വർണ്ണരാജികൾ -1

spot_img
spot_img

ജീമോൾ ജയ്ബിൻ

ധ്രുവദീപ്തി പോലെയാണ് നീലമിഴിയാഴങ്ങൾ . സൗമ്യതയും തീഷ്ണതയും ഒന്നുചേർന്ന ഭാവഗരിമകൾ . താമരത്താളിലെ ജലകണത്തിലെ സൂര്യസുസ്മിതത്തെ ഓർമ്മിക്കുന്ന നിഷ്കളങ്കത . അതിനുള്ളിൽ എവിടെയോ ആത്മനൊമ്പരങ്ങളുടെ രാഗമർമ്മരമുണ്ട് . ഇപ്പോൾ ഡോക്ടർ ജീമോൾ ജയ്ബിൻ നാട്യകലയുടെ സോപാനത്തിൽ ചുവടുകൾ വെയ്ക്കുകയാണ് . മോഡലിങ്ങിലും പരസ്യചിത്രങ്ങളിലുമായി കൂടുതൽ സാധ്യതകളിലേക്ക് . കരുതലോടെ , നിശ്ചയങ്ങളോടെ , പക്വതയോടെ . ഇപ്പോൾ പലയിടങ്ങളിൽ നിന്നായി കാമ്പുള്ള കഥാപാത്രങ്ങൾ ജീമോളെ തേടിയെത്തുകയാണ് ചലച്ചിത്രത്തിൽ ജീവിക്കുവാൻ !

ചെറുപ്പത്തിൽ ചിത്രകലയിലായിരുന്നു താൽപ്പര്യം . കുറെ വരയ്ക്കുമായിരുന്നു . എന്നാൽ അതൊന്നും പിതാവിന് ഇഷ്ടമില്ലായിരുന്നു . മകൾ ഉന്നത വിദ്യാഭ്യാസം നേടി ഒരു പ്രൊഫെഷണൽ ആവാനാണ് പിതാവ് ആഗ്രഹിച്ചത് . ആ വഴിയേ ജീമോളും നടന്നു . ഡാൻസ് പഠിക്കണമെന്ന് ആശിച്ചുവെങ്കിലും കലയുടെ മേഖല അനുവദിക്കപ്പെട്ടില്ല . സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് മലയാളമണ്ണ് വിട്ട് , സേലത്ത് മെഡിസിന് ചേർന്നപ്പോൾ വീട്ടുകാർ അറിയില്ലെന്ന് കരുതി മോഡലിംഗ് പരിപാടിയിൽ പങ്കെടുത്തു . മെഡിക്കൽ കോളേജിലെ പ്രൊഫസർ തന്നെയാണ് മോഡലിങ്ങിൽ പങ്കെടുക്കാൻ നിർദേശിച്ചത് . മെഡിക്കൽ വിദ്യാഭ്യാസത്തിനിടെ മോഡലിംഗ് മത്സരങ്ങളിലെത്തി . അവസാന വർഷം ആയപ്പോൾ പിതാവ് പാരലൈസ്ഡ് ആയി . അങ്ങനെ നാട്ടിലെത്തി . കാലടിയിലാണ് കുടുംബവീട് . അപ്പോൾ ചില അവസരങ്ങൾ താനേ വിടർന്നു . 2010 -ൽ കൊച്ചിയിൽ ഒരു മത്സരം . അവിടെ ശ്രദ്ധിക്കപ്പെട്ടപ്പോൾ 2011 -ൽ മിസ്സിസ് ഇന്ത്യ മത്സരത്തിലേക്കുള്ള വാതിൽ തുറന്നു . ഡൽഹിയിൽ വെച്ചായിരുന്നു ആ മോഡലിംഗ് മത്സരം . വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു . കാരണം ജീമോളൊഴികെ മറ്റുള്ളവർ ഉത്തരേന്ത്യക്കാർ . സൗത്ത് ഇന്ത്യൻസ് വിജയിക്കുക അത്ര എളുപ്പമല്ല . എങ്കിലും മുന്നോട്ടു പോയി . അവസാന ഘട്ടത്തിലാണ് ആത്മവിശ്വാസം പൂർണ്ണമായത്. ഒടുവിൽ മിസ്സിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു !

മലയാള മനോരമ പത്രത്തിൽ ഒന്നാം പേജിൽ സചിത്രവാർത്ത വന്നു . മറ്റു പത്രങ്ങളിലും ന്യൂസ് ചാനലുകളിലും വാർത്താതരംഗമായി . അതോടെ കൂടുതൽ മോഡലിംഗ് പരിപാടികളിലേക്ക് ക്ഷണിക്കപ്പെട്ടു . തിരക്കേറിയ സുദിനങ്ങൾ . എന്നാൽ സിനിമയിൽ അഭിനയിക്കാൻ പോകുന്നത് ജീമോളുടെ സഹോദരന് ഇഷ്ടമില്ലായിരുന്നു . അതുകൊണ്ടു സിനിമയിലേക്ക് പോയില്ല . അക്കാലത്തു അമേരിക്കയിൽ ഹൂസ്റ്റണിൽ നാഷണൽ ബോർഡ് പരീക്ഷ പാസായി . അവിടെ ഡെന്റൽ സർജനായി പ്രാക്ടീസ് ചെയ്യാനുള്ള സർട്ടിഫിക്കറ്റ് നേടി . ഹൂസ്റ്റണിൽ ഡെന്റൽ പ്രാക്ടീസ് തുടങ്ങാനുള്ള കാര്യങ്ങളൊക്കെ ശരിയാക്കിവന്നപ്പോഴാണ് സഹോദരന് സെറിബറൽ പാഴ്സി ആഘാതമുണ്ടാവുന്നതും തുടർന്ന് മരണപ്പെട്ടതും . ആ വിയോഗം ജീമോളെ വല്ലാതെ ഉലച്ചുവെന്നു പറയാം . പ്രാക്‌ടീസ്‌ ചെയ്യുവാനോ അമേരിക്കയിൽ ജീവിക്കുവാനോ താൽപ്പര്യം ഇല്ലാതായി . നാട്ടിലേക്ക് തിരിച്ചുവരാൻ ആലോചിച്ചു . പക്ഷെ സഹോദരന്റെ മരണത്തെ തുടർന്ന് ജീമോൾ ഡിപ്രസീവ് ആകാൻ തുടങ്ങി . ഒന്നും ചെയ്യാനാവാത്ത മാനസികാവസ്ഥ . അപ്പോൾ സുഹൃത്തുക്കൾ ഉപദേശിച്ചു . മോഡലിങ്ങിൽ പങ്കെടുക്കാൻ . കൊച്ചിയിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും പിന്തുണച്ചു . പ്രോത്സാഹിപ്പിച്ചു . മെല്ലെ വീണ്ടും അഴകാർന്ന വർണ്ണ വെളിച്ചത്തിലേയ്ക്ക് …മുൻകാലത്തേക്കാൾ കൂടുതൽ അവസരങ്ങൾ… മോഡലിംഗ് കൂടാതെ പരസ്യചിത്രങ്ങൾ … സിനിമയിലേക്കും ക്ഷണിക്കപ്പെട്ടു …

ജീമോൾ മനസ്സ് തുറന്നു . “ മികച്ച സിനിമ , ആഴമുള്ള കഥാപാത്രങ്ങൾ . അതായിരുന്നു എന്റെ താൽപ്പര്യം . മറ്റു തരത്തിലുള്ള സിനിമയും കഥാപാത്രവുമൊക്കെ സഹോദരന് ഇഷ്ടമല്ലായിരുന്നുവല്ലോ . അതിനു വിരുദ്ധമായി പ്രവർത്തിക്കാൻ മനസ്സ് അനുവദിച്ചില്ല എന്നതാണ് സത്യം . അതുകൊണ്ട് മികച്ച പ്രമേയവും കഥാപാത്രവും വന്നാൽ മാത്രം അതിൽ പങ്കെടുക്കാമെന്ന് നിശ്ചയിച്ചു . പരസ്യചിത്രങ്ങളിലൂടെ കുറച്ചു കൂടി എക്സ്പീരിയൻസ് ഉണ്ടാവട്ടെ എന്നും കരുതി . ഒരു ഡെന്റൽ ഡോക്ടർ എന്ന നിലയിൽ എനിക്ക് എക്സ്പീരിയൻസ് ഉണ്ടെങ്കിലല്ലേ ആ രംഗത്ത് നല്ലതു പോലെ വർക്ക് ചെയ്യാനൊക്കൂ ? അതുപോലെ മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും അങ്ങനെയാവട്ടെ എന്ന് കരുതി. മലയാള സിനിമയിൽ ഇപ്പോൾ അഭിനേതാക്കൾ ഇന്റലിജന്റ് ആണ് . അതിനാൽ അവർ സ്വന്തം പ്രൊഡക്ഷൻ കമ്പനി ഉണ്ടാക്കി ലീഡ് റോൾസ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു . ഫിലിം ഇന്ഡസ്ട്രിയിലേക്ക് വരുമ്പോൾ ആ സാഹചര്യം കൂടി നോക്കേണ്ടതുണ്ട് .”

അതെ . തീർച്ചയായും ചലച്ചിത്ര മേഖലയിൽ രണ്ടു വഴികളാണ് ഉള്ളതെന്ന് ജീമോൾ മനസിലാക്കുന്നു . ലോക്കൽ ഇൻഡസ്ടറി സിനിമയും ഇന്റർനാഷണൽ സിനിമയും . ഒരു അഭിനേതാവിനു രണ്ടു വഴികളിലും രണ്ടുതരം പ്രയോജനം ഉണ്ട് . ഏതു വഴി , എങ്ങനെ തെരഞ്ഞെടുക്കണം എന്നത് പലപ്പോഴും ചോദ്യചിഹ്നമായിരുന്നു . ഇപ്പോൾ വ്യക്തമായൊരു ഉത്തരം ജീമോൾക്ക് മുന്നിലുണ്ട് . എങ്കിലും മോഡലിംഗിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു .

മോഡലിംഗിലും പരസ്യചിത്രങ്ങളിലുമായി അന്താരാഷ്ട്രതലത്തിൽ വരെ ജീമോൾ എത്തിക്കഴിഞ്ഞിരിക്കുന്നു . സ്‌പെയിനിലെ ലാ ബെല്ല ഡാമാ , ആമസോൺ എന്നിവയുടെ പരസ്യമോഡൽ . പ്രഥം യൂ .എസ്‌ ൻറെ ബ്രാൻഡ് അംബാസിഡർ … ഇന്ത്യയിൽ ബെർജർ പെയിന്റ്സ് , മഹീന്ദ്ര , കൊളോ ഡയമണ്ട്സ് , എസ്പാനിയോ ഫാഷൻ , ഹേർ വർക്ക് വീയർ , ചാഹത്ത് ആക്‌സസറീസ് , വിവാഹ വസ്ത്ര , രുദ്ര ആർട്സ് , മുരൾ പ്രിയ , ഫെബീൻ ഷെരീഫ് ഡിസൈനിംഗ് സ്റ്റുഡിയോ , ലൂവർ ഡിസൈൻസ് , സാരി ഹട്ട് , സെഫോറാത്ത് , സാറാ തുടങ്ങിയ കമ്പനികളുടെ പരസ്യമോഡൽ …ദിവാ ഡിസൈനർ വീയറിന്റെ ബ്രാൻഡ് അംബാസിഡർ … കേരളത്തിലെ പേൾ ലാക്ക് , ചുങ്കത്ത് , ചാവറ മെട്രിമോണി തുടങ്ങി 25 – ഓളം പരസ്യചിത്രങ്ങളിൽ മോഡൽ …

മനോരമ , മംഗളം , ബ്ളാക്യാറ്റ്‌സ് , പ്രിയസഖി തുടങ്ങിയവയിൽ കവർ ചിത്രങ്ങൾ … ഷാരൂഖ് ഖാനൊപ്പം ഇമ്മാനുവൽ സിൽക്‌സ് അടക്കം പന്ത്രണ്ടോളം സ്ഥാപനങ്ങളുടെ ഉദ്‌ഘാടനം … ഫ്‌ളവേഴ്‌സ് , മഴവിൽ മനോരമ , സൂര്യ , ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിൽ മോഡലിംഗ് പരിപാടികൾ …

അക്കാദമിക് തലത്തിൽ സേലത്തെ വിനായക മിഷൻസ് ശങ്കരാചാര്യർ ഡെന്റൽ കോളേജിൽ നിന്ന് ബി .ഡി .എസ് നേടിയ ജീമോൾ ലണ്ടനിലെ ഈസ്റ്റ് മാൻ ഡെന്റൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നാണ് കോസ്മറ്റോളജിയിലും ബിരുദം കരസ്ഥമാക്കിയത് . നിത്യേന യോഗയിൽ പരിശീലനം . ചിത്രകല പ്രദർശനത്തിൽ പുരസ്കാരവും നേടിയ ജീമോൾക്ക് മലയാളം കൂടാതെ ഇംഗ്ലീഷ് , ഹിന്ദി , തമിഴ് ഭാഷകളിൽ പ്രാവീണ്യവുമുണ്ട് .

ജീമോൾ സ്വകല്പനയുടെ ചിമിഴി തുറക്കുമ്പോൾ നാം കൗതുകത്തോടെ കേൾക്കുന്നു : “ മോഡലിങ്ങിൽ നിരന്തരം പങ്കെടുക്കുന്നതിലൂടെ വിസിബിലിറ്റി വർധിക്കുന്നു എന്നത് ശരി തന്നെ . എന്നാൽ നല്ല കഥാപാത്രത്തെ അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട് . നല്ല സ്ക്രീൻ റിസൾട്ടിന് വേണ്ടി അർപ്പണത്തോടെ പ്രവർത്തിക്കുകയാണ് ലക്‌ഷ്യം . ഒരു കഥാപാത്രത്തെ കിട്ടിയാൽ അത് എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് ആദ്യമേ നോക്കും . എൻറെ പ്രകൃതിയും മനസ്സും വെച്ച് ആത്മവിശ്വാസത്തോടെ ചെയ്യാൻ പറ്റുന്നതല്ലെങ്കിൽ ഞാനതു സ്വീകരിക്കില്ല . ആത്മസംതൃപ്തി പ്രധാനമാണ് . ഈയിടെ ഒരു മ്യൂസിക്കൽ ആൽബത്തിൽ വിശുദ്ധ അൽഫോൺസാമ്മയായി അഭിനയിച്ചു . അത് പെർഫെക്റ്റ് ആവുമോ എന്ന് സംശയം തോന്നിയെങ്കിലും സംവിധായകൻ എല്ലാം പറഞ്ഞു തന്നതിനാൽ വ്യക്തത വന്നു . വിശുദ്ധ അൽഫോൺസാമ്മയായി മാറുകയും ചെയ്തു . മെത്തേഡ് ആക്റ്റിംഗിൽ നിന്നും മാറി ഒരു കഥാപാത്രത്തിന്റെ പരിധി എത്രവരെയാവാം എന്നത് വ്യക്തമാവണം . എനിക്ക് തോന്നുന്നത് ഞാൻ കുറച്ചു ഇമോഷണൽ ആണെന്നാണ് . സെൻസിറ്റീവ് ആണെന്നാണ് . ഹ്യൂമൻ സെന്റിമെന്റ്സിനു മൂല്യമുണ്ട് . സന്ദർഭവും കഥാപാത്രവും പെട്ടെന്ന് ഉൾകൊള്ളാൻ സാധിക്കും . ഭാവം , ചലനം , തുടങ്ങി പല വ്യത്യസ്‌തതയും ഉൾക്കൊണ്ട് ഇമ്പ്രോവൈസ് ചെയ്യാനും സാധിക്കുമെന്നും വിശ്വാസമുണ്ട് . “


സാബു ശങ്കർ , ചീഫ് കറസ്‌പോണ്ടന്റ് . +91 80890 36090 .

ജീമോൾ ജയ്ബിൻ
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments