വാഷിങ്ടൻ: ജോ ബൈഡൻ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തി യു.എസ് ജനത. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുകയാണ്. നേരിട്ടോ മെയിൽ വഴിയോ നേരത്തെതന്നെ വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം മിക്ക സംസ്ഥാനങ്ങളിലുമുണ്ട്. ഓരോ സംസ്ഥാനത്തിനും രണ്ടുവീതം സെനറ്റർമാരുണ്ടാകും. ഇവരുടെ കാലാവധി ആറുവർഷമാണ്. ജനപ്രതിനിധികൾ രണ്ടുവർഷമാണ് ഒരു പ്രദേശത്തെ പ്രതിനിധാനംചെയ്യുക. ജനപ്രതിനിധി സഭയിലെ 30 സീറ്റുകളിൽ മാത്രമാണ് എങ്ങോട്ട് മറിയും എന്ന കാര്യത്തിൽ സംശയമുള്ളതെന്ന് ബി.ബി.സി പറയുന്നു.
2024ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കുമെന്നാണ് അഭ്യൂഹം. ഒഹായോയിലെ റാലിയിൽ സംസാരിക്കവേ, ഫ്ലോറിഡയിലെ തെരഞ്ഞെടുപ്പിനുശേഷം നവംബർ 15ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
നിലവിൽ 100 അംഗ യു.എസ് സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 48 സീറ്റും റിപ്പബ്ലിക്കൻ കക്ഷിക്ക് 50 സീറ്റുമാണുള്ളത്. രണ്ടുപേർ സ്വതന്ത്രരാണ്.
ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് 220 സീറ്റും റിപ്പബ്ലിക്കൻ കക്ഷിക്ക് 212 സീറ്റുമുണ്ട്. മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനം, മലിനീകരണമുണ്ടാക്കാത്ത ഊർജ മേഖല തുടങ്ങി വിവിധ വാഗ്ദാനങ്ങൾ നൽകിയാണ് ബൈഡൻ അധികാരമേറിയതെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ ജനങ്ങൾക്ക് വലിയ മതിപ്പില്ലെന്നാണ് റിപ്പോർട്ട്. 39 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തിന്റെ ഭരണമികവിനെ അംഗീകരിക്കുന്നതെന്നാണ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോയിട്ടേഴ്സ്/ഇപ്സോസ് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പിൽ 5 ഇന്ത്യൻ വംശജർ മത്സരിക്കുന്നു. നിലവിൽ യുഎസ് കോൺഗ്രസ് അംഗങ്ങളായ അമിത് ബേറ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ എന്നിവർ വീണ്ടും ജനവിധി തേടുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ ഈ 4 പേർക്കും അഭിപ്രായ വോട്ടെടുപ്പുകൾ പ്രകാരം മികച്ച ജയസാധ്യത ഉണ്ട്. ബിസിനസുകാരനായ ശ്രീ തനേദർ ഡെമോക്രാറ്റ് സ്ഥാനാർഥിയായി മിഷിഗനിൽ ജനവിധി തേടുന്നു. ബേറ ആറാം വട്ടമാണു മത്സരിക്കുന്നത്; ഖന്ന, കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവർ തുടർച്ചയായ നാലാം വട്ടവും. എല്ലാവരും ജയിച്ചാൽ യുഎസ് ജനപ്രതിനിധിസഭയിലെ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയരും.
യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലാണ് എത്തിച്ചേരുക എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത രണ്ടു വർഷങ്ങളിൽ ബൈഡൻ ഭരണകൂടത്തിന്റെ പ്രവർത്തനം. കോൺഗ്രസിന്റെ രണ്ടു സഭകളും നഷ്ടമായാൽ ജോ ബൈഡൻ നടപ്പാക്കി വന്ന പുരോഗമന നിയമ നിർമാണം തടസപ്പെടും. ഇപ്പോൾ ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾക്കു സെനറ്റിൽ 5050 സീറ്റിന്റെ പ്രയോജനമുണ്ട്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് അവർ പ്രയോജനപ്പെടുത്തുന്നു. എന്നാൽ പല സീറ്റുകളും ഇന്നത്തെ വോട്ടിങ്ങിൽ നേരിയ ഭൂരിപക്ഷത്തിനു പോലും കൈവിട്ടു പോകാം.