വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം.
435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 77 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 137 സീറ്റുകളില്‍ മുന്‍തൂക്കമുണ്ട്.
സെനറ്റിലെ ആദ്യഫല സൂചനകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായിരുന്നു മുന്‍തൂക്കം നേടിയതെങ്കിലും പിന്നീടത് ഒപ്പത്തിനൊപ്പമായി. 100 അംഗ സെനറ്റില്‍ 35 ഇടത്തേക്കാണ് നിലവില്‍ മത്സരം. 36 സംസ്ഥാന ഗവര്‍ണര്‍മാരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്സിനാണ് മുന്‍തൂക്കം ലഭിച്ചത്.
ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 220 സീറ്റും റിപ്പബ്ലിക്കന്‍ കക്ഷിക്ക് 212 സീറ്റുമാണ്. മൂന്ന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. നിലവില്‍ സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ക്ക് 50 സീറ്റും ഡെമോക്രാറ്റുകള്‍ക്ക് 48 സീറ്റും സ്വതന്ത്രര്‍ക്ക് രണ്ടു സീറ്റുമാണുള്ളത്. അതുകൊണ്ട് 35 സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
മാസാചുസെറ്റ്സില്‍ മൗര ഹേലിയും മേരിലാന്‍ഡില്‍ വെസ് മൂറും ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. മാസാചുസെറ്റ്സിലെ ആദ്യ വനിത ഗവര്‍ണറും രാജ്യത്തെ ആദ്യ ലെസ്ബിയന്‍ ഗവര്‍ണറുമാണ് മൗര ഹേലി. മേരിലാന്‍ഡ് സംസ്ഥാനത്തെ ആദ്യ ആഫ്രോ-അമേരിക്കന്‍ ഗവര്‍ണറാണ് വെസ് മൂര്‍. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളാണ്.
ഫ്ലോറിഡ ഗവര്‍ണറായി റോണ്‍ ഡി സാന്റിസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള റിപ്പബ്ലിക്കന്‍ നേതാവാണ് 40കാരനായ സാന്റിസ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടുവര്‍ഷം കഴിഞ്ഞണ് നടക്കുന്നതെങ്കിലും സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഭൂരിപക്ഷം നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിന് ആവശ്യമാണ്.