അനില്‍ ആറന്മുള
ടെക്‌സസിലെ ഫോട്‌ബെന്‍ഡ് കൗണ്ടി നീലവര്‍ണമണിഞ്ഞ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കൈകളിലേക്ക് പതിച്ചപ്പോള്‍ 2018 ലെ ഇലക്ഷന്‍ വിജയത്തിന്റെ ശില്പികളില്‍ ഒരാളായിരുന്നു ജഡ്ജ് ജൂലി മാത്യു. ടെക്‌സസിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജായി. ഇന്ന് പൂര്‍വാധികം ശക്തിയോടെ മലയാളത്തിന്റെ പെണ്‍കരുത്ത് കച്ചമുറുക്കി അങ്കത്തട്ടില്‍ ഇറങ്ങിയപ്പോള്‍ വിജയം താലത്തിലെത്തിച്ചു.
പതിനഞ്ചു വര്‍ഷത്തെ നിയമ പരിജ്ഞാനവും നാലുവര്‍ഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ജഡ്ജ് ജൂലി മാത്യു പോരിനിറങ്ങിയയത്.
”ഒത്തിരി കാര്യങ്ങള്‍ തുടങ്ങി വച്ചിച്ചുണ്ട്. അതൊക്കെ വിജയകരമായി പൂര്‍ത്തിയാക്കുവാനും ജനപക്ഷ മുഖത്തോടെ സാക്ഷാത്കരിക്കുവാനും സമയം വേണം. വീണ്ടും വിജയിച്ചു വന്നാല്‍ എല്ലാം സാധ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. നിയമപരമായി ഒരു ജഡ്ജിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. നാളിതുവരെ ഏവരും നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും സ്‌നേഹത്തിനും നന്ദി പറയുന്നു. തുടര്‍ന്നും അതുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു…” ജൂലി മാത്യു പറഞ്ഞു.
കോടതികള്‍ ജനങ്ങള്‍ക്കുവേണ്ടി ആയിരിക്കണം എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. തന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ജൂലി അത് തെളിയിച്ചു കഴിഞ്ഞു. കോവിഡ് കാലത്തേ ലോക്ക് ഡൗണില്‍ കോടതികളും കൗണ്ടി ഓഫീസുകളും അടഞ്ഞു കിടന്നപ്പോഴും ജൂലി പ്രവര്‍ത്തനനിരതയായിരുന്നു. കോവിഡ് സമയത്തു ഫിയാന്‍സി വിസയിലെത്തി കല്യാണം നടത്താന്‍കഴിയാതെ തിരിച്ചുപോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് മുന്നില്‍ പള്ളിയും പട്ടക്കാരനും വരെ കൈമലര്‍ത്തിയപ്പോള്‍ തുണയായത് ജൂലി മാത്യു എന്ന ജഡ്ജാണ്. ഫോട്‌ബെന്‍ഡിലെ കൗണ്ടി ഓഫീസ് തുറക്കാന്‍ കഴിയാതിരുന്ന മാര്യേജ് ലൈസന്‍സ് നല്‍കിയ ജൂലി തൊട്ടടുത്ത വാര്‍ട്ടന്‍ കൗണ്ടിയിലെ കോതിയില്‍ കൊണ്ടുപോയി വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുത്തു. അന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ക്കൊപ്പം ഏഷ്യാനെറ്റിലും വാര്‍ത്തകള്‍ വന്നിരുന്നു.
പത്താം വയസില്‍ ഫിലാഡല്‍ഫിയയില്‍ എത്തിയ ജൂലി സ്‌കൂള്‍ വിദ്യാഭ്യാസം അവിടെ പൂര്‍ത്തിയാക്കി. പെന്‍സില്‍വാനിയ സ്റ്റേറ്റില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കി അവിടെ യാണ് പ്രാക്റ്റീവ് തുടങ്ങിയത്. 2002 ല്‍ ഹ്യൂസ്റ്റനില്‍ എത്തി ടെക്‌സാസ് ലോ ലൈസന്‍സ് കരസ്ഥമാക്കി പ്രാക്ടീസ് തുടങ്ങി. 2018 ല്‍ ഇലെക്ഷനിലൂടെ അന്പത്തിയെട്ടു ശതമാനം വോട്ടുകള്‍ നേടി ടെക്‌സസിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജായി.
ഫോട്‌ബെന്‍ഡ് കൗണ്ടിയിലെ എല്ലാവിധ കേസുകളും കൈകാര്യം ചെയ്യുന്ന കൗണ്ടി കോര്‍ട്ട് 3 ലെ ജഡ്ജി ആണ് ജൂലി മാത്യു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രശനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പല കാര്യങ്ങളും കോടതിയുടെ ഇടപെടലില്‍ നിസാരമായി പരിഹരിക്കാമെന്ന് ജൂലി മാത്യു തെളിയിച്ചു.
അതുപോലെ മാനസികമായി പ്രശനങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് കാലതാമസം കൂടാതെ പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന ജുവനൈല്‍ മെന്റല്‍ ഹെല്‍ത്ത് കോര്‍ട്ടുകള്‍ ഫോട്‌ബെന്‍ഡ് കൗണ്ടിയില്‍ ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തതും ജൂലി മാത്യൂ ആണ്. അറിവില്ലായ്മ കാരണം നിയമത്തിന്റെ കുരുക്കില്‍ പെട്ട മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി ചെറുപ്പക്കാരെ നിയമസഹായത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജൂലിക്ക് കഴിഞ്ഞു.
സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ എക്‌സെപ്ഷണല്‍ ലീഗല്‍ പ്രൊഫെഷണല്‍ അവാര്‍ഡ് ജൂലി മാത്യു നേടിയിരുന്നു. ലുലാക് എന്ന ഹിസ്പാനിക് സംഘടന, ഹ്യൂസ്റ്റണ്‍ ലോയര്‍ അസോസിയേഷന്‍, ടെക്‌സാസ് ഡെമോക്രാറ്റിക് വിമന്‍, ഏഷ്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റ്‌സ് ഓഫ് ടെക്‌സാസ് എന്നീ സംഘടനകള്‍ ജൂലിയെ എന്‍ഡോഴ്‌സ് ചെയ്തു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
തിരുവല്ല വെണ്ണിക്കുളം തിരുവാറ്റാല്‍ മണ്ണില്‍ തോമസ് ഡാനിയേല്‍-സൂസമ്മ ദമ്പതികളുടെ പുത്രിയാണ് ജൂലി മാത്യു. വ്യവസായിയായ കാസര്‍കോട് വാഴയില്‍ ജിമ്മി മാത്യുവാണു ഭര്‍ത്താവ്. അലീന, അവാ, സോഫിയ എന്നിവര്‍ മക്കളും.