പി പി ചെറിയാൻ
ഡാളസ് :ഡാളസ് എയര്‍ ഷോയില്‍ പങ്കെടുത്ത രണ്ടു വിമാനങ്ങൾ ആകാശത്തു അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടയിൽ കൂട്ടിയിടിച്ച് ആറു പേര് മരിച്ചതായി ഞായറാഴ്ച ഔദ്യോഗീകമായി സ്ഥിരീകരിച്ചു .
രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിംഗ് ബി -17 ഫ്ലയിംഗ് ഫോര്‍ട്രസും, ബെല്‍ പി -63 കിംഗ്കോബ്രയുമാണ് കൂട്ടിയിടിച്ചത്. വെറ്ററൻസ് ഡേയോടനുബന്ധിച്ചു ഡാലസില്‍ ശനിയാഴ്ച നടന്ന ഭീകര സംഭവത്തിന്റെ നടുക്കം മാറാതെയാണ് ഡാളസ് എക്സിക്യൂട്ടീവ് എയർ പോർട്ട് അധികൃതർ .
ഡാലസിലെ ദുരന്തസമയത്ത് നിരവധി വിമാനങ്ങള്‍ ഒരേ സമയം ആകാശത്ത് പറക്കുകയായിരുന്നു. പശ്ചാത്തലത്തില്‍ ദേശഭക്തി ഗാനം മുഴങ്ങുമ്ബോള്‍ എയര്‍ഷോയിലെ കമന്റേറ്റര്‍ ഒരോ വിമാനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്നുണ്ടായിരുന്നു. കിംഗ്കോബ്ര ബി -17 ലേക്ക് ഇടിച്ചുകയറുമ്ബോള്‍ നിലവിളിക്കുന്ന കാണികളുടെ ഞെട്ടലും ഭീതിയും ഇതുവരെ വിട്ടുമാറിയിട്ടില്ല . മറ്റൊരു വശത്ത് നിന്ന് വന്ന കിംഗ്കോബ്ര ബി -17 മായി ഇടിക്കുകയും തീയും പുകയും നിറഞ്ഞ ഒരു തീഗോളമായി അത് മാറുകയുമാണുണ്ടായത്
അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയര്‍ എറിക് ജോണ്സണ് പ്രതികരിച്ചു.
നാഷനല്‍ ട്രാന്‍സ്പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ലോകല്‍ പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചതായി മേയര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ വിശദ വിവരങ്ങളോ, അപകടത്തിന്റെ കാരണമോ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.പരിചയ സമ്പന്നരായ വിരമിച്ച സൈനീക പൈലറ്റുമാരാണ് വിമാനത്തിന്റെ കോക് പിറ്റിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി.