ബെംഗളൂരു: ലിംഗായത്ത് നേതാവും മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ വിശ്വസ്തനുമായ ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച വൈകിട്ട് 7.30നു ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം ബൊമ്മെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
നിലവില്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവുമാണു ബൊമ്മെ. മുന്‍മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മയുടെ മകനാണ്. ജനതാദളില്‍ നിന്ന് 2008ലാണ് ബിജെപിയിലെത്തിയത്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സി.എന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി, ഗോവിന്ദ് കര്‍ജോള്‍, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി.എല്‍ സന്തോഷ്, സി.ടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവില്‍ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.
യെഡിയൂരപ്പയുടെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച കേന്ദ്രമന്ത്രിമാരായ ജി. കിഷന്‍ റെഡ്ഡിയും ധര്‍മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തു.
ലിംഗായത്തു വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിച്ചതും ബൊമ്മെയ്ക്കു നറുക്കു വീഴാന്‍ കാരണമായി. ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും മാറ്റമുണ്ടാകും. വൊക്കലിംഗ വിഭാഗത്തില്‍ നിന്നും പട്ടിക വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണു നീക്കം.
നാല് ഉപമുഖ്യമന്ത്രിമാര്‍ക്കു സാധ്യതയുണ്ട്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എത്തിയവര്‍ മന്ത്രിസഭാംഗങ്ങളാകാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.