ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്തതിരിച്ചടി. കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവര്‍ വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് എം.ആര്‍. ഷാ ആയിരുന്നു ബെഞ്ചിലെ രണ്ടാമത്തെ അംഗം.
സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്.
എം.എല്‍.എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.
വ്യത്യസ്ത ഭാഗങ്ങളായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചത്. ആദ്യഭാഗത്തില്‍ ജ. ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ചത് എം.എല്‍.എമാര്‍ക്ക് നിയമസഭയില്‍ പരിരക്ഷ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിലാണ്. പരിരക്ഷ സംബന്ധിച്ച് വിശദമായ നിര്‍വചനമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നിയമസഭയ്ക്കുള്ളില്‍ ജനപ്രതിനിധി എന്ന നിലയിലുള്ള പരിരക്ഷ മാത്രമാണുള്ളത്.
അല്ലാതെ എന്തെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ നടപടികള്‍ക്കുള്ള പരിരക്ഷ ഇന്ത്യന്‍ ഭരണഘടനയോ മറ്റേതെങ്കിലും നിയമനിര്‍മാണ സഭ നല്‍കുന്നില്ല. അതിനാല്‍ത്തന്നെ ഈ കേസിലെ പ്രതികള്‍ക്ക് ജനപ്രതിനിധി എന്ന നിലയിലുള്ള പരിരക്ഷ അവകാശപ്പെടാനാവില്ല.
ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഈ കേസ് പിന്‍വലിക്കാനുള്ള അധികാരം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ചാണ് വിധി പ്രസ്താവത്തിന്റെ രണ്ടാം ഭാഗത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഈ കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍ അപേക്ഷ നല്‍കിയത്.
പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി തെറ്റാണ്. ഈ ഹര്‍ജി ആദ്യം തള്ളിയ തിരുവനന്തപുരം സി.ജെ.എം. കോടതിയുടെ നടപടി സുപ്രീം കോടതി ശരിവെച്ചു.
സംസ്ഥാനസര്‍ക്കാരിനുപുറമേ കേസില്‍ പ്രതികളായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2015 മാര്‍ച്ച് 13-നാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടക്കുന്നത്. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എം.എല്‍.എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.