റോബിൻ കൈതപ്പറമ്പ്
ഉണ്ണി ഈശോ വല്ല മണിമാളികയിലും പിറക്കാതിരുന്നത് വല്യ കഷ്ടമായിപ്പോയി എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്…. ഇതിപ്പോ അതിയാൻ്റെ പേരിൽ ഏതൊക്കെ രീതിയിലുള്ള ഗുണങ്ങളാണ് കച്ചവടക്കാർക്കും, പള്ളികൾക്കും ,പിന്നെ ഡിസെംബർ മാസത്തിൻ മാത്രം പൊട്ടിവിരിയുന്ന ചില തട്ടിക്കൂട്ട് ക്ലബുകൾക്കും ഉണ്ടാകുന്നത്.. പണ്ടു കാലങ്ങളിലൊക്കെ കരോൾന് പോവുക എന്നത് ഉണ്ണി ഈശോ ലോക രക്ഷകനായി പിറന്നു എന്ന സന്തോഷ വാർത്ത അറിയിക്കാനായിരുന്നെങ്കിൽ ഇന്നിപ്പോൾ അതൊക്കെ മാറി.. സന്തോഷ വാർത്ത അറിഞ്ഞാലും ഇല്ലെങ്കിലും എഴുതുന്ന ചെക്കിൻ്റെ കനവും, കൊടുക്കുന്ന കാശിൻ്റെ വലിപ്പവും പോലെ ഇരിക്കും ആ വീട്ടിലേക്കുള്ള ക്രിസ്മസ് സന്ദേശവും ആശംസകളും എന്നായിട്ടുണ്ട് കാര്യങ്ങൾ …
വന്ന് വന്ന് പള്ളിയിലോട്ട് പോകാൻ തന്നെ പേടി ആയിത്തുടങ്ങി .. കാരണം ഇന്നിനി അച്ചൻ ഏത് പിരിവിനെക്കുറിച്ചാണോ പറയാൻ പോകുന്നത് എന്ന ആശങ്കയാണ് ഓരോ ഭക്തരുടേയും ഉള്ളിൽ… Sunday school പിരിവ്, അമ്മപ്പിരിവ്, വസ്തുപ്പിരിവ്, picnic പിരിവ്, പെരുന്നാൾ പിരിവ്, പ്രാർഥനപ്പിരിവ് അങ്ങനെ തൊടുന്നതെല്ലാം പരിവ് പോരാത്തതിന് ആക്രി കച്ചവടവും അച്ചാറ് വിൽപ്പനയും. കുറച്ച് പ്രായമുള്ള ഐഹീക കാര്യങ്ങളെക്കളും കുഞ്ഞാടുകളുടെ ആത്മീക കാര്യങ്ങളിൽ അല്പം കൂടെ ശ്രദ്ധ ചെലുത്തുന്ന അച്ചൻമാരെ പള്ളീലോട്ട് കിട്ടുന്ന വിശ്വാസികൾ ഭാഗ്യവാൻമാർ. അവരാകുംബോൾ കുറെ എന്തിലും കുഞ്ഞാടുകളുടെ ആത്മീക കാര്യങ്ങളിൽ കുറച്ചൂടെ ശ്രദ്ധിക്കുമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് … ഇത് എൻ്റെ തോന്നലാണെ .. യൂത്തും കുഞ്ഞുങ്ങളും മാത്രമല്ലല്ലോ പള്ളികളിൽ വരുന്നത് !!!
അല്ല നമ്മൾ വിഷയത്തിൽ നിന്നും തെന്നിപ്പോകുന്നു. പറഞ്ഞു വന്നത് ക്രിസ്മസ് കരോളുകളുടെ കാര്യം ആണല്ലോ., അതിലേക്ക് വരാം .. നമ്മുടെ നാട്ടിലൊക്കെ കരോൾ പാടാൻ വരുന്നവർക്ക് നമ്മൾ എന്താണ് കൊടുക്കാറ് പതിവ് .. കാശ് കൊടുക്കും, ഇനി പള്ളിക്കാരോ അതും അല്ലെങ്കിൽ നേരത്തെ പറഞ്ഞു വെച്ചതനുസരിച്ച് വരുന്നവരാണെങ്കിൽ വല്ല കാപ്പിയോ മധുരമോ മറ്റോ കരുതും, അതു വാങ്ങിക്കഴിച്ച് നമ്മൾ കൊടുക്കുന്നതും മേടിച്ച് നല്ലൊരു പാട്ടും പാടി ലോക രക്ഷകൻ്റെ തിരു ജനനം അറിയിച്ച് സന്തോഷത്തോടെ പിരിയും. വീട്ടുകാർക്കും സന്തോഷം വന്ന് പോയവർക്കും സന്തോഷം… ആരും പറയാറില്ല ഞങ്ങളുടെ ഈ വർഷത്തെ വരുമാന ലഷ്യം ഇത്രയും ആണ് അതു കൊണ്ട് ഞങ്ങൾക്ക് ഇത്രയും കാശ് കിട്ടണം എന്ന് . പ്രത്രേകിച്ച് ഒരു സഭയിൽ നിന്നോ കൂട്ടായ്മയിൽ നിന്നോ വരുന്നവർ ഒരിക്കലും പറയും എന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കിൽ അതിന നുസരിച്ചുള്ള എന്തെങ്കിലും കാരണം അവർ പറയും…. ഉണ്ണി ഈശോ ജനിച്ച സന്തോഷം പങ്കുവെക്കാനും അതുവഴി കൂട്ടായ്മയുമായി സഭകൾക്കുള്ള ആത്മബന്ധം ഊട്ടി ഉറപ്പിക്കാനും വേണ്ടി മാത്രമാണ് കരോൾ കൊണ്ട് മിക്ക സഭകളും ഉദ്ദേശിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ നിർഭാഗ്യവശാൽ ഇക്കാലത്തെ ക്രിസ്മസ് കരോൾ കൊണ്ട് ഒട്ടുമിക്ക സഭകളും ലക്ഷ്യം വെക്കുന്നത് പണം മാത്രമാണ്. യേശു ക്രിസ്തു ജനിച്ചാലെന്ത് മരിച്ചാലെന്ത് ഒരു സിനിമയിൽ പറയുന്നതു പോലെ “പിരിവ് മുഖ്യം കുഞ്ഞാടുകളെ”. ക്രൂശിതനായ യേശുവിൻ്റെ ദിവ്യ ബലി അർപ്പിച്ച് ആ വിശുദ്ധ കുപ്പായം അഴിച്ച് വെക്കുന്നതിന് മുൻപ് തന്നെ ഇടയൻ പറയും…”ഈ ക്രിസ്മസ് കരോൾ കൊണ്ട് നമ്മൾക്ക് നല്ലൊരു തുക നീക്കിയിരിപ്പ് ഉണ്ടാക്കാൻ സാധിക്കണം , ആയതിനാൽ എല്ലാ കുഞ്ഞാടുകളും കുറഞ്ഞത് ഇത്ര രൂപ വെച്ച് തരണം (എത്ര എന്ന് ഞാൻ ഇവിടെ പറയുന്നില്ല ..കർത്താവ് പറഞ്ഞതുപോലെ” അറിയാവുന്നവർ മാത്രം ഊഹിച്ചെടുക്കട്ടെ” )
പണ്ടൊക്കെ ഇടവകാംഗങ്ങൾ കൂടിവരുന്ന ഇടങ്ങളിൽ അത് കുർബാനക്കായാലും, കുടുംബ പ്രാർത്ഥനകളിലായാലും ,ആരെങ്കിലും ഒരാൾ വരാതിരുന്നാലോ വിട്ടുനിന്നാലോ പിന്നീട് എവിടെ വെച്ചെങ്കിലും കണ്ടാൽ ഉടനെ ചോദിക്കും “നിന്നെ അവിടെ കണ്ടില്ലല്ലോ എവിടാരുന്നു” എന്ന്. ഇപ്പോൾ നി വന്നാലും വന്നില്ലെങ്കിലും ആരും അറിയുകയും ഇല്ല അന്വേഷിക്കുകയും ഇല്ല. പക്ഷേ പറയാതിരിക്കാൻ പറ്റില്ല കേട്ടോ …. പിരിവുണ്ടെങ്കിൽ കൃത്യമായി അന്വേഷിക്കുകയും ചെയ്യും നല്ലവനായ ഇടയനെപ്പോലെ തിരഞ്ഞ് കണ്ടെത്തുകയും ചെയ്യും …
കോവിഡ് മഹാമാരിയാൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിന്നപ്പോൾ, ഈയാം പാറ്റകൾ കണക്കെ മനുഷ്യർ മരിച്ച് വീഴുകയും, സഹോദരങ്ങൾ പരസ്പരം കാണാൻ പോലും മടിച്ച് നിൽക്കുകയും ചെയ്തിടത്തു നിന്നും ഇത്രത്തോളം നന്മകൾ നൽകി നമ്മൾ ഓരോരുത്തരേയും കരുതിയത് നമുക്ക് നന്ദിയോടെ ഓർക്കാം. പണപ്പിരിവിന് മാത്രമുള്ള ഒരു ഉപാധിയായി ഈ ക്രിസ്മസിനെ കാണാതെ സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ഉൽസവമായി നമുക്കീ ദിവസങ്ങളെ മാറ്റാം,
എല്ലാ വായനക്കാർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ