ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏഴോളം ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വന്നേക്കുമെന്ന് പ്രചാരണ സമിതി ചെയര്‍മാനും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുഖ്‌വിന്ദര്‍ സിങ് സുഖു.
നിലവില്‍ മൂന്ന് എം.എല്‍.എമാര്‍ പിന്തുണ അറിയിച്ചതായും സുഖ്‌വിന്ദര്‍ സുഖു മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സ്ഥിരതയുള്ള സര്‍ക്കാര്‍ കോണ്‍ഗ്രസ് രൂപീകരിക്കും. കോണ്‍ഗ്രസിന് 40 എം.എല്‍.എമാരാണുള്ളത്. മൂന്നിലധികം എം.എല്‍.എമാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ എം.എല്‍.എമാരുടെ എണ്ണം 43 ആയി ഉയരും. ബി.ജെ.പിയില്‍ നിന്നല്ലാതെ ആരും കോണ്‍ഗ്രസില്‍ നിന്ന് പൊഴിഞ്ഞുപോകില്ല. അത് കുപ്രചാരണമാണ്. വരും ദിവസങ്ങളില്‍ ആറോ ഏഴോ ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും സുഖു പറഞ്ഞു.
മുന്‍ കാലങ്ങളിലോ നിലവിലോ ഭാവിയിലോ ഒരു പദവിയിലേക്കും താന്‍ മത്സരിക്കില്ല. താനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എല്ലായ്പോഴും അങ്ങനെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും സുഖു പറഞ്ഞു. ഒരിക്കലും ഒരു പദവികളും ആഗ്രഹിച്ചിട്ടില്ല. കോണ്‍ഗ്രസ് എന്നെ സംസ്ഥാന അധ്യക്ഷനാക്കി. പാര്‍ട്ടി തനിക്ക് ഒരുപാട് പദവികള്‍ നല്‍കിയെന്നും നിര്‍ദേശം അനുസരിക്കേണ്ടത് തന്റെ കടമയാണെന്നും സുഖു വ്യക്തമാക്കി.
മുഖ്യമന്ത്രിപദവിയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് സുഖ്‌വിന്ദര്‍ സുഖുവിന്‍റേത്. സുഖുവിനെ കൂടാതെ ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയും വീര്‍ഭദ്ര സിങ്ങിന്‍റെ ഭാര്യയുമായ പ്രതിഭ സിങ്, നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയുടെ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്.
അതേസമയം, ഹിമാചലിലെ പുതിയ മുഖ്യമന്ത്രി സംബന്ധിച്ച തീരുമാനം വൈകുമെന്നാണ് റിപ്പോര്‍ട്ട്.