ഡല്‍ഹി: ചട്ടങ്ങള്‍ ലംഘിക്കാത്തതും മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ നല്‍കുന്നത് സംബന്ധിച്ച് പദ്ധതി സമര്‍പ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ബസുകളുടെ വശങ്ങളില്‍ പരസ്യങ്ങള്‍ പതിക്കുന്നത് ജനശ്രദ്ധ തിരിക്കാന്‍ ഇടയാക്കുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തില്‍ പിന്‍ഭാഗത്ത് പതിച്ചുകൂടേയെന്നും സുപ്രീം കോടതി ആരാഞ്ഞു.
പരസ്യത്തിനെതിരായ കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാത്ത വിധത്തില്‍ പരസ്യങ്ങള്‍ നല്‍കുന്ന വിഷയത്തില്‍ പദ്ധതി സമര്‍പ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ചോദിച്ചു. പദ്ധതി നിര്‍ദ്ദേശം പരിശോധിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പറഞ്ഞ ബെഞ്ച് കേസ് ജനുവരി 9ലേക്ക് മാറ്റി.
9,000 കോടി രൂപയുടെ കടബാധ്യതയുണ്ടായിട്ടും പൊതുസേവനം നടത്തുന്ന കോര്‍പ്പറേഷന് ഹൈക്കോടതി ഉത്തരവ് മൂലം പരസ്യവരുമാനത്തില്‍ പ്രതിമാസം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കെ.എസ്.ആര്‍.ടി.സിയുടെ ഹര്‍ജിയില്‍ പറയുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.