മലയാളഭൂമി ശശിധരൻനായർ
തിരുവനന്തപുരം: കവി, ഗാനരചയിതാവ്, സാഹിത്യകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ, സംഗീതസംവിധായകൻ, നിർമാതാവ് എന്നീ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരൻതമ്പിക്കാണ് ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയതാണ് ഈ വിവരം.
സർവമതസഹോദര്യത്തിനും സമഭാവനക്കും ശ്രീകുമാരൻതമ്പി നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഹരിവരാസനം പുരസ്‌കാരം അദ്ദേഹത്തിന് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ. ബിജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി. എസ്. പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
സ്വാമി അയ്യപ്പൻ അടക്കമുള്ള 85 സിനിമകൾക്ക് കഥയും തിരക്കഥയും രചിച്ചും, ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങൾ എന്നീ ആൽബങ്ങളിലൂടെയും ശ്രദ്ധേയനാണ് ശ്രീകുമാരൻതമ്പി.
മകരവിളക്ക് ദിവസം, ജനവരി 14 ന്, രാവിലെ 8 മണിക്ക് സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി പുരസ്‌കാരം സമർപ്പിക്കും.