ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യചൈന അതിര്‍ത്തിതര്‍ക്കത്തിന് അയവ്. ഒന്നരവര്‍ഷത്തോളം നീണ്ട കടുത്ത നിലപാടുകള്‍ക്കൊടുവില്‍ ഗോഗ്രയില്‍ (പട്രോളിങ് പോയന്റ് 17എ) നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പൂര്‍ണമായും പിന്‍വലിച്ചു.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായിട്ടാണ് ഇരുവിഭാഗത്തെയും സൈനികര്‍ മുന്‍സ്ഥിരതാവളങ്ങളിലേക്ക് മടങ്ങിയത്. ഏകപക്ഷീയമായ മാറ്റമൊന്നും മേഖലയില്‍ വരുത്തിയിട്ടില്ലെന്നും സംഘര്‍ഷത്തിനുമുമ്പുള്ള നിലയിലേക്ക് ഗോഗ്രയെത്തിയെന്നും വെള്ളിയാഴ്ച ഇന്ത്യന്‍ സൈന്യം അറിയിച്ചു.
പി.പി. 17എയിലെ താത്കാലികസംവിധാനങ്ങളും നിര്‍മാണങ്ങളും ഇരുവിഭാഗങ്ങളും പൊളിച്ചുമാറ്റി. ഇക്കാര്യം പരിശോധിച്ചുറപ്പുവരുത്തുകയും ചെയ്തു. 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇവിടെ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചിരുന്നത്. പിന്‍വാങ്ങല്‍ കരാര്‍ പ്രകാരം ഗോഗ്രയിലെ യഥാര്‍ഥനിയന്ത്രണരേഖ ഇരുവിഭാഗങ്ങളും കര്‍ശനമായി നിരീക്ഷിക്കും.
പ്രശ്നത്തിന് അന്തിമപരിഹാരമാവും വരെ ഇരുരാജ്യങ്ങള്‍ക്കും പട്രോളിങ് നടത്താന്‍ അധികാരമില്ലാത്തവിധം ഇവിടം ബഫര്‍ സോണായി തുടരും. കൂടുതല്‍ സൈനികരെ ഇനി വിന്യസിക്കുകയുമില്ല.
വെസ്റ്റേണ്‍ സെക്ടറിലെ (കിഴക്കന്‍ ലഡാക്കിനെ വെസ്റ്റേണ്‍ സെക്ടര്‍ എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്) നിയന്ത്രണരേഖയിലെ അവശേഷിക്കുന്ന പ്രശ്നങ്ങളില്‍ കൂടുതല്‍ ചര്‍ച്ചനടത്താനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധതയറിയിച്ചു.
വെസ്റ്റേണ്‍ സെക്ടറില്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും ഐ.ടി.ബി.പി.യും ഇന്ത്യന്‍സൈന്യവും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രശ്നബാധിതമേഖലകളില്‍ ഒരിടത്തുകൂടി പരിഹാരം കാണാനായെന്ന് സൈന്യം പറഞ്ഞു.
സംഘര്‍ഷം നിലനിന്ന ആറില്‍ നാലിടങ്ങളിലും ഇതോടെ സേനാപിന്മാറ്റമായി. അവശേഷിക്കുന്നത് രണ്ടിടങ്ങളിലാണ് ഡെസ്പാങ്ങിലും ഹോട് സ്പ്രിങ്സിലും. ഗോഗ്രയ്ക്കു പുറമേ, ഗാല്‍വാന്‍ താഴ്വര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരവും തെക്കന്‍ തീരവും എന്നിവിടങ്ങളിലാണ് നേരത്തേ പിന്മാറ്റമുണ്ടായത്.
ജൂലായ് 31ന് കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മോള്‍ഡോയില്‍ നടന്ന ഇന്ത്യചൈന പന്ത്രണ്ടാം കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലെ ധാരണാപ്രകാരമാണ് പിന്മാറ്റം. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.