ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഒളിംപിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ അത്‌ലറ്റിക്‌സില്‍ നിന്നുള്ള ആദ്യ സ്വര്‍ണ മെഡല്‍ നേട്ടമാണിത്.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്കുവേണ്ടി വ്യക്തിഗത സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ താരമായി നീരഡ് ചോപ്ര മാറി. ലോക ഒന്നാം നമ്പര്‍ താരം ജര്‍മ്മന്റെ വെറ്ററിനായിരുന്നു സ്വര്‍ണമെഡല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും നീരജ് ആ നേട്ടം സ്വന്തമാക്കുകയായിരുന്നു.
ഫൈനല്‍ മത്സരത്തില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര മെഡലുറപ്പിച്ചത്. ചെക്ക് റിപബ്ലിക്കന്‍ താരങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. 86.67 മീറ്റര്‍ ദൂരം കണ്ടെത്തിയ യാക്കൂബ് വെള്ളിയും 85.44 മീറ്റര്‍ ദൂരം കണ്ടെത്തിയ വെസ്‌ലി വെങ്കലവും നേടി.
ഇതോടെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം ഏഴായി. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടം കൂടിയാണ് ടോക്കിയോയില്‍ അടയാളപ്പെടുത്തിയത്. ലണ്ടന്‍ ഒളിംപിക്‌സില്‍ ആറ് മെഡല്‍ നേടിയതായിരുന്നു ഇതുവരെയുള്ള മികച്ച മെഡല്‍ നില. ഫൈനല്‍ പോരാട്ടത്തില്‍ രണ്ടാമതായാണ് നീരജ് ജാവ്‌ലിന്‍ കൈയിലെടുത്തത്.
യോഗ്യത മത്സരത്തില്‍ ജര്‍മ്മന്‍ ഇതിഹാസം വെറ്ററിനും മുകളില്‍ ദൂരം കണ്ടെത്തിയ നീരജ് ഇത്തവണ കൂടുതല്‍ മികച്ച ദൂരം കണ്ടെത്തി. 87.03 മീറ്ററിലാണ് നീരജിന്റെ ജാവ്‌ലിന്‍ ലാന്‍ഡ് ചെയ്തത്. ജര്‍മ്മനിയുടെ തന്നെ വെബര്‍ 85.30 മീറ്റര്‍ കണ്ടെത്തിയപ്പോള്‍ ചെക്ക് റിപബ്ലിക്കിന്റെ യാക്കൂബ് 83.98 മീറ്ററും കണ്ടെത്തി. വെറ്ററിന് 82.52 മീറ്റര്‍ മാത്രമാണ് ആദ്യ ത്രോയില്‍ ജാവ്‌ലിന്‍ എറിയാനായത്.
രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്റെ ദൂരം 87.58 മീറ്ററായി ഉയര്‍ന്നു. എന്നാല്‍ വെബര്‍ താഴേക്ക് പോയപ്പോള്‍ വെറ്ററിന്റെ ത്രോ ഫൗളായി കലാശിക്കുകയും ചെയ്തു. വെബറിന്രെ ദൂരം 77.90 മീറ്ററായിരുന്നു. രണ്ടാം റൗണ്ടിലും ആധിപത്യം തുടര്‍ന്ന നീരജ് സുവര്‍ണ പ്രതീക്ഷകള്‍ സജീവമാക്കി.
എന്നാല്‍ മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന് പിഴച്ചു. ടേക്ക് ഓഫിലെ പിഴവില്‍ താരത്തിന് 76.79 മീറ്റര്‍ ദൂരമെ കണ്ടെത്താന്‍ സാധിച്ചുള്ളു. എന്നാല്‍ ചെക്ക് റിപബ്ലിക് താരത്തിന്റെ 85.4 മീറ്റര്‍ ജര്‍മ്മന്‍ പ്രതീക്ഷകള്‍ക്ക് ഇരട്ട പ്രഹരമായി.നാലാം റൗണ്ടില്‍ നീരജിന്റെ ത്രോ ഫൗളാവുകയും ചെയ്തു. എന്നാല്‍ അപ്പോഴും മെഡല്‍ സാധ്യതകള്‍ അവസാനിച്ചിരുന്നില്ല.