തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ പ്രതി ഡോക്ടറെ ഭീഷണിപ്പെടുത്തുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
‘പെണ്ണായത് കൊണ്ടാണ്, മനസ്സിലായോ, അല്ലെങ്കില്‍ ഞാന്‍ ചുവരില്‍നിന്ന് വടിച്ചെടുക്കേണ്ടി വരും’ എന്ന് പ്രതി ഡോക്ടറോട് പറയുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ശേഷം ഡോക്ടറെ അസഭ്യം പറയുന്നതും മര്‍ദിക്കുന്നതും ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ മാലു മുരളി, സുരക്ഷാജീവനക്കാരന് സുഭാഷ് എന്നിവരെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ മണക്കാട് കരിമഠം കോളനിയിലെ റഷീദ്, വള്ളക്കടവ് സ്വദേശി റഫീഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൈക്കു പരിക്കേറ്റ റഷീദ് സ്ഥിരമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നയാളാണ്. റഫീഖിന് മുതുകില്‍ മുറിവു പറ്റിയാണ് വ്യാഴാഴ്ച രാത്രി അത്യാഹിതവിഭാഗത്തില്‍ എത്തിയത്. മുറിവ് എങ്ങനെയാണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചതോടെ റഫീഖ് പ്രകോപിതനായി ഡോക്ടറുടെ കൈ പിടിച്ചു തിരിക്കുകയും അസഭ്യംപറയുകയും ചെയ്തു.
ഇതു കണ്ട് തടയാനെത്തിയ സുഭാഷിനെ ഇരുവരും ചേര്‍ന്നു തള്ളിയിട്ടു മര്‍ദിച്ചു. ആശുപത്രിയിലിരുന്ന ഉപകരണങ്ങളെടുത്തും മര്‍ദിക്കാന്‍ ശ്രമിച്ചു. റഫീഖ് വീണ്ടും ഡോക്ടറെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് വീണ്ടും ജീവനക്കാരെ അസഭ്യം പറയുകയായിരുന്നു.
സംഭവത്തില്‍ തനിക്ക് മാനസികമായി ഏറെ വിഷമമുണ്ടായെന്ന് ഡോ. മാലു മുരളി പ്രതികരിച്ചു.’ഇതിലൊരാള്‍ കൈക്ക് മുറിവുപറ്റി സ്ഥിരമായി വരാറുള്ളതാണ്. വേദനയ്ക്ക് ഇന്ജക്ഷന് കൊടുത്തു വിടാറാണ് പതിവ്. കഴിഞ്ഞ ദിവസം ഇയാളോടൊപ്പം വന്നയാള്‍ കഴുത്തിന് പിന്നില്‍ മുറിവുണ്ടെന്ന് പറഞ്ഞു.
നോക്കിയപ്പോള്‍ രക്തസ്രാവമൊന്നും കണ്ടില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴാണ് ആക്രമം തുടങ്ങിയത്. അത് നിന്നോട് പറയേണ്ട ആവശ്യമില്ലെടീ എന്നു പറഞ്ഞു കൈയില്‍ പിടിച്ചു. തട്ടിമാറ്റിയപ്പോള്‍ വീണ്ടും കൈയില്‍ പിടിച്ച് തള്ളിയിട്ടു, നിലത്തു വീണു. വസ്ത്രമെല്ലാം വലിച്ചുകീറി.
ഓടിയെത്തിയ സെക്യൂരിറ്റിയെയും ക്രൂരമായി മര്‍ദിച്ചു. ഐ.വി. സ്റ്റാന്‍ഡ് ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചു. പിന്നീട് അസഭ്യവര്‍ഷമായിരുന്നു. ഇതിനിടെ വീണ്ടും മര്‍ദിക്കാന്‍ ശ്രമിച്ചു. അയാള്‍ മദ്യപിച്ചിട്ടില്ലെന്നാണ് കരുതുന്നത്. മദ്യത്തിന്റെ മണമില്ലായിരുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയമുണ്ട്.
സംഭവത്തെ തുടര്‍ന്ന് മാനസികമായി വളരെയേറെ വിഷമമായി. ഇനി ഈ അവസ്ഥ ആര്‍ക്കും ഉണ്ടാവരുത്. ശാന്തമായി ജോലി ചെയ്യാന്‍ കഴിയണം. ഒന്നര മാസത്തിനിടെ ഇത്തരത്തിലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നഴ്സിങ് ജീവനക്കാര്‍ക്ക് നേരേ അതിക്രമമുണ്ടായിട്ടുണ്ട്. സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണം’- ഡോ. മാലു മുരളി പറഞ്ഞു.