Sunday, February 23, 2025

HomeArticlesകോടതിയില്‍ രാഹുല്‍ തോറ്റതിന് മോദി എന്തു പിഴച്ചു

കോടതിയില്‍ രാഹുല്‍ തോറ്റതിന് മോദി എന്തു പിഴച്ചു

spot_img
spot_img

പി ശ്രീകുമാര്‍

പത്തുവര്‍ഷം മുന്‍പ് ദല്‍ഹിയില്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പത്രസമ്മേളനം നടത്തുകയാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്നതും ബിജെപി ശക്തമായി എതിര്‍ത്തതുമായ ഒരു ഓര്‍ഡിന്‍സിന്റെ മഹത്വം പാടാനായിരുന്നു പത്രസമ്മേളനം. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനുള്ളതായിരുന്നു വിവാദ ഓര്‍ഡിനന്‍സ്. പത്രസമ്മേളന വേദിയിലേക്ക് പാഞ്ഞുവന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി പാഞ്ഞുവന്ന് സര്‍ക്കാരിന്റെ നടപടി ശുദ്ധ വിവരക്കേടാണെന്നും ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശം നല്‍കുന്നതിനെ അനുകൂലിക്കാനാവില്ലെന്നും പ്രഖ്യാപിച്ചു. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലിടണമെന്നും തുറന്നടിച്ചു. അതോടെ അതുവരെ ഓര്‍ഡിനന്‍സിന്റെ മഹിമ പറഞ്ഞുകൊണ്ടിരുന്ന മാക്കന്‍ ഇളിഭ്യനായി. പ്രസ്താവന നടത്തിയ ശേഷം രാഹുല്‍ ഗാന്ധി സ്ഥലം വിടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്ത നടപടിക്കെതിരെ മന്‍ മോഹന്‍ സിംഗ് മൗനിയായി. രാജ്യത്തിന്റെ പൊതുവികാരം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു രാഹുല്‍ വീരവാദം പറഞ്ഞു.
കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ തീരുമാനമായി. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അയോഗ്യത നീക്കാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രം പിന്‍വലിച്ചു.
അമുല്‍ ബോയ് എന്ന പ്രതിച്ഛായയില്‍ നിന്ന് പക്വത വന്ന ദേശീയ രാഷ്ട്രീയ നേതാവ് എന്ന പരിവേഷമാണ് ഓര്‍ഡിനന്‍സിനെ എതിര്‍ത്തതിലൂടെ രാഹുല്‍ ഗാന്ധിക്ക് കൈവന്നിരിക്കുന്നത് എന്ന് കോണ്‍ഗ്രസുകാര്‍ വാഴ്ത്തിപ്പാടി. എല്ലാം തിരക്കഥയ്ക്ക് അനുസരിച്ച നാടകം എന്ന് പ്രതിപക്ഷം തുറന്നു പറഞ്ഞു.
പത്തു വര്‍ഷത്തിനു ശേഷം അതേ കോടതി ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായിരിക്കുന്നത്. മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി പ രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചു. തുടര്‍ന്ന് നിയമമനുസരിച്ച് അദ്ദേഹത്തിന്റെ പാര്‍ലമെന്റ്് അംഗത്വം നഷ്ടപ്പെടുകയും ചെയ്തു.രണ്ടായിരത്തി പത്തൊന്‍പതിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കുമ്പോള്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതാണ് കേസിനാസ്പദമായ സംഭവം. മോദി സമുദായത്തെ മുഴുവന്‍ കള്ളന്മാരായി ചിത്രീകരിക്കുന്ന പരാമര്‍ശമാണ് രാഹുല്‍ നടത്തിയത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമായിരുന്നു പ്രതികരണം. താനുള്‍പ്പെടുന്ന സമുദായത്തെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്നു കാണിച്ച് ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. രാഹുലിന് തരിമ്പെങ്കിലും രാഷ്ട്രീയ മര്യാദയോ പ്രതിപക്ഷബഹുമാനമോ ഉണ്ടായിരുന്നെങ്കില്‍ ആരെയെങ്കിലും മനഃപൂര്‍വം മോശക്കാരനാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ആര്‍ക്കെങ്കിലും പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും പറയാമായിരുന്നു. കോടതിയില്‍ കേസ് വന്നപ്പോഴാണെങ്കിലും മാപ്പ് പറയാനുള്ള അവസരമുണ്ടായിരുന്നു. റഫാല്‍ കേസില്‍ പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് സുപ്രീംകോടതിയില്‍ ഇപ്രകാരം മാപ്പുപറഞ്ഞ് രക്ഷപ്പെട്ടതാണ്. എന്നാല്‍ പിന്നീടും മറ്റുള്ളവരെ മോശക്കാരാക്കുന്ന പെരുമാറ്റം രാഹുല്‍ തുടരുകയായിരുന്നു. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് രാഹുലിനെതിരെ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി കൊടുത്ത കേസും നിലവിലുണ്ട്. ആര്‍എസ്എസിനെതിരെ സത്യവിരുദ്ധ പരാമര്‍ശം നടത്തിയതുള്‍പ്പെടെ മറ്റനേകം അപകീര്‍ത്തികേസുകളിലും രാഹുല്‍ കോടതികള്‍ കയറിയിറങ്ങുകയാണ്. ഈ കേസുകളിലും പ്രതികൂല വിധികളുണ്ടാവാനുള്ള സാധ്യത വളരെയേറെയാണ്. സൂറത്ത് കോടതിയുടെ വിധി ഒരു തുടക്കം മാത്രം.
രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും ദേശീയ നേതാക്കളെ കുറിച്ചുമെല്ലാം എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാര്‍ഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് പ്രചരണം നടത്തിയ രാഹുലിനെയും കോണ്‍ഗ്രസിനെയും ഇന്ത്യന്‍ ജനത തൂത്തെറിഞ്ഞിരുന്നു. ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്തത്.ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതി കയറി ഇറങ്ങുന്ന വ്യക്തിയാണ് രാഹുല്‍. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമാണ് രാഹുല്‍ നേരിടുന്നത്. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീര്‍ക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്നത്. ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകള്‍ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവര്‍ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇത്തരം ഒരു സംഭവം അറിഞ്ഞാല്‍ പൊലീസില്‍ അറിയിക്കേണ്ട ബാധ്യത പൗരന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും ചെയ്തില്ല. അതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ ഇരവാദം ഉയര്‍ത്തുകയാണ് രാഹുല്‍ ചെയ്തത്.

മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ തനിക്ക് ജന്മാവകാശമുണ്ടെന്ന് കരുതുകയും, രാജ്യത്തെ നിയമസംവിധാനത്തെയും കോടതിയെയും വിലകുറച്ചു കണ്ടതുമാണ് രാഹുലിന് വിനയായത്. ആരോപിക്കപ്പെട്ട കുറ്റത്തിന് കോടതി പരമാവധി ശിക്ഷ നല്‍കുമെന്ന് കോണ്‍ഗ്രസ് കരുതിയില്ല. അതല്ലെങ്കില്‍ പാര്‍ട്ടിയിലെ സേവകന്മാര്‍ രാഹുലിനെ അങ്ങനെ ധരിപ്പിച്ചു. താന്‍ നടപടിക്രമത്തിന് വഴങ്ങുക മാത്രമാണ് ചെയ്യുന്നതെന്നും, കോടതികള്‍ക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്നുമുള്ള മനോഭാവമാണ് ഈ കോണ്‍ഗ്രസ്സ് നേതാവിന്. സുപ്രീംകോടതിയുടെ പോലും വിമര്‍ശനമേറ്റിട്ടും പെരുമാറ്റത്തിന് മാറ്റം വരുത്താത്തത് ഇതുകൊണ്ടാണ്. സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച കാര്യം സൂറത്ത് കോടതി വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. പാര്‍ലമെന്റംഗമായതിനാല്‍ ശിക്ഷ കുറയുന്നത് കൂടുതലാളുകളെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് പറഞ്ഞാണ് പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവ് വിധിച്ചത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കക്ഷിയേയല്ല. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാനരഹിതവും വിദ്വേഷപൂര്‍ണവുമായ വിമര്‍ശനം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരിക്കുന്നത്. ഇതിനു മുന്‍പ് മറ്റ് നിരവധി നേതാക്കള്‍ക്ക് ഇപ്രകാരം അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. രാഹുലിന് മാത്രമായി നിയമം മാറില്ല. മറ്റുള്ളവര്‍ക്ക് നിയമം ബാധകമായിരിക്കും. പക്ഷേ ഞങ്ങളുടെ നേതാവ് നെഹ്‌റു കുടുംബാംഗമാണ്. ഇതിനാല്‍ പരിരക്ഷ വേണമെന്നു പറയുന്നത് ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ജനാധിപത്യമല്ല, കുടുംബാധിപത്യമാണ് ഞങ്ങള്‍ക്ക് വലുതെന്ന സമീപനം കോണ്‍ഗ്രസ് ഇനിയെങ്കിലും ഉപേക്ഷിക്കണം. രാഹുല്‍ അഹന്ത കയ്യൊഴിയുകയും വേണം. അത് ചെയ്യില്ല എന്ന് ഉറപ്പിക്കുകയാണ് രാഹൂല്‍.

.’അദാനിയെക്കുറിച്ച് ഞാന്‍ അടുത്തത് എന്തായിരിക്കും പറയാന്‍ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ നേരിട്ടു കണ്ടതാണ്. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താനുള്ള ശ്രമം’ എന്നുമൊക്കെ രാഹുല്‍ വീമ്പടിക്കുമ്പോള്‍ ജോഡോയാത്ര നടത്തിയിട്ടും പപ്പുമോന്‍ പപ്പുമോനല്ലാതായില്ല എന്നു പറയേണ്ടിവരും. രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചതിന് കോണ്‍ഗ്രസ്സുകാര്‍ കോടതിക്കുമേല്‍ കുതിരകയറുകയാണ്. തെറ്റു ചെയ്തത് തങ്ങളുടെ നേതാവല്ല, നിയമവും കോടതിയുമൊക്കെയാണെന്നും, ഇത് അംഗീകരിക്കാന്‍ പോകുന്നില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞുകൊണ്ടിരിക്കുന്നത്. കേസിന്റെ വിധി വന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുമായി കോണ്‍ഗ്രസ്സുകാര്‍ രംഗത്തെത്തിയത് തികഞ്ഞ കോടതിയലക്ഷ്യമാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അലഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ്സുകാര്‍ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തെ അനുസ്മരിപ്പിക്കുന്നതാണിത്. രാജ്യത്ത് പൗരാവകാശങ്ങള്‍ റദ്ദു ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ഇന്ദിരയുടെ സര്‍ക്കാര്‍ അലഹബാദ് കോടതിവിധിക്ക് മറുപടി നല്‍കിയത്. ഇന്ന് കോണ്‍ഗ്രസ്സിന് അധികാരമില്ലാത്തതിനാല്‍ അങ്ങനെ ചെയ്യുന്നില്ലെന്നു മാത്രം. ഇന്ദിരയുടെ കാര്യത്തില്‍ കണ്ടതുപോലെ രാഹുലിനെ പ്രതിരോധിച്ചുകൊണ്ട് അടിയന്തരാവസ്ഥക്കാലത്തെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിവിധിയോട് പ്രതികരിക്കുന്നത്. നിയമം അനുസരിച്ചില്ലെങ്കില്‍ നേതാവിന്റെ ഗതിതന്നെയായിരിക്കും ഈ വിധേയന്മാര്‍ക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments