ഏതാണ്ട് ഇരൂന്നൂറിലേറെ ആണവ മിസൈല്‍ ഭൂഗര്‍ഭ അറകള്‍ ചൈന നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ലോകത്തിനു തന്നെ വലിയ ഭീഷണിയാണ്.
അണ്വായുധ വിദഗ്ധരായ മാറ്റ് കോര്‍ദയും ഹാന്‍സ് ക്രിസ്റ്റിയന്‍സെനുമാണ് കഴിഞ്ഞ ആഴ്ചയില്‍ ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ മരുഭൂമിയില്‍ 800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി ആണവ മിസൈല്‍ ഭൂഗര്‍ഭ അറകള്‍ സ്ഥാപിക്കുന്ന വിവരം പുറത്തുവിട്ടത്.
ചൈനീസ് അണ്വായുധ ശേഖരത്തിന്റെ ഏറ്റവും നിര്‍ണായകമായ വിപുലപ്പെടുത്തലായിട്ടാണ് ഇവര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. നിലവിലുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ശേഖരം പത്തിരട്ടിയാക്കാനും ചൈന ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. ഭൂഖണ്ഡാന്തര ആണവമിസൈലുകളുടെ ഭൂഗര്‍ഭ അറകളുടെ എണ്ണത്തില്‍ റഷ്യയെ മറികടക്കാനും അമേരിക്കയുടെ പകുതിയിലെത്താനും ഈ നീക്കം കൊണ്ട് ചൈനയ്ക്ക് സാധിക്കും.
1964ല്‍ ആദ്യ ആണവ പരീക്ഷണം നടത്തിയ ശേഷം ഇന്നുവരെ പ്രതിരോധത്തിനായി മാത്രം അണ്വായുധം നിര്‍മിക്കുക എന്നതാണ് ചൈനയുടെ പ്രഖ്യാപിത ആണവ നയം. ആദ്യം അണ്വായുധം പ്രയോഗിക്കില്ലെന്നും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കുകള്‍ പ്രകാരം ചൈനയ്ക്ക് 350ഓളം അണ്വായുധങ്ങളാണുള്ളത്.
അമേരിക്കയ്ക്ക് ഏതാണ്ട് 5550 അണ്വായുധങ്ങളുള്ളപ്പോഴാണിത്. ഈ കണക്കില്‍ അതിവേഗം ചൈന വര്‍ധന വരുത്തുന്നുവെന്നതാണ് നിലവിലെ ആശങ്കക്ക് കാരണം.
അമേരിക്കയേയും റഷ്യയേയും അപേക്ഷിച്ച് കാലാകാലങ്ങളായി ചൈനീസ് അണ്വായുധങ്ങളില്‍ ഭൂരിഭാഗവും വിക്ഷേപണ തറയിലല്ല സൂക്ഷിച്ചിരിക്കുന്നത്. ചൈന അണ്വായുധം ഉപയോഗിച്ച് അതിവേഗത്തിലുള്ള ആക്രമണമോ പ്രത്യാക്രമണമോ ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണിത്. ആദ്യം അണ്വായുധം പ്രയോഗിക്കില്ലെന്ന നയവും ഇതിന് കാരണമാകുന്നുണ്ട്.
എന്നാല്‍, അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം തങ്ങള്‍ക്ക് വലിയ ഭീഷണിയായാണ് ചൈന കണക്കാക്കുന്നത്. ആദ്യം അണ്വായുധം പ്രയോഗിക്കില്ലെന്ന നയം മിസൈല്‍ പ്രതിരോധ സംവിധാനത്തോടെ നിരര്‍ഥകമാകുമെന്ന ആശങ്കയും ചൈന പങ്കുവെക്കുന്നുണ്ട്. അമേരിക്കയുടെ ഈ നയത്തിനെ ആണവശേഖരം വിപുലപ്പെടുത്തിയാകും ചൈന നേരിടുകയെന്ന് അര്‍ധ ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ ചൈനീസ് പ്രതിനിധികള്‍ സൂചന നല്‍കിയിരുന്നു.
ആദ്യം അണ്വായുധം പ്രയോഗിക്കില്ല എന്ന ഉറപ്പില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചാല്‍ ആക്രമണം നടത്തുമെന്ന നിലയിലേക്ക് ചൈനീസ് ആണവ നയം മാറുകയാണോ എന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അണ്വായുധം സ്വന്തം രാജ്യത്ത് പതിച്ചശേഷം പ്രതികരിക്കുന്നതിനേക്കാള്‍ ആക്രമണം പാതിവഴിയിലാണെന്ന സന്ദേശം ഉറപ്പിക്കുമ്പോള്‍ തന്നെ പ്രതികരിക്കാന്‍ ചൈനീസ് സൈന്യത്തിനാകും.
കൊണ്ടുപോകാനാവുന്ന ഭൂഖണ്ഡാന്തര മിസൈലുകളുടെ വന്‍ ശേഖരം ചൈനീസ് ജനകീയ വിമോചന സേനക്കുണ്ട്. ഇവയിലും അണ്വായുധം ഘടിപ്പിക്കാനാകും.
അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള മുങ്ങിക്കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളും ചൈനക്കുണ്ട്. കരയില്‍ അണ്വായുധങ്ങളും ലോഞ്ചറുകളും തമ്മില്‍ വേര്‍തിരിച്ച് സ്ഥാപിക്കാമെങ്കിലും മുങ്ങിക്കപ്പലില്‍ അത് സാധ്യമല്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അമേരിക്കയെ നേരിടുന്നതിന് ചൈനയുടെ അണ്വായുധ ശേഖരം വര്‍ധിപ്പിക്കണമെന്ന വാദം നേരത്തെ തന്നെ ചൈനയില്‍ ശക്തമാണ്. ഇതിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ നിന്നു തന്നെ പിന്തുണയുണ്ടെന്നാണ് കരുതപ്പെടുന്നത്.