മലയാള സിനിമയില്‍ നിന്ന് ചിലര്‍ മാറ്റിനിര്‍ത്തുകയും അവഗണിക്കുകയും ചെയ്തതായി നടി രമ്യാ നമ്പീശന്‍. ഒരു പ്രശ്നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംരംഭം തുടങ്ങിയതും സംസാരിക്കുന്നതുമെന്നും ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാകും. പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകള്‍ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. പ്രശ്നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിടുക. ഇവിടെ പിടിച്ചു നില്‍ക്കുക. ജോലി ചെയ്യുക എന്ന് തന്നെയാണ് പ്രധാനം. നമ്മുടെ നിലപാടുകള്‍ വച്ച് കാര്യങ്ങള്‍ ചെയ്യുക.
എല്ലാവര്‍ക്കും തുല്യ പരിഗണ ലഭിക്കുന്ന ഇന്‍സ്ട്രിയായി മലയാളം മാറട്ടെ. അതാണ് ഞങ്ങളുടെ ആഗ്രഹവും. എന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയില്‍ കൂടി ജോലി ചെയ്തതുകൊണ്ട് അവിടെ അവസരം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ സാധിച്ചു. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.