സ്വന്തം ലേഖകന്‍
ശിഷ്യന്മാരുടെ കാല് കഴുകി ലോകത്തിന് മുഴുവന്‍ ക്രിസ്തു എളിമയുടെ സന്ദേശം നല്‍കിയതിന്റെ ഓര്‍മപ്പെടുത്തലാണ് പെസഹാ വ്യാഴം.
‘കടന്നു പോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിനര്‍ത്ഥം. ബൈബിളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും പെസഹാ ആചരിക്കുന്നുണ്ട്. ഈജിപ്ത് അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനതയെ മോചിപ്പിച്ചതാണ് പഴയ നിയമത്തിലെ പെസഹാ. എന്നാല്‍ ക്രിസ്തു തന്റെ ശിഷ്യന്മാരോടൊത്ത് ഭക്ഷിച്ച അന്ത്യ അത്താഴമായി പുതിയ നിയമത്തില്‍ പെസഹാ.
പുതിയ നിയമത്തിലെ പെസഹായുടെ പിന്തുടര്ച്ചയാണ് ഇന്നത്തെ ക്രൈസ്തവരുടെ പെസഹാ ആചരണം. ശിഷ്യന്മാരുടെ കാല് കഴുകി ലോകത്തിന് മുഴുവന്‍ ക്രിസ്തു എളിമയുടെ സന്ദേശം നല്‍കിയതിന്റെ ഓര്‍മപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിലെ കാല്‍കഴുകല്‍ ശുശ്രൂഷ. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകളാണ് പുരോഹിതന് കഴുകി തുടച്ച് ചുംബിക്കുക. അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്.
പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും പ്രാര്‍ത്ഥനകളും. ക്രിസ്തുവിന്റെ എളിമയും വിനയവും മാതൃകയാക്കി ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശു തന്റെ പന്ത്രണ്ട് ശിഷ്യരുടേയും കാല് കഴുകിയത് അനുസ്മരിച്ച് ദേവാലയങ്ങളില്‍ പുരോഹിതര്‍ താലത്തില്‍ വെള്ളമെടുത്ത് വെണ്‍കച്ചയും അരയില്‍ ചുറ്റി പന്ത്രണ്ട് പേരുടെ പാദങ്ങള്‍ കഴുകി കച്ച കൊണ്ട് തുടച്ച ശേഷം ചുംബിക്കുന്നു.
പെസഹാ വിരുന്നും അപ്പവും:
പെസഹാ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളിലും വീടുകളിലും പെസഹാ വിരുന്ന് ഒരുക്കും. പെസഹാ വ്യാഴാഴ്ച ഒരുക്കുന്ന പെസഹാ വിരുന്ന്, യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ കുറിക്കുന്നതാണ്. ഈ ദിവസം ക്രൈസ്തവ വീടുകളില്‍ പെസഹ അപ്പവും (ഇണ്ട്രി അപ്പം) പെസഹാ പാലും ഉണ്ടാക്കുന്ന പതിവുമുണ്ട്. ഓശാന ഞായറാഴ്ചയില്‍ ദേവാലയങ്ങളില്‍ നിന്ന് പുരോഹിതര്‍ നല്കുന്ന കുരുത്തോല കീറി മുറിച്ച്, പെസഹാ അപ്പത്തിന് മുകളില്‍ കുരിശ് അടയാളത്തില്‍ വയ്ക്കുന്നു.
അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒത്തുചേരുകയും ഓരോ വീടുകളില്‍ പോയി അപ്പം മുറിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. ചില വീടുകളില്‍ പുത്തന്‍പാനയും വായിക്കുന്നു. കുടുംബത്തിലെ പ്രധാനി പ്രാര്‍ത്ഥനയ്ക്ക ശേഷം ഈ അപ്പം മുറിച്ച് തേങ്ങാ പാലില്‍ മുക്കി കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആള് മുതല്‍ താഴോട്ട് പങ്കുവയ്ക്കുന്നു. എന്നിരുന്നാലും ഓരോ ദേശമനുസരിച്ച് ഇതിന്റെ രീതികള്‍ മാറാറുണ്ട്.
പെസഹാ അപ്പം പുളിക്കാത്ത മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഈ അപ്പത്തിനെ പുളിയാത്തപ്പം, കുരിശപ്പം, ഇണ്ട്രി അപ്പം എന്നൊക്കെ പറയാറുണ്ട്. പെസഹാ അപ്പത്തിനും പാലിനും കേരളത്തില്‍ പ്രാദേശികമായി ചില മാറ്റങ്ങള്‍ ഒക്കെ കാണാറുണ്ട്.
ദവാലയങ്ങളില് കാല് കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടക്കും. ഈസ്റ്ററിലേക്ക് എത്തുന്ന വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന്‍ ശേഷവും ദുഃഖവെള്ളിക്ക് മുന്പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം.