ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞതായി കണ്ടെത്തല്‍. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് ജനപ്രിയതയില്‍ വലിയ കുറവ്‌സംഭവിച്ചിരിക്കുന്നത്. 2020 ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ 66 ശതമാനംപേര്‍ പ്രധാനമന്ത്രി പദത്തിലേക്ക് മോദിയെ പിന്തുണച്ചിരുന്നു. 2021 ജൂലൈ ആയപ്പോഴേക്ക് ഇത് 24 ശതമാനമായാണ് കുറഞ്ഞത്.
പ്രമുഖ മാധ്യമസ്ഥാപനം നടത്തിയ സര്‍വ്വേയിലാണ് മോദിയുടെ തുടര്‍ച്ചയായുള്ള നുണപ്രചരണങ്ങളും വാഗ്ദാന ലംഘനവുമാണ് ജനപ്രീതി ഇടിയുന്നതിന് കാരണമായതായി പറയുന്നത്.
എന്‍ഡിഎ സര്‍ക്കാരിന്‍െറ സാമ്പത്തിക നയങ്ങളില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിച്ചത് വലിയ ബിസിനസ്സുകള്‍ക്ക് മാത്രമാണെന്ന് 46 ശതമാനംപേര്‍ കരുതുന്നു.എന്‍ഡിഎ ഭരണത്തില്‍ സാമുദായിക ഐക്യം മെച്ചപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.
2021 ജനുവരിയില്‍ 55 ശതമാനം അങ്ങിനെ കരുതിയത് 34 ശതമാനം ആയി കുറഞ്ഞു. സാമുദായിക ഐക്യം വഷളായെന്ന് വിശ്വസിക്കുന്ന ആളുകള്‍ 22% ല്‍ നിന്ന് 34% ആയി ഉയര്‍ന്നു.
61% പേര്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ആളുകളെ ജോലി, ആനുകൂല്യങ്ങള്‍, തിരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ നിന്ന് തടയുന്നതിനെ അനുകൂലിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് 57% ആളുകള്‍ കരുതുന്നു. ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്ന് കരുതുന്ന ആളുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇത് 2021 ജനുവരിയില്‍ 45% ല്‍ നിന്ന് 2021 ഓഗസ്റ്റില്‍ 38% ആയി.
ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് തോന്നുന്ന ആളുകളുടെ എണ്ണം 42% ത്തില്‍നിന്ന് 45% വരെ ഉയര്‍ന്നു. അറസ്റ്റ് ഭയന്ന് ഇന്ത്യയില്‍ പ്രതിഷേധിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നുവെന്ന് 51% സമ്മതിക്കുന്നു.
2021 ജൂലൈ 10നും 20നും ഇടയില്‍, 19 സംസ്ഥാനങ്ങളിലെ 115 പാര്‍ലമെന്‍ററി, 230 നിയമസഭാ മണ്ഡലങ്ങളിലായാണ് സര്‍വ്വേ നടത്തിയത്.
ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് സര്‍വ്വേ നടന്നത്.മൊത്തം 14,559 പേര്‍ പങ്കെടുത്തു. 71 ശതമാനം ഗ്രാമീണ മേഖലയിലും 29 ശതമാനം നഗരപ്രദേശങ്ങളിലുമാണ് സര്‍വ്വേ നടന്നത്.
എന്‍ഡിഎ സര്‍ക്കാരിന്‍െറ ഏറ്റവും വലിയ നേട്ടം സുപ്രീം കോടതിയുടെ രാമക്ഷേത്ര വിധിയാണെന്ന് 22 ശതമാനംപേര്‍ കരുതുന്നു. മറ്റൊരു നേട്ടമായി ആളുകള്‍ കരുതുന്നത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ്. കേന്ദ്ര സര്‍ക്കാരിന്‍െറ ഏറ്റവും വലിയ പരാജയം വിലക്കയറ്റവും പണപ്പെരുപ്പവും, തൊഴിലില്ലായ്മയുമാണ്.
ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കോവിഡ് 19 ആണെന്ന് 23 ശതമാനംപേര്‍ പറഞ്ഞു. 19 ശതമാനം വില വര്‍ധനയും പണപ്പെരുപ്പവും ആണെന്നും 17 ശതമാനം തൊഴിലില്ലായ്മയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അഭിപ്രായപ്പെട്ടു.