ലാഹോര്‍: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അറസ്റ്റിന് പിന്നാലെ കലാപം. വിവിധ ഇടങ്ങളില്‍ പൊലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കറാച്ചിയില്‍ പ്രതിഷേധക്കാര്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. എയര്‍ഫോഴ്സ് മെമ്മോറിയലും പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തത്.്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാക്ക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം.
സെന്യം ഇമ്രാന് ഖാന്റെ വാഹനത്തെ വളയുന്നതും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇമ്രാന് ഖാനെ സൈന്യം മോശപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തതായി ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ ആരോപിച്ചു.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകള്‍ ഇമ്രാന് നേരിടുന്നുണ്ട്. കേസുകളില്‍ നിരവധി തവണ ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിട്ടും ഇമ്രാന് ഹാജരായിരുന്നില്ല.