തിരുവനന്തപുരം; സെക്രട്ടറിയേറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് ഇന്ന് രാവിലെ തീ പടര്‍ന്നത്. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് രാവിലെയോടെ തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി ഉടന്‍ തീയണച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മറ്റ് അനിഷ്ട സംഭവങ്ങളില്ലെന്നും പോലീസും ഫയര്‍ ഫോഴ്‌സും അറിയിച്ചു.
നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയിലാണ് രാവിലെ തീ പടര്‍ന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാരാണ് ഉടന്‍ ഫയര്‍ ഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചത്. പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു.
തീ പടര്‍ന്നത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലമാകാം തീപര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ പോലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും ഫയലുകള്‍ കത്തിനശിച്ചോ എന്നതിലും നിലവില്‍ വ്യക്തതയില്ല.