ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിന് കാരണം സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ചയെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി.
ആശുപത്രികളില്‍ 24 മണിക്കൂര്‍ സുരക്ഷാ സംവിധാനം വേണമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ആശുപത്രിയില്‍ പ്രതിയെ കൊണ്ടുപോകുമ്ബോഴുള്ള പ്രോട്ടോകോള്‍ ഉടന്‍ തയാറാക്കണമെന്ന് സര്‍ക്കാരിന് ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
വൈദ്യപരിശോധനാസമയത്തും പോലീസ് സുരക്ഷ വേണം. മജിസ്ടേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കുമ്ബോഴുള്ള മാനദണ്ഡങ്ങള്‍ പോലീസ് പാലിക്കണം. സുരക്ഷ ഒരുക്കുകയെന്നത് പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. വന്ദനാ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അതിവേഗം നിയമിക്കുന്നതും സര്‍ക്കാരിന് പരിഗണിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. സ്വന്തം ജീവന്‍ ത്വജിച്ചും പൊലീസ് ഡോ.വന്ദനയെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് നീരീക്ഷിച്ചു.
സ്വകാര്യ ആശുപത്രികള്‍ക്ക് നിലവില്‍ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളുണ്ട്. താലൂക്കാശുപത്രി ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ആശുപത്രികളിലാണ് ശക്തമായ സുരക്ഷാ സംവിധാനം വേണ്ടത്. ഇന്ന് നടക്കുന്ന ഡോക്ടര്‍മാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. അവര്‍ ഭയത്തില്‍ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കോടതി പരാമര്‍ശിച്ചു.
ഡിജിപിയും എഡിജിപിയും ഓണ്‍ലൈനായി ഹാജരായി കോടതിയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അലസമായി വിഷയത്തെ സര്‍ക്കാര്‍ കാണരുത്. കോടതി കുറ്റപ്പെടുത്തുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനെയല്ല. മൊത്തത്തിലുള്ള സംവിധാനത്തെയാണ്. പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപിനെ എത്തിച്ചതെന്നും കോടതി ചോദിച്ചു.
കുറ്റകൃത്യം നടന്ന പുലര്‍ച്ചെ സന്ദീപ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നു. ചിലര്‍ ആക്രമിക്കുന്നുവെന്നായിരുന്നു സന്ദീപ് പോലീസിനോട് പറഞ്ഞത്. പ്രതി ആശുപത്രിയില്‍ നടത്തിയ അക്രമങ്ങള്‍ സംബന്ധിച്ച് എ ഡി ജിപി സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിശദീകരിച്ചു. ആദ്യം സന്ദീപ് ഹോം ഗാര്‍ഡിനെയാണ് ആക്രമിച്ചത്. പിന്നീട് പോലീസിനെ ഉള്‍പ്പടെ പലരെയും ആക്രമിച്ച ശേഷമാണ് ഡോക്ടര്‍ വന്ദനയെ അക്രമിച്ചത്. വന്ദന പെട്ടെന്ന് ഷോക്കിലായി, എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. ആദ്യം വന്ദനയുടെ ശരീരത്തില്‍ പിന്‍ ഭാഗത്താണ് കുത്തേറ്റതെന്നും സന്ദീപിനെ പിന്‍തിരിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിയെന്നും നാല് മിനിറ്റുകൊണ്ടാണ് ഇത്രയും സംഭവങ്ങള്‍ നടന്നതെന്നും പോലീസ് അനാസ്ഥയുണ്ടായിട്ടില്ലെന്നും എ ഡി ജിപി വിശദീകരിച്ചു.
രണ്ട് പോലീസുകാരാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. പ്രൊസീജ്യര്‍ റൂമില്‍ പോലീസുകാരുടെ നിരീക്ഷണമുണ്ടായിരുന്നില്ലെന്ന് കോടതി സൂചിപ്പിച്ചു., പൊലീസിനെ കുറ്റം പറയാനല്ല, സംവിധാനത്തില്‍ പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കുകയാണെന്നും കോടതി സൂചിപ്പിച്ചു. പോലീസ് ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റുവെന്ന് കോടതി വാദത്തിനിടെ വാക്കാല്‍ പറഞ്ഞു.
എല്ലാ ദിവസവും ചെയ്യുന്ന റൂട്ടീന്‍ പോലെ ആയിപ്പോയി പ്രതിയെ കൈകാര്യം ചെയ്തത്,എല്ലാവരും ഓടി രക്ഷപെട്ടപ്പോള്‍ ഒരു പാവം പെണ്‍കുട്ടി പേടിച്ച് വിരണ്ടുപോയി.ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന പറഞ്ഞ് തള്ളികളയാനാവില്ല. സംഭവത്തെ ന്യായികരിക്കരുതെന്നും പൊലീസിനോട് കോടതി പറഞ്ഞു. പ്രതി ആക്രമിച്ചപ്പോള്‍ വന്ദനയെ രക്ഷിച്ചെടുക്കേണ്ട പൊലീസുകാര്‍ എവിടെയായിരുന്നു.
അന്വേഷണം വന്ദനക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം. അല്ലങ്കില്‍ വന്ദനയുടെ ആത്മാവ് പൊറുക്കില്ല. ഇനി ഒരു ഡോക്ടര്‍ക്കും ഈ അവസ്ഥ ഉണ്ടാകാത്ത വിധമുളള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ പൊലീസിന് കഴിയണം. അംഗീകരിച്ചാലും ഇല്ലെങ്കിലും സംവിധാനത്തിന്‍റെ പരാജയമാണെന്നും കോടതി പറഞ്ഞു.