ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ”കര്‍ണാടകയില്‍ 136 സീറ്റ് നേടി, മധ്യപ്രദേശില്‍ 150 സീറ്റുകള്‍ നേടും” രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്.
മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുലുമായി പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കമല്‍നാഥും യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നങ്ങള്‍ മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രചാരണവിധേയമാകുമെന്ന് പാര്‍ട്ടി നേരത്തേതന്നെ പറഞ്ഞിരുന്നു.
2018ല്‍ ജനവിധി ബിജെപിയെ പ്രതിപക്ഷത്ത് ഇരുത്തിയെങ്കിലും 2020ല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണതിനെത്തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 2005 നവംബര്‍ 29 മുതല്‍ ശിവരാജ് സിങ് ചൗഹാനാണ് ബിജെപിയുടെ മുഖ്യമന്ത്രി മുഖം. ഇത്തവണയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം പിടിക്കാനാണ് ബിജെപിയുടെ പദ്ധതി.