ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
കാനഡയില്‍ ഇതിനോടകം കാട്ടുതീ വന്‍ നാശം വിതച്ചിട്ടുണ്ട്, 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.
പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യുബെക് സിറ്റിയില്‍ 20,000 ഹെക്ടര്‍ പ്രദേശമാണ് തീ വിഴുങ്ങിയത്. അമേരിക്കയിലും കാനഡയിലും വായു നിലവാര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ടൊറൊന്റോ, ക്യുബെക്, ഒന്റാരിയോ നഗരങ്ങള്‍ പൂര്‍ണമായും പുകയില്‍ മൂടിയ അവസ്ഥയിലാണ്.
അമേരിക്കയിലെ ന്യൂയോര്‍ക്ക്, ഒഹിയോ വാലി, മിഷിഗണിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും പുക എത്തിയിട്ടുണ്ട്.