ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി – എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാൻഡ്. ബാലാജിയെ ആശുപത്രിയിലെത്തി കണ്ട് ജുഡീഷ്യൽ മജിസ്ട്രേറ്റ് നടപടികൾ പൂർത്തിയാക്കി.
18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നാടകീയ സംഭവങ്ങളാണ് ആശുപത്രിയിൽ ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ച മന്ത്രി പൊട്ടിക്കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അനുയായികളുടെ പ്രതിഷേധങ്ങൾക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിക്കു പുറത്ത് ഉൾപ്പെടെ കേന്ദ്രസേനയുടെ കാവലും ഏർപ്പെടുത്തി.