മുംബൈ : നടന് അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷി!ന്ഡെയ്ക്ക് ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്; ഇതോടെ ഷിന്‍ഡെയെ സുരക്ഷാ സംഘത്തില്‍ നിന്നു പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
എക്സ് – കാറ്റഗറി സുരക്ഷയുള്ള ബച്ചന് അംഗരക്ഷകരായുള്ള 2 കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളാണ് ഷിന്‍ഡെ. ശമ്പളത്തിനു പുറമേ, നടനില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഷിന്‍ഡെ വരുമാനമുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാരന് രണ്ടിടത്തു നിന്നു ശമ്പളം കൈപ്പറ്റരുത്.
നടന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിട്ടില്ലെന്നും സെലിബ്രിറ്റികള്‍ക്കു സുരക്ഷാ ഗാര്‍ഡുകളെ നല്കുന്ന സെക്യൂരിറ്റി ഏജന്‍സി തന്റെ ഭാര്യ നടത്തുന്നുണ്ടെന്നും വരുമാനം അതില്‍നിന്നാണെന്നും ഇയാള്‍ മൊഴി നല്‍കിയതായാണു വിവരം.
5 വര്‍ഷത്തിലധികം കോണ്‍സ്റ്റബിള്‍മാരെ ഒരാള്‍ക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്ക് ഇടാറില്ലെങ്കിലും 2015 മുതല്‍ ഷിന്‍ഡെ ബച്ചനൊപ്പമുണ്ട്. മുംബൈ ഡി.ബി.മാര്‍ഗിലെ പൊലീസ് സ്റ്റേഷനിലേക്കാണു സ്ഥലം മാറ്റിയത്.