ന്യൂഡല്‍ഹി: കേന്ദ്രവും പത്തു സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി.യുടെ വരുമാനം ഒരുവര്‍ഷം കൊണ്ട് 50 ശതമാനത്തിലേറെ വര്‍ധിച്ചപ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുള്ള കോണ്‍ഗ്രസിന്റേത് 25.7 ശതമാനം കുറഞ്ഞു.
രാജ്യത്തെ ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനത്തില്‍ 76 ശതമാനവും ബി.ജെ.പി.ക്കാണ്. 2019’20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കുംകൂടി ആകെ ലഭിച്ചത് 4758 കോടി രൂപയാണ്. അതില്‍ 3623 കോടിയും ബി.ജെ.പി.ക്കാണ് കിട്ടിയത്.
വിവിധ ഉറവിടങ്ങളില്‍ നിന്നായി 2018’19ല്‍ ബി.ജെ.പി.ക്ക് 2410 കോടി രൂപ ലഭിച്ചത് തൊട്ടടുത്ത സാമ്പത്തികവര്‍ഷം 50.34 ശതമാനം വര്‍ധിച്ചു. കോണ്‍ഗ്രസിന് ഇതേ കാലയളവിലെ വരുമാനം 918 കോടി രൂപയില്‍ നിന്ന് 682 കോടിയായി കുറഞ്ഞു.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കണക്കുകള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സി.പി.എമ്മിന് 2018’19ല്‍ 100 കോടി രൂപയായിരുന്നത് അടുത്ത സാമ്പത്തികവര്‍ഷം 158 കോടിയായി. എന്‍.സി.പി.യുടേത് 50 കോടിയില്‍നിന്ന് 85 കോടിയായും വര്‍ധിച്ചു. ശതമാനക്കണക്കില്‍ ഏറ്റവും വരുമാനം വര്‍ധിച്ചത് (68.77 ശതമാനം) എന്‍.സി.പി.ക്കാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനം 192 കോടിയില്‍ നിന്ന് 143 കോടിയായി കുറഞ്ഞു. ബി.എസ്.പി.യുടേത് 69 കോടിയില്‍നിന്ന് 58 കോടിയായും സി.പി.ഐ.യുടേത് 7.15 കോടിയില്‍ നിന്ന് 6.58 കോടിയായും കുറഞ്ഞു.
സംഭാവന നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ പണം സ്വീകരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകളാണെന്ന് കണക്കുകളില്‍ വ്യക്തം. ദേശീയപ്പാര്‍ട്ടികളുടെ വരുമാനത്തില്‍ 63 ശതമാനത്തോളവും ബോണ്ടുകളില്‍ നിന്നാണ്. ബി.ജെ.പി.ക്ക് 2555 കോടിയും കോണ്‍ഗ്രസിന് 317.86 കോടിയും ബോണ്ടുകള്‍ വഴിയാണ്. അതേസമയം, സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ബി.എസ്.പി.യുടെയും വരുമാനം സംഭാവനകളും മറ്റ് മാര്‍ഗങ്ങളില്‍ നിന്നുള്ളതുമാണ്.
കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബോണ്ടിനെതിരേ രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ സുതാര്യത ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന്റെ ആകെ വരുമാനത്തില്‍ പകുതിയോളം തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയാണ് വന്നത്.