ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: ഫൊക്കാനയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സ്വതന്ത്ര സ്വഭാവമുള്ള എത്തിക്സ് കമ്മിറ്റി നിലവില്‍ വന്നു. ചില സമാന്തര സംഘടനകളില്‍ അടുത്ത കാലങ്ങളില്‍ ഉണ്ടായ ലൈംഗികാരോപണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഫൊക്കാനയില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടായാല്‍ അക്കാര്യങ്ങളില്‍ സുതാര്യമായ അന്വേക്ഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ഫൊക്കാനയുടെ മുതിര്‍ന്ന വനിതാ നേതാവും മുന്‍ പ്രസിഡണ്ടുമായ മറിയാമ്മ പിള്ള അധ്യക്ഷയായ 5 അംഗ എത്തിക്സ് കമ്മിറ്റിയെ നിയമിച്ചത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെയും ട്രസ്റ്റി ബോര്‍ഡിന്റെയും സീനിയര്‍ നേതാക്കന്മാരുടെയും സംയുക്ത യോഗമാണ് എത്തിക്സ് കമ്മിറ്റിയെ നിയമിക്കാന്‍ തീരുമാനിച്ചത്. ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ഡോ.കല ഷഹി, നാഷണല്‍ കമ്മിറ്റി അംഗവും വിമന്‍സ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രേവതി പിള്ള, ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും നിലവില്‍ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ ഡോ. മാമ്മന്‍ സി. ജേക്കബ്, ഫൊക്കാനയുടെ സീനിയര്‍ നേതാവും മുന്‍ പ്രസിഡണ്ടുമായ കമാണ്ടര്‍ ജോര്‍ജ് കൊരുത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഫൊക്കാനയില്‍ ഏതെങ്കിലും പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ലൈംഗിക പീഡനം, സ്ത്രീകളോടുള്ള അവഹേളനം, ലൈംഗിക ചുവയോടുള്ള മനപ്പൂര്‍വ്വമുള്ള സംഭാഷണങ്ങള്‍ തുടങ്ങിയ ആരോപണങ്ങള്‍ മേലില്‍ ഉണ്ടായാല്‍ പരാതിക്കാര്‍ക്ക് ഈ സമിതി മുന്‍പാകെ പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.
സമിതിയുടെ പ്രവര്‍ത്തനം സ്വതന്ത്രമായതിനാല്‍ ആര്‍ക്കും ഇതില്‍ ഇടപെടാനാവില്ല. പരാതികള്‍ എത്ര ഉന്നതര്‍ക്കെതിരെയാണെങ്കിലും ഈ സമിതി നിഷ്പക്ഷവും സുതാര്യവും സമഗ്രവുമായ അന്വേക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള ശിപാര്‍ശ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്തിക്സ് കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അനുസരിച്ച് പരാതിക്കാരിക്ക് നീതി ഉറപ്പാക്കും വിധം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി.
രണ്ടു വര്‍ഷമാണ് സമിതിയുടെ കാലാവധി. പുതിയ കമ്മിറ്റികള്‍ അധികാരത്തില്‍ എത്തിയ ശേഷം എത്തിക്സ് കമ്മിറ്റി പുനര്‍സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്തിക്സ് കമ്മിറ്റിയുടെ പ്രവര്‍ത്തന രൂപരേഖകള്‍ കമ്മിറ്റി അംഗങ്ങള്‍ കൂടിയാലോചന നടത്തി തയാറാക്കിയ ശേഷം ട്രസ്റ്റി ബോര്‍ഡിന് സമര്‍പ്പിക്കുന്നതായിരിക്കുമെന്നും ഫിലിപ്പോസ് അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ ഏതു അതിക്രമങ്ങളിലും ഫൊക്കാനയുടെ നിലപാട് കര്‍ശനമായിരിക്കുമെന്ന് ഫൊക്കാനജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി വ്യക്തമാക്കി. ഫൊക്കാനയില്‍ സ്ത്രീ ശാക്തീകരണത്തിന് മുന്‍ തൂക്കം നല്‍കിക്കൊണ്ടാണ് ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൊക്കാനയുടെ പ്രഥമ വനിത പ്രസിഡണ്ട് ആയ എത്തിക്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ പിള്ള ചിക്കാഗോ മലയാളികള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന സംഘടനാ, സാമൂഹിക, സന്നദ്ധപ്രവര്‍ത്തകയാണ്. നാലപ്പത്തിനായിരത്തിലധികം മലയാളി നഴ്സുമാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതില്‍ സഹായിച്ചിട്ടുള്ള മറിയാമ്മ പിള്ള 10 നഴ്സിംഗ് ഹോമുകളുടെ നടത്തിപ്പ് ചുമല വഹിച്ചിരുന്നു.
35 വര്‍ഷക്കാലം ഈ നഴ്സിംഗ് ഹോമുകളുടെ ചുമതല വഹിച്ചതുകൊണ്ടാണ് ഇത്രയും ആളുകള്‍ക്ക് തൊഴില്‍ കണ്ടെത്തിക്കൊടുക്കാന്‍ കഴിഞ്ഞത്. ആദ്യമായി അമേരിക്കയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ആര്.എന്‍, എല്‍.പി.എന്‍., സി.എന്‍. എ, അക്കൗണ്ടന്‍സി തുടങ്ങിയ പ്രാഥമിക കോഴ്സുകള്‍ നേരിട്ട് നല്കിയയാണ് ഇവര്‍ക്ക് തൊഴില്‍ നേടിക്കൊടുത്തത്.
ഒരേ സമയം 4000 ജീവനക്കാരെ വരെ മാനേജ് ചെയ്തിട്ടുള്ള മറിയാമ്മ പിള്ള പരിശീലനം നല്കിയ നിരവധി പേര് ഇപ്പോള്‍ പല ഹോസ്പിറ്റലുകളുടെ മാനേജ്മെന്റ് തലപ്പത്തു വരെ പ്രവര്‍ത്തിക്കുന്നു. മറ്റെല്ലാ കര്‍ത്തവ്യങ്ങളില്‍ നിന്നു വിരമിച്ച മറിയാമ്മ പിള്ള നിലവില്‍ ഒരു ഹോം ഹെല്‍ത്ത് കെയര്‍ നടത്തിവരികയാണ്. ചിക്കാഗോ മലയാളികള്‍ക്കിടയില്‍ മറിയാമ്മചേച്ചിയും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫൊക്കാനയുടെ ഉരുക്കു വനിത എന്നുമാണ് അവര്‍ അറിയപ്പെടുന്നത്. ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്വെന്ഷന് ഒരു ചരിത്ര സംഭവമാക്കിയത് മറിയാമ്മ പിള്ള എന്ന ഈ ഉരുക്കു വനിതയുടെ കഴിവിന്റെ മികവുകൊണ്ടാണ്.
സമിതിയംഗങ്ങളിലെ മറ്റൊരു വനിതാ പ്രതിനിധി ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹിയാണ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ടു ക്ലിനിക്കുകള്‍ നടത്തുന്ന ഏറെ തിരക്കുള്ള ഒരു ഡോക്ടര്‍ ആണ് കല. ഈ തിരക്കുകള്‍ക്കിടയിലും ഡോ. കല അറിയപ്പെടുന്നത് വാഷിംഗ്ടണ്‍ മേഖലയിലെ ഏറ്റവും മികച്ച ഒരു കലാകാരി എന്നനിലയിലാണ്. ഫൊക്കാന കണ്വെന്ഷന് കലാവേദികള്‍ ഉണരുന്നതു തന്നെ കലയുടെ നേതൃത്തിലുള്ള വാഷിംഗ്ടണില്‍ നിന്നുള്ള കലാകാരിയുടെ മാസ്മരിക കലാവിരുന്നുകള്‍ കൊണ്ടാണ്.
ചുരുങ്ങിയ കാലംകൊണ്ട് ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വിമന്‍സ് ഫോറത്തിന് നേതൃത്വം നല്കിയ ഡോ. കല കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളും പരിമിതികളും തരണം ചെയ്തുകൊണ്ടാണ് ഇത്രയേറെ പരിപാടികള്‍ വെര്‍ച്വല്‍ ആയി നടത്തിയത്. ഫൊക്കാന വിമന്‍സ് ഫോറത്തെ ഇന്റര്‍നാഷണല്‍ തലത്തില്‍ വരെ വിപുലീകരിച്ചുകൊണ്ട് 140 അംഗ കമ്മിറ്റിയാണ് കലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
മറ്റൊരു വനിതാ പ്രതിനിധിയായ ബോസ്റ്റണില്‍ നിന്നുള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ രേവതി പിള്ള ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു കലാകാരിയും സംഘടകയുമെന്ന നിലയിലാണ് . ബോസ്റ്റണില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന രേവതി പിള്ള ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് മെമ്പര്‍ കൂടിയാണ്. കേരള അസോസിയേഷന് ഓഫ് ന്യൂ ഇംഗ്ലണ്ട് മുന്‍ സെക്രട്ടറികൂടിയായ രേവതി പിള്ള അറിയപ്പെടുന്ന സംഘാടക കൂടിയാണ്.
ഫൊക്കാനയുടെ മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ആയ ഡോ. മാമ്മന്‍ സി. ജേക്കബ് ഫൊക്കാനയുടെ തല മുതിര്‍ന്ന നേതാക്കന്മാരില് ഒരാളാണ്. തെരെഞ്ഞെടുപ്പിനെതിരെയുള്ള നിയമ നടപടികളും സമാന്തര പ്രവര്‍ത്തനവും മൂലം ഫൊക്കാനയെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയ ഈ കഴിഞ്ഞ വര്‍ഷം ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍ ഡോ. മാമ്മന്‍ സി. ജേക്കബ് ഏറെ സൗമ്യതയോടെ സ്വധൈര്യം പ്രതിസന്ധികളെ തരണം ചെയ്തു മുന്നില്‍ നിന്ന് പോരാടിയതുകൊണ്ടാണ് ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതിക്ക് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് സമൂഹ നന്മക്കായി മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാന്‍ കഴിഞ്ഞത്. ഫൊക്കാനയില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുണ്ടായ റോചെസ്റ്റര്‍ കണ്‍വെന്‍ഷന്റെ അമരക്കാരനായിരുന്ന അദ്ദേഹം അന്ന് ഫൊക്കാനയുടെ ജനറല്‍ സെക്രെട്ടറികൂടിയായിരുന്നു.
ഫൊക്കാനയുടെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് എത്തിക്സ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കമാണ്ടര്‍ ജോര്‍ജ് കോരുത്. ഫ്ലോറിഡയിലെ മലയാളികള്‍ക്കിടയില്‍ സംഘടനാ ഭേദമന്യേ ഏവരും ബഹുമാനിക്കുന്ന ഈ നേതാവ് ഫൊക്കാനയുടെ മുന്‍ പ്രസിഡണ്ട് കൂടിയാണ്. ഫൊക്കാനയുടെ ഏതു പ്രതിസന്ധിയിലും ഒപ്പം നില്‍ക്കാറുള്ളകമാണ്ടര്‍ കൊരുതിന് ഏറെ സൗമ്യതയോടെ പ്രതിസന്ധികളെ നേരിടുന്നുള്ള ആര്‍ജ്ജവമുണ്ട്. ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് എന്നും ഒപ്പം നിന്നിട്ടുള്ള അദ്ദേഹത്തെ മുന്‍പും ഇത്തരത്തിലുള്ള പല സമിതികളിലും നിയമിച്ചിട്ടുണ്ട്.