പി. പി ചെറിയാൻ
ന്യൂയോർക്ക്: ഹിന്ദു , ജൈന, സിഖ്, ബുദ്ധമതക്കാർ ആഘോഷിക്കുന്ന ദീപാവലി ഉത്സവം അടുത്ത വർഷം മുതൽ പൊതു സ്കൂൾ അവധിയായി മാറുമെന്ന് പ്രഖ്യാപിച്ചു ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് .
‘ദീപാവലി സ്‌കൂൾ അവധിയാക്കാനുള്ള പോരാട്ടത്തിൽ നിയമസഭാംഗം ജെനിഫർ രാജ്കുമാറിനും കമ്മ്യൂണിറ്റി നേതാക്കൾക്കുമൊപ്പം നിന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ വർഷം അൽപ്പം നേരത്തെയാണെന്ന് എനിക്കറിയാം, പക്ഷേ: ശുഭ് ദീപാവലി! എന്നാണ് തിങ്കളാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തത്.
ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ (ഡി) സ്‌കൂളുകൾ ലൈറ്റ്‌സ് ഫെസ്റ്റിവൽ ആചരിക്കാൻ അനുവദിക്കുന്ന നിയമനിർമ്മാണത്തിൽ ഒപ്പുവെക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്ന് ആഡംസ് പറഞ്ഞു.
ഇന്ന്, സ്റ്റേറ്റ് അസംബ്ലിയും സ്റ്റേറ്റ് സെനറ്റും ദീപാവലി ന്യൂയോർക്ക് സിറ്റി പബ്ലിക് സ്‌കൂൾ അവധി ആക്കുന്ന ബിൽ പാസാക്കിയതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് ആഡംസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ ഈ ബില്ലിൽ ഒപ്പുവെക്കാൻ പോകുന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇത് ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സ്ത്രീപുരുഷന്മാരിൽ നിന്നും ദീപാവലി ആഘോഷിക്കുന്ന എല്ലാ കമ്മ്യൂണിറ്റികളിൽ നിന്നും മാത്രമല്ല, ന്യൂയോർക്കിന്റെ വിജയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്ക് നഗരത്തിലുടനീളം 600,000-ത്തിലധികം ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും ദീപാവലി ആഘോഷിക്കുന്നുണ്ടെന്ന് രാജ്കുമാർ പറഞ്ഞു. ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വനിതയും ആദ്യത്തെ ഹിന്ദു-അമേരിക്കൻ വംശജയുമാണ് താനെന്നും അവർ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി, ദക്ഷിണേഷ്യൻ, ഇൻഡോ-കരീബിയൻ സമൂഹം ഈ നിമിഷത്തിനായി പോരാടുകയാണ്, ഇതാണ് വിജയം എന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ ദിവസം ഒരിക്കലും വരില്ലെന്ന് ആളുകൾ പറഞ്ഞു, എന്നാൽ ഇന്ന് ഞങ്ങൾ സിറ്റി ഹാളിനുള്ളിൽ വിജയികളായി നിൽക്കുന്നു. ഞങ്ങളുടെ സമയം വന്നിരിക്കുന്നു, ഞങ്ങൾ അധികാരത്തിന്റെ മേശയിൽ എത്തിയിരിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
സാധാരണയായി ഒക്‌ടോബർ പകുതി മുതൽ നവംബർ പകുതി വരെ അഞ്ചോ ആറോ ദിവസം ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ഈ വർഷം, ഫെസ്റ്റിവൽ നവംബർ 12 ന് ആരംഭിക്കും, അതിനാൽ ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് ആ ദിവസം അവധിയായിരിക്കും.