തിരുവനന്തപുരം: സിപിഎം ഉന്നത നേതാവിനെ ലക്ഷ്യമിട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ സാമ്ബത്തിക ആരോപണം.
ഉന്നതന് രണ്ടു കോടിയില്‍പ്പരം രൂപ പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയതായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശക്തിധരന് ആരോപിച്ചത്. വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് അദ്ദേഹം. ചെത്തുതൊഴിലാളിയുടെ മകന് ഇപ്പോള്‍ കോടീശ്വരനാണ്. വന്‍കിടക്കാര്‍ നല്കിയ കോടികള്‍ കൊച്ചി കലൂരിലെ ഓഫീസില്‍ വച്ച് എണ്ണാന്‍ താന്‍ നേതാവിനെ സഹായിച്ചതായും ശക്തിധരന് ആരോപിക്കുന്നു.
കറന്‍സി പൊതിയുന്നതിന് താനും മറ്റൊരു സഹപ്രവര്‍ത്തകനും ചേര്‍ന്നാണ് കൈതോലപ്പായ വാങ്ങിയത്. ഇന്നോവ കാറിന്റെ ഡിക്കിയില്‍ ഇട്ടാണ് പണം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത്. നിലവിലെ ഒരു മന്ത്രി കാറില്‍ ഉണ്ടായിരുന്നതായും ശക്തിധരന് ആരോപിച്ചു.
മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്തുലക്ഷം രൂപയുടെ രണ്ടുകെട്ടുകള്‍ ഈ ഉന്നതന് കൈപ്പറ്റി. ഇതില്‍ ഒരുകവര്‍ പാര്‍ട്ടിസെന്ററില്‍ ഏല്‍പ്പിച്ചുവെന്നും ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ ഇനിയും വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ശക്തിധരന്റെ നിലപാട്.