ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ചൊവ്വാഴ്ച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്ബാകെ ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്ങ്വി ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഹര്‍ജി പരിഗണിക്കണമെന്ന് ആയിരുന്നു അഭിഭാഷകന്റെ ആവശ്യം. ഇതേതുടര്‍ന്ന്, വെള്ളിയാഴ്ച്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു.
‘എല്ലാ കള്ളൻമാര്‍ക്കും മോദിയെന്ന് പേര് വരുന്നതെങ്ങനെ?’- എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിന് ആധാരം. രാഹുല്‍ മോദി സമുദായത്തെ മുഴുവൻ അവഹേളിച്ചെന്ന് ആരോപിച്ച് ഗുജറാത്തിലെ ബിജെപി നേതാവ് പുര്‍ണേഷ്മോദി നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് സൂറത്തിലെ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
രാഹുലിനെ രണ്ടുവര്‍ഷം തടവിനും ശിക്ഷിച്ചു. ഇതേതുടര്‍ന്ന്, രാഹുലിനെ എംപിസ്ഥാനത്ത് നിന്നും അയോഗ്യനാക്കി. സൂറത്ത് കോടതി വിധിക്ക് എതിരെ രാഹുല്‍ നല്‍കിയ അപ്പീല്‍ സെഷൻസ്കോടതിയും ഹൈക്കോടതിയും തള്ളി. ഇതേ തുടര്‍ന്നാണ്, അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.