കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് കാസർകോട്ട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ. വിവിധ മതവിഭാഗങ്ങൾക്കിടയിൽ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നത് മുസ്‌ലിം ലീഗിന്റെ നയമല്ലെന്നും രഞ്ജിപ്പും സൗഹാർദവും ഉണ്ടാക്കുന്നതിന് ഓരോ പ്രവർത്തകനും തയ്യാറാകണമെന്നത് പാർട്ടിയുടെ അടിസ്ഥാന തത്വമാണെന്നും മുനവ്വറലി തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കേസ് എടുത്തു. മുദ്രാവാക്യം വിളിച്ചു നൽകിയ യൂത്ത് ലീഗ് പ്രവർത്തകൻ അബ്ദുൽ സലാം അടക്കം അഞ്ചുപേരെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലുരാവി ചിറമ്മൽ ഹൗസിലെ ഹസ്സൈനാർ മകൻ അബ്ദുൽ സലാം (18), കല്ലുരാവി, കല്ലുരാവി ഹൗസ് ഷാഫി മകൻ ഷെരിഫ് (38), നിലേശ്വരം കാലിച്ചാനടുക്കം അൻവർ മൻസിലിൽ ഹമീദിന്റെ മകൻ ആഷീർ (25), ഇക്ബാൽ റോഡിലെ എ. പി. മൊയ്ദു മകൻ അയൂബ് പി.എച്ച് (45), പടന്നക്കാട് കാരക്കുണ്ടിലെ ഷംല മൻസിലെ അബുബക്കർ മകൻ പി.മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിൽ ആയത്
മണിപ്പൂർ ഐക്യദാർഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.കണ്ടാൽ അറിയുന്ന മൂന്നൂറ് പ്രവർത്തകർക്കെതിരെയാണ്് പൊലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. ബിജെപി വക്താവ് അമിത് മാളവ്യ അടക്കമുള്ളവർ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സുരക്ഷിതരാണോ?. പിണറായി വിജയന്റെ പിന്തുണയാണ് ഇവർക്ക് ഇതിന് ധൈര്യം നൽകുന്നതെന്നും അമിത് മാളവ്യ വീഡിയോ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു. കേരളം പൂർണമായും മതമൗലികവാദത്തിന്റെ കേന്ദ്രമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂർ കലാപത്തിനെതിരെയെന്ന പേരിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹിന്ദുക്കളെ അമ്പലത്തിനുള്ളിൽ പച്ചയ്ക്ക് ചുട്ടു കൊല്ലും എന്ന കൊലവിളി പ്രകടനത്തിന് ആഹ്വാനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന നേതാക്കൾക്കെതിരെയും കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. നേതാക്കളുടെ അറിവോടെയാണ് ഹിന്ദുക്കൾക്കെതിരായ കൊലവിളി നടത്തിയത്. തീവ്രവാദികൾക്ക് ലീഗിന്റെ ഉന്നതരുടെ സംരക്ഷണമുണ്ടെന്നത് വ്യക്തമായെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടുകാർ അരിയും മലരും കുന്തിരിക്കവും വീട്ടിൽ കാത്തുവച്ചോ , വരുന്നുണ്ട് നിന്റെ കാലൻമാർ എന്നു വിളിച്ച മുദ്രാവാക്യത്തെ കടത്തിവെട്ടുന്നതാണ് നാഴികയ്ക്ക് നാല്പതുവട്ടം തങ്ങൾ മതേതരന്മാരാണെന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗുകാർ വിളിച്ചത്. തങ്ങളുടെ സഖ്യകക്ഷിയായ മുസ്ലിംലീഗിന്റെ നിലപാടിനെ കോൺഗ്രസ് തള്ളിപ്പറയുന്നുണ്ടോ എന്നുകൂടി അറിയാൻ കേരളത്തിലെ ജനങ്ങളാഗ്രഹിക്കുന്നു.
സ്വീക്കർ എഎൻ ഷംസീർ ഹിന്ദു വിശ്വാസങ്ങൾക്കെതിരെ പറഞപ്പോൾ സർക്കാർ നടപടിയെടുക്കാത്തതാണ് ഇത്തരക്കാർക്ക് പ്രചോദനം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരം പ്രവണതകളെ കണ്ടില്ലെന്ന് നടിക്കാനാണ് സംസ്ഥാന സർക്കാരും ഇടതുപക്ഷമുന്നണിയും ശ്രമിക്കുന്നതെങ്കിൽ അതിനെതിരെ ശക്തമായി ബി.ജെ.പി പോരാടുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.