പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിന്റെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ടെന്ന് ഭാര്യ അഫ്‌സാന മൊഴി നല്‍കിയ നൗഷാദിനെ കണ്ടെത്തി.
തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ നിന്നാണ് നൗഷാദിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.
രാവിലെയാണ് നൗഷാദ് തിരോധാനത്തില്‍ പൊലീസിന് വിശ്വസനീയമായ വിവരം ലഭിക്കുന്നത്. നിരന്തരം മാറ്റിമാറ്റിപ്പറഞ്ഞിരുന്ന അഫ്‌സാനയുടെ മൊഴി വിശദമായി പരിശോധിച്ച പൊലീസ് സംഘം, യുവതി പറയുന്നത് പൂര്‍ണമായും കളവാണെന്ന നിഗമനത്തിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നൗഷാദ് ജീവനോടെ ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിന് ഉടലെടുത്തത്.
പിണങ്ങിപ്പോയ നൗഷാദിനെ കണ്ടെത്തണമെന്നും അഫ്‌സാന ഇടയ്ക്ക് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നൗഷാദിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും, സമാന്തരമായി നൗഷാദിനെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയായിരുന്നു.
കേസില്‍ ഇത്രത്തോളം വാര്‍ത്തയായ സാഹചര്യത്തില്‍ നൗഷാദ് ജീവനോടെ ഉണ്ടെങ്കില്‍ ഉടന്‍ അറിയാനാകുമെന്ന് നൗഷാദിന്റെ ഉമ്മയോട് അന്വേഷണ സംഘം പറഞ്ഞിരുന്നു. പൊലീസിനെ കബളിപ്പിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അഫ്‌സാനയ്‌ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.