ഇംഫാല്‍: വംശീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നത് തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി.
തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്‌തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കുക്കി- സൊ സമുദായം കൂട്ടസംസ്‌കാരം നിശ്ചയിച്ചിരുന്നത്.
രാവിലെ ആറുമണിക്ക് കോടതി ചേര്‍ന്നാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്‍, ജസ്റ്റിസ് എ ഗുണേശ്വര്‍ ശര്‍മ്മ എന്നവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഈ മാസം ഒമ്ബതു വരെ തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.
കൂട്ടസംസ്‌കാരം നിശ്ചയിച്ചതിനെത്തുടര്‍ന്ന് സംസ്‌കാരത്തിനായി കണ്ടെത്തിയ സ്ഥലത്ത് രാത്രി മുതല്‍ ഇരു വിഭാഗങ്ങളും തമ്ബടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷ സാധ്യതയും ഉടലെടുത്തു. ഈ സ്ഥിതി പുലര്‍ച്ചെ അഞ്ചു മണിക്ക് ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ എച്ച് ദേവേന്ദ്ര ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്നാണ് രാവിലെ ആറുമണിക്ക് കോടതി ചേര്‍ന്ന് കേസ് പരിഗണിച്ചതും നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചതും. ഇരു സമുദായങ്ങളിലും പെട്ടവര്‍ സംഘടിച്ചെത്തിയതോടെ, വീണ്ടും അക്രമങ്ങള്‍ക്കും സംഘര്‍ഷത്തിനും സാധ്യതയുണ്ടെന്നും ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാന്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി മണിപ്പൂര്‍, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്‌കാരം നടത്തേണ്ട സ്ഥലം മെയ്‌തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്‌കാരം നടത്തിയാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. കുക്കി സമുദായത്തിന് കീഴിലുള്ള ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ( ഐടിഎല്‍എഫ്) ആണ് കൂട്ട സംസ്‌കാരം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.
കൂട്ട സംസ്‌കാരം മാറ്റിവെക്കണമെന്ന് ആഭ്യന്തരമന്ത്രാലയം കുക്കി സമുദായ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കൂട്ടസംസ്‌കാരം അഞ്ചുദിവസത്തേക്ക് നീട്ടിവെക്കാമെന്ന് ഐടിഎല്‍എഫ് നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. മണിപ്പൂരില്‍ മെയ് മൂന്നിനു ശേഷമുണ്ടായ സമുദായ സംഘര്‍ഷങ്ങളില്‍ 160 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.