കോവിഡിന്റെ തുടക്ക കാലമാണ്. ലോകമെമ്പാടുമുള്ള മഹാമാരിയുടെ ഭയപ്പെടുത്തുന്ന വാർത്തകളാണ് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും ടീവിയിലുമെല്ലാം വരുന്നത്.
ലിഫ്റ്റ് ഉപയോഗിക്കുന്നത് സേഫ് അല്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് സ്റ്റെയർകേസിലൂടെ താഴേക്ക് പോകാം. താഴേക്ക് ഇറങ്ങിയപ്പോൾ അപ്പുറത്ത് ഫ്ലാറ്റിലുള്ള ഗോപാൽ സ്റ്റെയർകെയ്സ് കയറി വരുന്നു. ഒന്ന് ചിരിച്ചു. എന്തോ ഒന്ന് കുശലവും ചോദിച്ചു. വടക്കേ ഇന്ത്യക്കാരനാണ് ഗോപാൽ. ഫ്ലാറ്റിൽ നിന്നും താഴെ ഇറങ്ങി വഴിത്താരയിലൂടെ ഒന്ന് കറങ്ങി. ഒരുപാട് കെട്ടിടങ്ങളുള്ള, മനോഹരമായി ഉണ്ടാക്കിയ റോഡുകളും, പൂന്തോട്ടങ്ങളും, കളിസ്ഥലങ്ങളും ഉള്ള അപാർട്മെന്റ് സമുച്ചയമാണ്. റോഡുകളെല്ലാം വിജനമാണ്. ഇന്നലെ പെയ്ത മഴയുടെ നനവ് റോഡിലുണ്ട്. മെച്ചപ്പെട്ട ഡ്രൈനേജ് ഉണ്ടെങ്കിലും അങ്ങിങ്ങായി വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. എപ്പോഴും തിരക്കുള്ള റോഡുകൾ ആയിരുന്നു. എല്ലാവരും നടക്കാൻ ഇറങ്ങുന്ന വഴി. ഇപ്പോൾ വളരെ കുറച്ചുപേർ മാത്രം. ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല. ഉള്ളവർതന്നെ കർശനമായി ദൂരം സൂക്ഷിക്കുവാൻ ശ്രമിയ്ക്കുന്നു. എല്ലാവരും നിശ്ശബ്ദരാണ്, എല്ലാവരുടെയും മുഖത്ത് ഭയം തങ്ങിനിൽക്കുന്നു. കോവിഡിനു വേണ്ടിയുള്ള ജോലിക്കാർ നിശ്ശബ്ദരായി തിരക്കിട്ട് ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നു. അവർ ലിഫ്റ്റുകളും വഴിത്താരകളും വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്നു.
പാർക്കിനടുത്തുള്ള സിമെന്റ് ബെഞ്ചുകൾ പായലു പിടിച്ചു കിടക്കുന്നു. കോവിഡ് തുടങ്ങിയ ശേഷം ആരും അവിടെ ഇരിക്കാറില്ല. കളി സ്ഥലങ്ങളിൽ ആരവങ്ങളില്ല, സ്കേറ്റിംഗ് നടത്തി ഓടി നടക്കുന്ന കുട്ടികളില്ല. അംബര ചുംബികളായ ബഹുനില മന്ദിരങ്ങൾ യുദ്ധ സാഹചര്യത്തിലെന്നോണം മരവിച്ച് നില്കുന്നു. അതിന്റെ വരാന്തകളിലൊന്നും ആരുടെയും നിഴലുകൾ പോലുമില്ല. പൂന്തോട്ടത്തിലേക്ക് നോക്കാൻ തന്നെ ഭയം തോന്നുന്നു. കിളികളും പൂമ്പാറ്റയുമെല്ലാം പറന്നു നടക്കുന്നുണ്ട്, എന്നാൽ അവയൊന്നും നമ്മെ ആകർഷിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്നില്ല. എല്ലായിടത്തും ഒരു മൂകത തളം കെട്ടി നിൽക്കുന്നു. എല്ലാവരും അതീവ ശ്രദ്ധയിലാണ്, എങ്ങനെയും മഹാമാരി പിടിപെടാതെ നോക്കണം. ഒരിടത്തും തൊടാൻ പോലും പേടിയാണ്. സ്വന്തം കൈകൾ പോലും ശരീരത്തിൻറെ മറ്റ് സ്ഥലങ്ങളിൽ സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധാലുവാണ്. മന്ദമായടിക്കുന്ന കാറ്റിനെപ്പോലും സംശയമാണ്. അത് രോഗവാഹകർ ആണോ? അതിൽ രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നുണ്ടോ?
മാസ്ക്ക് ഉപയോഗിക്കുന്നുണ്ട്. ആദ്യമായി മാസ്ക്ക് ഉപയോഗിക്കുന്നതിന്റെ അസഹ്യതയുണ്ട്. മുൻപ് പരിചയമില്ലാത്ത ഒന്നാണല്ലോ. കൂടുതൽ നടക്കാതെ തിരികെ വീട്ടിൽ പോകണം. ലിഫ്റ്റ് ഉപയോഗിക്കാൻ ഒക്കില്ല, നടന്നിറങ്ങിയത് പോലെയല്ല, നാല് നില നടന്ന് കയറണം. പ്രായം ഏറി വരുന്നു. ചെറുപ്പ കാലത്തായിരുന്നു എങ്കിൽ ഇതൊക്കെ ഓടിക്കയറുമായിരുന്നു. ഇപ്പോൾ നടന്നു കയറുന്നത് തന്നെ ബുദ്ധിമുട്ടായിത്തീർന്നു. രണ്ടു പാക്കറ്റ് പാലും വാങ്ങി സ്റ്റെയർകെയ്സ് വഴി തന്നെ തിരിച്ചു കയറി. ഇടയ്ക്ക് ഓരോ ഫ്ലോറിലും ഒന്ന് നിന്ന് കിതപ്പ് മാറ്റണമെന്നുണ്ട്. പക്ഷെ ആ ചുറ്റുപാടിൽ നില്കുവാനുള്ള ധൈര്യമില്ല. വേഗം വീട്ടിലെത്തണം.
വീട്ടിലെത്തിയപ്പോൾ വാട്സാപ്പ് മെസ്സേജുകൾ കണ്ടു. ഗോപാലിന് കോവിഡ് സ്ഥിരീകരിച്ചു. ആകെ ഭയമായി. അദ്ദേഹം സ്റ്റെയർകേസിൽ വച്ച് അടുത്തുകൂടി കടന്നുപോയതാണ്. അല്പം കുശലാന്വേഷണവും നടത്തിയതാണ്. എങ്ങാനും അദ്ദേഹത്തിൻറെ കോണ്ടാക്ടിൽ നിന്നും കോവിഡ് പകരുമോ ? പരിഭ്രാന്തിയായി. പുറത്തെവിടെയോ തട്ടും, മുട്ടലും കേൾക്കാം, വാതിലിന്റെ സുഷിരത്തിലൂടെ പുറമേയ്ക്ക് നോക്കി. അപാർട്മെന്റ് മാനേജ്മെൻറ്, കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു , അടുത്തുള്ള വീടുകളുടെ മുൻ വാതിലുകൾ പ്ലൈവുഡ് ഷീറ്റ് കൊണ്ട് ആണി അടിച്ചു ബ്ലോക്ക് ചെയ്യുകയാണ്. ഇനി ഞങ്ങളുടെ വാതിലും അടയ്ക്കും. പേടി തോന്നി. ഇനി 14 ദിവസത്തേക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. അത് നീണ്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഞങ്ങളുടെ ഫ്ലോറും മുകളിലെയും താഴത്തെയും ഫ്ലോറുകളും കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ഗോപാലിന്റെ ഭാര്യയെ ഫോൺ ചെയ്ത് രോഗ വിവരം തിരക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അത് ഒരു കടമയാണല്ലോ. സഹജീവിക്ക് ഒരു നിസ്സാരമായ സഹായം പോലും ചെയ്യാൻ സാധിക്കാത്ത, ഒന്ന് നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം. അത്തരം വലിയ നിസ്സഹായാവസ്ഥയിലാണ് മനുഷ്യൻ ജീവിക്കുന്നതെന്നുള്ള ഒരു യാഥാർത്യമാണ് മുന്നിൽ നിൽക്കുന്നത്.
കോവിഡ് തുടങ്ങിയപ്പോൾ തന്നെ കുറെ വീട്ടുസാധനങ്ങൾ വാങ്ങി സൂക്ഷിച്ചത് കൊണ്ട് സമാധാനമായി. പാലിനു പകരം മിൽക്ക് പൗഡർ ഉപയോഗിക്കാം, പക്ഷെ പച്ചക്കറികൾ വേണമല്ലോ. മെസ്സേജുകൾ വന്നുകൊണ്ടേയിരുന്നു. കൂടുതൽ ആൾക്കാർക്ക് കോവിഡ് ബാധിച്ചെന്ന കാര്യങ്ങളാണ് അതിൽ കൂടുതലും, അതോടൊപ്പം കർശനമായ നിബന്ധനകളും അറിയിപ്പുകളായി വരുന്നു. ആർക്കും പുറമേക്ക് പോകാനോ ബന്ധുക്കൾക്ക് പോലും അകത്തേക്ക് വരാനോ സാധിക്കാത്ത അവസ്ഥ. പുറമെ പോയ സ്വന്തം കുട്ടികളെപ്പോലും വീട്ടിൽ വരാൻ അനുവദിക്കുന്നില്ല. എല്ലാ മാനുഷിക പരിഗണനകളെയും കാറ്റിൽ പറത്തുന്നു. പുറമെയുള്ള ഓരോ ചലനങ്ങളും സംശയവും പേടിയുമുണ്ടാക്കി. അയൽക്കാരൻ അരുൺ, മുൻ വാതിലിന്റെ സുഷിരത്തിൽ ക്യാമറ വെച്ച് ലോബിയിലുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. ചിലതെല്ലാം ഞങ്ങളെ അറിയിക്കുന്നുമുണ്ട്.
എല്ലാത്തിനും ചില ചിട്ടകൾ കൊണ്ടുവന്നു. ആഹാരമൊക്കെ മിതമാക്കി. ചൂടുവെള്ളം മാത്രമേ കുടിക്കൂ, ആര് ഫോൺ വിളിച്ചാലും ആരോഗ്യം സംരക്ഷിക്കാനുള്ള ഉപദേശങ്ങളാണ്, എന്ത് കഴിക്കണം, എന്ത് കുടിക്കണം. ആരുടെയും ഉപദേശങ്ങളെ തള്ളിക്കളയാനാകുന്നില്ല. ചിലതൊക്കെ പ്രാബല്യത്തിൽ വരുത്തുക തന്നെ ചെയ്തു, ജീവൻ രക്ഷിക്കേണ്ടേ..
14 ദിവസം കഴിഞ്ഞു. സമാധാനമായി. ഗോപാലിന്റെ അസുഖം കുറഞ്ഞു. ഞങ്ങൾക്ക് ബാധിച്ചതുമില്ല. ആശ്വാസത്തിന്റെ നാൾ. ഇനി പുറത്തിറങ്ങാമല്ലോ. ഒന്ന് പുറത്തിറങ്ങി, പക്ഷെ പെട്ടെന്ന് തന്നെ തിരിച്ചു കയറി പോന്നു. വീടിന്റെ അകത്തെ സുരക്ഷിതത്വം, വീടിന് അകത്തേക്ക് തന്നെ കൂടുതൽ ഒതുങ്ങാൻ പ്രേരിപ്പിക്കുന്നു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. കോവിഡ് പ്രോട്ടോക്കോളിന്റെ നിബന്ധനകളിൽ അയവു വന്നു. ഇനി വേണമെങ്കിൽ സമുച്ചയത്തിന് പുറത്തു പോകാം. ഇത്ര കാലം ജയിലിൽ അടയ്ക്കപ്പെട്ട പ്രതീതിയായിരുന്നു. കാലാവസ്ഥ മാറി, ഏപ്രിൽ മെയ് മാസത്തിൻറെ ചൂടിലേക്ക് കടന്നു. ഇടക്കൊക്കെ ചൂട് കൂടുമ്പോഴുള്ള വേനൽ മഴ കിട്ടുന്നുണ്ട്. പൂക്കാലമാണ്. എവിടെ നോക്കിയാലും വ്യത്യസ്ത വർണങ്ങളിലുള്ള പൂക്കളാണ്. ഉദ്യാന നഗരമെന്ന പേര് അന്വർത്ഥമാക്കുന്ന പൂക്കളുടെ കാഴ്ച വിസ്മയങ്ങൾ. മരങ്ങളെല്ലാം പൂവിട്ടു നിൽക്കുന്നു. അതിൽ മെയ് ഫ്ലവറും, ഇലയില്ലാതെ നിൽക്കുന്ന ചെറി ബ്ലോസ്സങ്ങളും, പേരറിയാത്ത പൂവുകളുള്ള ഒരുപാട് മരങ്ങളും, ചെടികളുമെല്ലാം റോഡുകളെ മനോഹരമാക്കി തീർത്തിരിക്കുന്നു.
ഇനി നാട്ടിലേക്ക് പോകണം. ചിന്തകളെല്ലാം നാടിനെ ചുറ്റിപ്പറ്റിയായി, യാത്രയെക്കുറിച്ചായി. കോവിഡ് കാലത്തെ വിരസമായ നഗര ജീവിതത്തിൽ നിന്നും ഒരു ചെറു നഗരത്തിലേക്കുള്ള യാത്ര സ്വപ്നം കാണുകയാണ്. സ്വന്തം നാട്ടിലേക്കും വീട്ടിലേക്കുമുള്ള യാത്ര. സ്വന്തം നാടും, വീടും, പ്രതീക്ഷ നൽകുന്ന ആശ്വാസം തേടിയുള്ള യാത്ര. മരുഭൂമിയിലെ മരുപ്പച്ച തേടിയുള്ള യാത്ര പോലെ. ആ യാത്ര തുടങ്ങണം.. എപ്പോൾ?, എങ്ങനെ? .. അതൊരു ചോദ്യചിഹ്നമായി മനസ്സിൽ തങ്ങി നിന്നു.