ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ യോര്‍ക് ഷെയറിലെ വീടിന് കറുത്ത തുണി മൂടി ‘ഗ്രീന്‍പീസ്’ പരിസ്ഥിതി പ്രവര്‍ത്തകര്‍. പുതുതായി നൂറുകണക്കിന് എണ്ണ, പ്രകൃതിവാതക പദ്ധതികള്‍ക്ക് അനുമതി നല്‍കിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
ഫോസില്‍ ഇന്ധന നയത്തില്‍ പ്രതിഷേധിച്ചവര്‍ ”ഋഷി സുനക് -എണ്ണ ലാഭമോ നമ്മുടെ ഭാവിയോ” എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ചു. നാലുപേര്‍ മാളികയുടെ മേല്‍ക്കൂരയില്‍ കയറി കറുത്ത തുണി മൂടി. ഇതിന്റെ വിഡിയോ ‘ഗ്രീന്‍പീസ്’ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ”ഞങ്ങള്‍ക്ക് കാലാവസ്ഥ നേതാവായ പ്രധാനമന്ത്രിയെയാണ് വേണ്ടത്. പ്രകൃതിക്ക് തീയിടുന്നയാളെയല്ല.
കാട്ടുതീയും വെള്ളപ്പൊക്കവും ലോകമെമ്പാടും വീടുകളെയും ജീവിതങ്ങളെയും നശിപ്പിക്കുമ്പോഴാണ് ഋഷി സുനക് എണ്ണ-പ്രകൃതിവാതക ഖനനം വിപുലീകരിക്കുന്നതിന് ശ്രമിക്കുന്നത്” -ഗ്രീന്‍പീസ് കാലാവസ്ഥ പ്രചാരകന്‍ ഫിലിപ്പ് ഇവാന്‍സ് പറഞ്ഞു. പ്രധാനമന്ത്രിയും കുടുംബവും കാലിഫോര്‍ണിയയില്‍ അവധി ആഘോഷത്തിലാണ്.