മലപ്പുറം: ഇസ്രായേലില്‍ തീര്‍ഥാടകസംഘത്തില്‍ നിന്ന് മുങ്ങിയ ഏഴ് മലയാളികള്‍ക്കായി വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി.
ആഭ്യന്തര വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസും മുങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി മലപ്പുറത്തെ ട്രാവല്‍സ് വഴി യാത്ര തിരിച്ചവരുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ഇടുക്കി ഡി സി ആര് ബി ഡി വൈ എസ് പി കെ ആര് ബിജുവിന് ആണ് അന്വേഷണ ചുമതല.
അതേസമയം സംസ്ഥാനത്ത് നിന്ന് ഇസ്രായേലില്‍ കാണാതായ തിരുവനന്തപുരം, കൊല്ലം സ്വദേശികളെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ശേഖരിക്കുന്നുണ്ട്. തീര്‍ത്ഥാടക സംഘത്തിനൊപ്പം പോയി ഇസ്രായേലിലെത്തി മുങ്ങുന്നവരെ സഹായിക്കുന്ന സംഘം ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മലപ്പുറത്തെ ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കിയ തീര്‍ത്ഥാടന യാത്രയുടെ ഭാഗമായി പോയ ഏഴ് പേരെയാണ് കാണാതായിരിക്കുന്നത്. ജൂലൈ 25 ന് ആണ് സംഘം യാത്ര തിരിച്ചത്. ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ
വെള്ളിയാഴ്ച സംഘം ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദിസ് സന്ദര്ശിച്ചതിനിടെയാണ് ഏഴ് പേരും മുങ്ങിയത്. ഇവര്‍ ബോധപൂര്‍വം കടന്ന് കളഞ്ഞതാണ് എന്നാണ് ട്രാവല്‍സ് അധികൃതര്‍ ആരോപിക്കുന്നത്. കാണാതായ ഏഴ് പേര്‍ക്കും വേണ്ടി പണമടച്ചത് സുലൈമാന്‍ എന്നയാളാണ് എന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇത് ഇയാളുടെ വ്യാജപേരാണെന്നും സോളമന് എന്നാണ് യഥാര്‍ത്ഥ പേര് എന്നും വ്യക്തമായിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് അടൂര്‍ ശാഖയില്‍ നിന്നാണ് ഓണ്‍ലൈനായി ഏഴ് പേര്‍ക്കുള്ള പണ് അയാള്‍ അടച്ചത്.
ഇസ്രായേലിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ലോബിയുടെ ഭാഗമാണ് ഇയാള്‍ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. നിലവില്‍ ഇയാളും ഒൡവിലാണ്. കേരളത്തിലെ വിവിധ ട്രാവല്‍സുകള്‍ വഴി സമാന രീതിയില്‍ ഇസ്രായേലിലേക്ക് കടന്ന് കളഞ്ഞവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ജൂലൈ 25ന് പുറപ്പെട്ട സംഘത്തിലെ ബാക്കി യാത്രക്കാര്‍ വെള്ളിയാഴ്ച കരിപ്പൂരില്‍ വിമാനമിറങ്ങും.