ഇസ്‍ലാമാബാദ് : കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് വീണ്ടും മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ടതിനു പിന്നാലെ പാകിസ്താൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു.
ആദ്യ നടപടിയായി കാലാവധി കഴിയുന്ന മുറക്ക് ആഗസ്റ്റ് 12ന് പാക് പാര്‍ലമെന്റ് പിരിച്ചുവിടും.
ഭരണഘടന ചട്ടപ്രകാരം പിരിച്ചുവിട്ട് 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. എന്നാല്‍, തെരഞ്ഞെടുപ്പ് നീണ്ടേക്കുമെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് സൂചന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മേയില്‍ പുറത്തുവന്ന പുതിയ കാനേഷുമാരി പ്രകാരം മണ്ഡല പുനര്‍നിര്‍ണയത്തിന് സമയമെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്ന കാരണം.
അഴിമതി ആരോപിക്കപ്പെട്ട് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇംറാൻ പുറത്താക്കപ്പെടുന്നത്. തൊട്ടുപിറകെ പാകിസ്താൻ മുസ്‍ലിം ലീഗും പാകിസ്താൻ പീപ്ള്‍സ് പാര്‍ട്ടിയും ഒന്നിച്ച് മന്ത്രിസഭ രൂപവത്കരിക്കുകയായിരുന്നു. 18 മാസമായിട്ടും ഈ സഖ്യത്തിനു വേണ്ടത്ര ജനകീയ പിന്തുണ ആര്‍ജിക്കാനായിട്ടില്ല.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങള്‍ വില്‍പന നടത്തിയ കണക്ക് വെളിപ്പെടുത്തിയില്ലെന്നു കാണിച്ച് കോടതി അടുത്തിടെ മൂന്നു വര്‍ഷം തടവു വിധിച്ച് ജയിലിലടച്ചിരുന്നു. അഞ്ചു വര്‍ഷം രാഷ്ട്രീയ വിലക്കും വീണു. ഇതിനെതിരെ ഇസ്‍ലാമാബാദ് ഹൈകോടതിയില്‍ ഇംറാൻ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 200 ഓളം കേസുകള്‍ ഇംറാനെതിരെയുണ്ട്. ഇവയെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണം.