Wednesday, March 12, 2025

HomeArticlesArticlesട്രൂഡോ, പഴയ ഇന്ത്യയല്ല നവഭാരതം.

ട്രൂഡോ, പഴയ ഇന്ത്യയല്ല നവഭാരതം.

spot_img
spot_img

പി ശ്രീകുമാര്‍

ഭാരതവും കാനഡയും തമ്മില്‍ നയതന്ത്ര മേഖലയില്‍ നടന്നുവരുന്ന ഏറ്റുമുട്ടലുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലാണ് വരുത്തിയിരിക്കുന്നത്. ഖാലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിരുത്തരവാദപരമായ ആരോപണമാണ് ബന്ധം വഷളാകാനുള്ള പെട്ടന്നുള്ള കാര്യം. ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ സ്വാഭാവികമായി ഭാരതം തള്ളി. അക്രമ സംഭവങ്ങളുമായി ഭാരതത്തിന് പങ്കില്ലെന്നും, തെളിവുകളില്ലാതെ ഇത്തരം ആരോപണമുന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിലപാടെടുത്തു. തെളിവുകളൊന്നും ഇല്ലാതെതന്നെ ട്രൂഡോ ആരോപണം ആവര്‍ത്തിച്ചു. മാത്രമല്ല കാനഡയിലെ ഭാരത നയതന്ത്ര പ്രതിനിധിയെ പുറത്താക്കി. ഇതിനുള്ള തിരിച്ചടിയെന്നോണം കാനഡയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ ഭാരതവും പുറത്താക്കി. കനേഡിയന്‍ പൗരന്മാര്‍ക്ക് താത്കാലികമായി വിസ നിഷേധിക്കുന്ന കടുത്ത തീരുമാനമെടുത്തിരിക്കയാണ് ഭാരതം. ഭാരതത്തിലും കാനഡയിലുമുള്ള സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു
ഭാരതവിരുദ്ധരായ ഖാലിസ്ഥാന്‍ ഭീകരവാദികളുടെ താവളമായി കാനഡ മാറിയിട്ട് വളരെക്കാലമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ സൃഷ്ടിച്ച കനിഷ്‌ക വിമാനദുരന്തത്തിനു പിന്നില്‍ കാനഡയുടെ കയ്യുണ്ടെന്ന് കരുതപ്പെടുന്നു. കാനഡയില്‍ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഖാലിസ്ഥാന്‍ ഭീകരവാദികള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കനേഡിയന്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികള്‍ക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്കെതിരായുള്ള ഭാരതത്തിന്റെ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്.
ഖലിസ്ഥാന്‍ പ്രസ്ഥാനം പോലുള്ള സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍ ഭാരതത്തിലെ ഭരണകൂടത്തെ വെല്ലുവിളിക്കുമ്പോള്‍ കാനഡ പോലുള്ള ചില പാശ്ചാത്യരാജ്യങ്ങള്‍ വെറുതേ കണ്ടു നില്‍ക്കുക മാത്രമാണു ചെയ്യുന്നതെന്നാണ് ഭാരതത്തിന്റെ നിലപാട്. കാനഡയിലെ സിഖ് സമൂഹം ഖലിസ്ഥാനുവേണ്ടി സംഘടിക്കുകയും ഭാരതത്തിന്റെ നയതന്ത്ര ദൗത്യങ്ങള്‍ തകര്‍ക്കുകയും നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോഴും കാനഡയിലെ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയത്വം പാലിക്കുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായി . ഖലിസ്ഥാന്‍ എന്ന ആവശ്യം പഞ്ചാബില്‍ എത്രയോ മുന്‍പുതന്നെ കെട്ടടങ്ങിക്കഴിഞ്ഞു . എണ്‍പതുകളിലെ തീവ്രവാദത്തിന്റെ പ്രക്ഷുബ്ധദിനങ്ങളെ പഞ്ചാബിലെ ഒട്ടുമിക്ക സിഖുകാരും ഇപ്പോള്‍ ഓര്‍ക്കുന്നുപോലുമില്ല. എന്നിട്ടും കാനഡയിലെയും ഓസ്‌ട്രേലിയയിലെയും യുകെയിലെയും സിഖ് സമൂഹങ്ങളിലെ ചിലരില്‍ ഖലിസ്ഥാന്‍ എന്ന ആശയം ഇന്നും സജീവമാണ്. ഒരു പ്രധാനമന്ത്രിക്ക ജീവന്‍ ബലിനല്‍കേണ്ടിവന്ന ഖലിസ്ഥാന്‍ വിഘടനവാദത്തെ ഭാരതം ഏതറ്റം വരെ ചെന്നും എതിര്‍ക്കും എന്നതില്‍ തര്‍ക്കമില്ല. ബിജെപി ആണോ കോണ്‍ഗ്രസാണോ ഭരിക്കുന്നത് എന്നത് ഇക്കാര്യത്തില്‍ പ്രസക്തമല്ല.
ഈയിടെ ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ ജസ്റ്റിന്‍ ട്രൂഡോയോട് കാനഡയിലെ തീവ്രവാദ സംഘടനകള്‍ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലുള്ള കടുത്ത ആശങ്ക നരേന്ദ്ര മോദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനം ലോകത്തിന്റെ ഏതുകോണില്‍ നടന്നാലും അംഗീകരിക്കില്ലെന്നും നേരിടുമെന്നുമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം. ഇതിനെ നയതന്ത്രബന്ധവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികള്‍ നരേന്ദ്രമോദിക്കൊപ്പമുണ്ട്.

ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയായ ഖലിസ്താന്‍ തീവ്രവാദത്തിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും സുരക്ഷിത താവളമൊരുക്കി പരമാധികാരത്തിന് വെല്ലുവിളിയുയര്‍ത്തുന്നത് കാനഡയുടെ നടപടികളാണ്. കനേഡിയന്‍ പൗരനാണെങ്കില്‍പ്പോലും ഭാരതത്തില്‍ തീവ്രവാദിപ്പട്ടികയിലുള്ള, ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളയാളാണ് നിജ്ജര്‍. മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന, സിഖ് യുവാക്കളെ തീവ്രവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന നിജ്ജറിനെപ്പോലുള്ളവരെ നിഷ്‌കളങ്കരായി വാഴ്ത്തുന്നതിനു പിന്നില്‍ ട്രൂഡോയുടെ വ്യക്തിപരമായ വോട്ടുബാങ്ക് രാഷ്ട്രീയലക്ഷ്യങ്ങളല്ലാതെ മറ്റൊന്നുമല്ലന്ന ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്..
ഖലിസ്താന്‍ വാദികളോട് മൃദുസമീപനം പുലര്‍ത്തുന്ന നിലപാട് കാനഡയില്‍നിന്നുണ്ടാകുന്നത് ആദ്യമായല്ല എ്ന്നതും കൂട്ടിവായിക്കണം. 268 കനേഡിയന്‍ പൗരന്‍മാരടക്കം 329 പേര്‍ വെന്തുമരിച്ച കനിഷ്‌ക വിമാനദുരന്തത്തിനുപിന്നിലും ഖലിസ്താന്‍ തീവ്രവാദികളായിരുന്നു. ഇന്ദിരാഗാന്ധിവധത്തെ ആഘോഷിച്ചുകൊണ്ട് ഖലിസ്താന്‍ തീവ്രവാദികള്‍ കാനഡയില്‍ റാലി നടത്തിയ സംഭവമുണ്ടായിട്ട് നാലുമാസമേ ആയിട്ടുള്ളൂ. അന്നും ഇന്ത്യ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാനഡയിലെ മറ്റ് ഇന്ത്യക്കാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഖലിസ്താന്‍ തീവ്രവാദികളില്‍നിന്ന് ഭീഷണികളും കൈയേറ്റങ്ങളും നിരന്തരമുണ്ടായിട്ടും ചെറുവിരല്‍പോലുമനക്കാന്‍ ട്രൂഡോ തയ്യാറായിട്ടില്ല. ഖലിസ്താന്‍ തീവ്രവാദികളുടെ ഭാരതവിരുദ്ധ സമീപനത്തെ അഭിപ്രായസ്വാതന്ത്ര്യമെന്ന പേരിട്ടാണ് ട്രൂഡോയുടെ കാനഡ ലാളിക്കുന്നത്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതിനെ അഭിപ്രായസ്വാതന്ത്ര്യമായി അംഗീകരിക്കാനാവില്ല. ഖാലിസ്ഥാന്‍ വാദികളുടെ പിന്തുണയോടെ ഭാരത സര്‍ക്കാറിനെതിരെ കര്‍ഷകരുടെ പേരില്‍ സമരം നടത്തിയപ്പോള്‍ സമരത്തെ പിന്തുണച്ച ഏക രാഷ്ട്രത്തലവനായിരുന്നു ട്രൂഡോ. ഭാരതത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യംചെയ്യുന്ന ഖലിസ്താന്‍ തീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണായി കാനഡ മാറുന്നത് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭാരതത്തിന് കഴിയും എന്ന തിരിച്ചറിവെങ്കിലും എടുത്തുചാട്ടത്തതിനു മുന്‍പ് കാനഡ പ്രധാനമന്ത്രി ഓര്‍ക്കണമായിരുന്നു.

ഭാരതത്തിനെതിരെ സ്വന്തം സഖ്യകക്ഷികളായ അമേരിക്കയുടെയും ബ്രിട്ടന്റെയും ആസ്‌ട്രേലിയയുടെയുമൊക്കെ പിന്തുണ കാനഡ തേടിയെങ്കിലും ഈ രാജ്യങ്ങള്‍ അതിന് വിസമ്മതിച്ചു. ഇത് ട്രൂഡോ പ്രതീക്ഷിച്ചതല്ല. മാറിയ സാഹചര്യത്തില്‍ ഒരു വന്‍ശക്തിയായാണ് ഭാരതത്തെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാണുന്നത്. ഭാരതവുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഒരു തരത്തിലും ഈ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജി20 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കാണിച്ച ആദരവ് ഇതിനു തെളിവാണ്. ഇതൊന്നും ശരിയായി മനസ്സിലാക്കാതെയാണ് തന്റെ രാജ്യവുമായി യാതൊരു താരതമ്യവുമില്ലാത്ത ഭാരതവുമായി ട്രൂഡോ ഏറ്റുമുട്ടാനൊരുങ്ങിയത്. കുറഞ്ഞപക്ഷം പഴയ ഇന്ത്യയല്ല നവഭാരതം എന്ന തിരിച്ചറിവെങ്കിലും ട്രൂഡോയക്ക് വേണമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments