റോം :ഇറ്റാലിയന്‍ ഗ്രാമത്തില്‍നിന്ന് പൂച്ചകളെ കാണാതാകുന്നതിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വടക്കന്‍ ഇറ്റാലിയന്‍ പ്രവിശ്യയായ പാര്‍മയിലെ ലെസിഞ്ഞാനോ ഡി ബാഞ്ഞിക്കടുത്തുള്ള സാന്താ മരിയ ഡെല്‍ പിയാനോ പ്രദേശത്തെ ഒരു ഗ്രാമത്തില്‍ നിന്ന് നൂറുകണക്കിന് പൂച്ചകളെയാണ് ഈ വേനല്‍ക്കാലത്തു മാത്രം കാണാതായത്.
മേയ് അവസാനം മുതല്‍ പൂച്ചകളെ കാണാതായതായി പരാതികളുണ്ടെന്നും ഇവയെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രദേശത്തെ മൃഗഡോക്ടര്‍ ലുവാന ജിയൂസ്തി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളിലെ കണക്കെടുത്താല്‍, പ്രദേശത്തെ വീടുകളിലും പൊതു സ്ഥലങ്ങളിലും നിന്ന് അന്‍പതിലധികം പൂച്ചകളെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന പൂച്ചകളാണു കാണാതായവയില്‍ അധികവും.
വില്‍പ്പന നടത്തുന്നതിനല്ല പൂച്ചക്കളെ മോഷ്ടിച്ചതെന്നാണ് അധികൃതരുടെ നിഗമനം. കാരണം, കാണാതായ പൂച്ചകളൊന്നും തന്നെ വിലപിടിപ്പുള്ളതോ ഉയര്‍ന്ന സ്പീഷിസില്‍പ്പെട്ടവയോ അല്ല. പൂച്ചകളെ മരിച്ച നിലയിലോ പരുക്കേറ്റ നിലയിലോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ റോഡപകടങ്ങളില്‍പ്പെട്ട് മരിച്ചതായും കരുതാനാവില്ല.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിക്കാന്‍ പൂച്ചകളെ മോഷ്ടിക്കുന്ന ഒരാളെ സമീപ പ്രദേശത്തുനിന്നു പിടികൂടിയിരുന്നു. എന്നാല്‍ നിലവിലെ സംഭവത്തില്‍ ഇയാള്‍ക്കു പങ്കില്ല എന്നാണു പൊലീസ് പറയുന്നത്. ഇറ്റാലിയന്‍ പൊലീസ് വിഭാഗമായ കരബിനിയേരി, ഫോറസ്ട്രി പൊലീസ്, ലോക്കല്‍ പോലീസ് എന്നിവരുടെ സംഘം പൂച്ചകളെ കാണതാകുന്നതിലെ നിഗൂഢത സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.