കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്റെ ചുമതല ഏറ്റെടുക്കുമെന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വരുമാനമുള്ള പദവിയല്ലെന്നും ശമ്ബളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നുമുള്ള മന്ത്രിയുടെ ഉറപ്പുള്ളതുകൊണ്ടാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.
‘കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തും ഇൻഫര്‍മേഷൻ ആൻഡ് േബ്രാഡ്കാസ്റ്റിങ് മന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് നന്ദി. 100 ശതമാനം ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്ബളമുള്ള ജോലിയല്ലെന്നും രാഷ്ട്രീയക്കാരന്റെ എല്ലാ സ്വാതന്ത്ര്യവും തുടര്‍ന്നും വഹിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പോടെയാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. അതിനാല്‍ കേന്ദ്ര ഇൻഫര്‍മേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശിച്ച തീയതിയിലും സമയത്തും ഞാൻ ചെയര്‍മാനായി ചുമതലയേല്‍ക്കും. എനിക്കുവേണ്ടി പ്രാര്‍ഥിക്കുക, അതുവഴി ലോകപ്രശസ്തനായ ഇന്ത്യൻ സിനിമയിലെ ഷേക്സ്പിയറുടെ പേരിന് സര്‍ഗാത്മതയിലൂടെ ഞാൻ തിളക്കം നല്‍കും’, സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചത്. എന്നാല്‍, നിയമനത്തില്‍ സുരേഷ് ഗോപി അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.