Monday, December 23, 2024

HomeNewsKeralaബിഷപ്പിനെതിരെ കേസെടുക്കില്ല, ആദരണീയരായ വ്യക്തികളില്‍ നിന്നു തെറ്റായ വെളിപ്പെടുത്തല്‍ പാടില്ല: മുഖ്യമന്ത്രി

ബിഷപ്പിനെതിരെ കേസെടുക്കില്ല, ആദരണീയരായ വ്യക്തികളില്‍ നിന്നു തെറ്റായ വെളിപ്പെടുത്തല്‍ പാടില്ല: മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം : വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പാലാ രൂപത ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ‘നര്‍കോട്ടിക് (മയക്കുമരുന്ന്) മാഫിയയെ മാഫിയയായി കാണണം. അതിന് ഏതെങ്കിലും മതചിഹ്നം നല്‍കാന്‍ പാടില്ല. അത് ആ മതത്തിലുള്ളവരെ വ്രണപ്പെടുത്തും. അത്തരം സമീപനം ആദരണീയരായ വ്യക്തികളില്‍ നിന്നുണ്ടാകരുത്. നര്‍കോട്ടിക് ജിഹാദ് എന്നത് ഇതുവരെ ആരും കേള്‍ക്കാത്ത കാര്യമാണ്. അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

പെണ്‍കുട്ടികളെ ആഭിചാര പ്രയോഗത്തിലൂടെ വശീകരിക്കുന്നു എന്നൊക്കെ പറയുന്നത് നാടുവാഴിക്കാലത്തെ സംസ്കാരത്തിന്റെ ഭാഗമാണ്. ഉയര്‍ന്ന ശാസ്ത്രബോധമുള്ള ഈ കാലത്ത് അതൊന്നും ചെലവാകില്ല.

സമുദായം എന്ന നിലയ്ക്ക് അംഗങ്ങളുടെ കാര്യം അവര്‍ ആലോചിക്കും. ബന്ധപ്പെട്ട വിഭാഗങ്ങളോടു കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യും. അതില്‍ കുറ്റം കാണുന്നില്ല. അതാണ് ജോസ് കെ.മാണിയും പറഞ്ഞത്. എന്നാല്‍ അതിനായി മറ്റേതെങ്കിലും മതചിഹ്നം ഉപയോഗിക്കുന്നതാണു പ്രശ്‌നം. മതസ്പര്‍ധ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തങ്ങളുടെ വിഭാഗത്തിന് ആവശ്യത്തിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നെന്നും പാലാ ബിഷപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ പ്രകോപിതരാകാതിരിക്കുകയാണു വേണ്ടത്.

ഏതു വിഷയവും ചര്‍ച്ച ചെയ്തു പരിഹരിക്കാറുള്ള സമൂഹത്തിന്റെ പ്രത്യേകത നിലനിര്‍ത്താനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നാടിന്റെ മതനിരപേക്ഷ സ്വഭാവം നിലനില്‍ക്കണമെന്നാണ് എല്ലാ സമുദായങ്ങളിലെയും ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. അതിനു വിരുദ്ധമായ ഒരു നീക്കവും ഉണ്ടാകാതിരിക്കുക എന്നതു പ്രധാനമാണ്. വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എവിടെയെങ്കിലും ചാരി തങ്ങള്‍ക്ക് ഇടം കിട്ടുമോ എന്നു ശ്രമിച്ചു നോക്കും. എല്ലാവരും അതു മനസ്സിലാക്കണം.

സമുദായ നേതാക്കളുടെ യോഗം വിളിച്ചു പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നല്ല നിര്‍ദേശമാണ്. അതിന്റെ സാധ്യത ആരായും. എന്നാല്‍ വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ല. പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കും’ – മുഖ്യമന്ത്രി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments